ദോഹ: ഇന്നുമുതൽ ഖത്തറിൽ വീണ്ടും പൊടിക്കാറ്റടിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം. കാറ്റ് അടുത്തയാഴ്ച അവസാനംവരെ തുടരുമെന്നാണു പ്രവചനം. ഇന്ത്യൻ മൺസൂണിന്റെ ഭാഗമായി വടക്കൻ അറേബ്യൻ പെനിൻസുലയ്ക്കു മുകളിൽ രൂപംകൊള്ളുന്ന അതിമർദ പാത്തിയാണ് അതിശക്തമായ കാറ്റിനു കാരണം.

നാളെയും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമാകും കാറ്റ് കരുത്താർജിക്കുക.നാളെ മണിക്കൂറിൽ 29 മുതൽ 46 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് പല സ്ഥലങ്ങളെയും പൊടികൊണ്ടുമൂടും. ഹൈവേകളിൽ ദൂരക്കാഴ്ച രണ്ടുകിലോമീറ്ററിലും താഴെയാകും. കാറ്റ് കടൽക്ഷോഭത്തിനും കാരണമാകും.

വെള്ളിയാഴ്ച ഉച്ചമുതൽ ശനിയാഴ്ച ഉച്ചവരെ കടലിൽ അഞ്ചുമുതൽ പത്ത് അടി വരെ തിരമാലകൾ ഉയർന്നുവീശാം. പകൽ താപനില 41 മുതൽ 44 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തും. കനത്ത കാറ്റുള്ളപ്പോൾ കടലിൽപോകുന്നത് ഒഴിവാക്കണമെന്നു കാലാവസ്ഥാ നിരീക്ഷണവിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.