ദുബായ്: മോശം കാലാവസ്ഥ തുടരുന്നതിനാൽ പൊടിക്കാറ്റും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ ഓഫീസ്. വാഹനവുമായി നിരത്തിലിറങ്ങുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം സൂക്ഷിക്കണമെന്നും കാഴ്ചയെ തടസപ്പെടുത്തുന്ന തരത്തിലായിരിക്കും പൊടിക്കാറ്റിന്റെ ശല്യമുണ്ടാകുകയെന്നും മുന്നറിയിപ്പുണ്ട്.

കിഴക്കൻ മേഖലകളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. കനത്ത മഴ ഇവിടങ്ങളിൽ പ്രതീക്ഷിക്കാം. പശ്ചിമേഷ്യയിൽ ഈ ദിവസങ്ങളിൽ ആഞ്ഞടിച്ച പൊടിക്കാറ്റിൽ ഏതാനും പേർ മരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയെന്നോണം എമിറേറ്റിൽ വീശുന്ന കാറ്റ് നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ ഓഫീസ് മുന്നറിയിപ്പു നൽകുന്നത്.

രാജ്യത്ത് പൊടിക്കാറ്റ് സാധാരണമാണെങ്കിലും ഈ ദിവസങ്ങളിൽ വീശുന്ന കാറ്റ് ഇതിൽ നിന്നും ഏറെ വിഭിന്നമായിരിക്കുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. മേഖലയെ മുഴുവൻ വിഴുങ്ങാൻ കെല്പുള്ള പൊടിക്കാറ്റാണ് ഈ ദിവസങ്ങളിൽ വീശാൻ ഒരുങ്ങുന്നത്. ഇതിനെതിരേ ഏവരും ജാഗരൂകരായിരിക്കണമെന്നും നിർദേശമുണ്ട്. വിവിധയിടങ്ങളിൽ വീശുന്ന പൊടിക്കാറ്റിന്റെ ദൃശ്യങ്ങൾ ജനങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നുണ്ട്.