- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്ന് പരാതി; കേസെടുത്തു; ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാർ
കൊല്ലം: ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തുവെന്ന് പരാതിപ്പെട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടമാർ ഒ.പി ബഹിഷ്കരിച്ചു. വ്യാഴാഴ്ച രാത്രി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഗണേശാണ് ആക്രമണത്തിന് ഇരയായത്.
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ തന്റെ തൊട്ടടുത്ത വാർഡിൽ കിണറ്റിൽ വീണ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹവുമായി ആശുപത്രിയിൽ എത്തി. ആംബുലൻസിൽ മൃതദേഹം സൂക്ഷിച്ച ശേഷം പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും ഡോക്ടറോട് മരണം സ്ഥിരീകരിച്ച് നൽകണമെന്ന ആവശ്യപ്പെട്ടു.
മറ്റൊരു രോഗിക്ക് പ്ലാസ്റ്റർ ഇടുന്നതിന്റെ തിരക്കിലായിരുന്നതിനാൽ ഡോക്ടർ ഇവിടെ എത്താൻ വൈകി. തുടർന്ന് മരണം സ്ഥിരീകരിച്ച് നൽകണമെങ്കിൽ ആശുപത്രിയിൽ ഇ.സി.ജി എടുക്കണമെന്ന നടപടി ക്രമത്തെക്കുറിച്ച് പറഞ്ഞപ്പോൾ ക്ഷുഭിതനായ പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും ഡോക്ടറെ അസഭ്യം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
തന്നെ മർദിച്ചുവെന്ന് കാണിച്ച് ഡോക്ടർ നൽകിയ പരാതിയിൽ പ്രസിഡന്റിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഡോക്ടറെ മർദിച്ചാൽ അറസ്റ്റ് ചെയ്യണമെന്നാണ് സർക്കാർ ഉത്തരവ്. അതുകൊണ്ട് തന്നെ പ്രസിഡന്റ് ശ്രീകുമാറിനേയും ഒപ്പമുണ്ടായിരുന്നവരേയും അറസ്റ്റ് ചെയ്യേണ്ടി വരും.
അതേസമയം ഡോക്ടർ തങ്ങളെ മർദിച്ചുവെന്ന് കാണിച്ച് പരാതി കൊടുത്ത പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ ഒ.പി ബഹിഷ്കരിച്ച് സമരം. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ