ദോഹ: രാജ്യത്ത് കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത ചൂടലും പൊടിക്കാറ്റിലും വലയുകയാണ് പ്രവാസികൾ ഉൾപ്പെട്ട ജനസമൂഹം. കനത്ത ചൂടിനൊപ്പം വീശിയടിക്കുന്ന പൊടിക്കാറ്റ് രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ജീവിതം സ്തംഭിപ്പിച്ചിരിക്കുന്നത്.

ഏപ്രിൽ രണ്ടിനു സൗദിയിൽനിന്നു വീശിയ കനത്ത മണൽക്കാറ്റ് ഖത്തറിനെ അടിമുടി പൊടിയിൽ മുക്കുകയും വ്യോമഗതാഗതം പോലും തടസ്സപ്പെടുത്തുകയും ചെയ്തിന് പിന്നാലെ ഇന്നലെയും ജനങ്ങളെ വെട്ടിലാക്കി വിമാന ഗതാഗതവും ട്രാഫിക് ഗതാഗതവും പൊതുസമൂഹത്തെ ദുരിതത്തിലാഴ്‌ത്തി.

ഇന്നലത്തെ പൊടിക്കാറ്റ് അത്ര ശക്തമല്ലായിരുന്നെങ്കിലും വിമാന സർവീസുകളെയും ചെറിയ തോതിൽ ബാധിച്ചു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നു ദോഹയിലേ ക്കുള്ള ഖത്തർ എയർവെയ്‌സ് വിമാനം കാറ്റുമൂലം ദുബായിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസു കൾക്കൊന്നുംതടസ്സമുണ്ടായില്ല.

ഈ ആഴ്ച അവസാനംവരെ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ദോഹയ്ക്ക് പുറമെ, അൽഖോർ, ഉംസലാൽ, അൽദയേൻ, അൽറയാൻ, അൽവക്ര, ഷമാൽ എന്നിവിടങ്ങളിലും പൊടിക്കാറ്റ് തുടരുകയാണ്. കനത്ത പൊടിക്കാറ്റിനെ ത്തുടർന്ന് ഖത്തർ അതിർത്തി പ്രദേശങ്ങളായ അൽഷറക്കിയ, അൽഅഷ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗദി അറേബ്യ തിങ്കളാഴ്ച അവധി നൽകിയിരുന്നു.

പൊടിക്കാറ്റ് ഇന്നലെ ചൂട് അൽപം കുറച്ചെങ്കിലും കാറ്റു ശമിക്കുന്നതോടെ ഖത്തർ ഉരുകിയൊലിക്കുന്ന ചൂടിലേക്കു വീഴുമെന്നുറപ്പായിക്കഴിഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചൂ ടാണ് ഏപ്രിൽ മധ്യത്തോടെ തന്നെ ഖത്തറിൽ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നത്. ഇങ്ങനെ പോയാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ എന്തായിരിക്കും അവസ്ഥയെന്നാണ് പ്രവാസികൾ പങ്കുവയ്ക്കുന്ന ആശങ്ക.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ