കുവൈത്തിൽ ജനജീവിതം ദുസ്സഹമാക്കി പൊടിക്കാറ്റ് വീശി. ഇന്നലെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതിയിൽ അടിച്ച കാറ്റ് കാലാവസ്ഥാ മാറ്റത്തിന്റെ വരവറിയിച്ചാതെണെന്നാണ് സൂചന. പൊടിക്കാറ്റിന്റെ ശക്തിയിൽ ചില പ്രദേശങ്ങളിൽ കാഴ്ച പരിധി 1000 മീറ്റർവരെ കുറയുകയും സമുദ്രത്തിലെ തിരമാലകൾ ഏഴ് അടിവരെ ഉയരുകയും ചെയ്തതായി കാലവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൊടിക്കാറ്റിനെ തുടർന്ന് കാഴ്ച പരിധി വളരെ കുറഞ്ഞതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കാലാവസ്ഥ ചൂടിൽനിന്ന് തണുപ്പിലേക്ക് മാറുന്നതിന്റെ മുന്നോടിയായുള്ള ചില പ്രതിഭാസങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പൊടിക്കാറ്റെന്ന് വിവിധ കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിലും ഇതുപോലുള്ള അസ്ഥിരമായ കാലാവസ്ഥക്കാണ് സാധ്യത. അതോടൊപ്പം മണിക്കൂറിൽ 25 മുതൽ 50 വരെ കിലോമീറ്റർ വേഗമാർന്ന കാറ്റടിക്കാനും ഇടിയോടെയുള്ള മഴ പെയ്യാനും ഇടയുണ്ടെന്ന് നിരീക്ഷണമുണ്ട്.

പൊടിക്കാറ്റിനെ തുടർന്ന് അന്തരീക്ഷ ഊഷ്മാവിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. അതിനിടെ ബുധനാഴ്ചത്തേതുപോലെ വ്യാഴാഴ്ചയും രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുള്ളതായി കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ യാസിർ അൽബലൂശി പ്രവചിച്ചു. വെള്ളിയാഴ്ച രാജ്യത്ത് മഴപെയ്യാൻ നേരിയ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.