ന്യൂഡൽഹി: ഇന്ത്യയിലേക്ക് രാജ്യാന്തര വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നു യാത്രക്കാർക്കു വാങ്ങാവുന്ന സാധനങ്ങളുടെ ഇളവ് വർദ്ധിപ്പിച്ചെന്ന മാദ്ധ്യമ വാർത്തകൾക്ക് വിശദീകരണവുമായി കസ്റ്റംസ് രംഗത്തെത്തി. ഇളവു നൽകിയത് നിബന്ധനകൾക്ക് വിധേയമായാണെന്ന് കസ്റ്റസ് വ്യക്തമാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് ഉയർത്തിയ പരിധി, കസ്റ്റംസ് തീരുവ ഇളവുകൾക്കകത്തുള്ളതാണെന്നു കസ്റ്റംസ് അറിയിച്ചു. നിബന്ധനകൾക്കു വിധേയമായി, 50,000 രൂപ വരെയുള്ള സാധനങ്ങൾ ഇനി തീരുവ ഇളവോടെ യാത്രക്കാർക്കു വിദേശത്തുനിന്നു കൊണ്ടുവരാം.

ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ചില യാത്രക്കാർ വിദേശത്തുനിന്നു സാധനങ്ങൾ വാങ്ങാതെ, ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ ആശ്രയിക്കാറുണ്ട്. ഇങ്ങനെയുള്ളവർ സാധനങ്ങളുടെ വില മുഴുവനായി വിദേശ കറൻസിയിൽ അടയ്ക്കണമെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിബന്ധന. പിന്നീട്, 5000 രൂപ വരെ ഇന്ത്യൻ കറൻസി നൽകാമെന്നാക്കി. ഈ പരിധിയാണ് ഇപ്പോൾ 25,000 രൂപയാക്കിയത്.

അതേസമയം, വില മുഴുവനായോ ഭാഗികമായോ വിദേശ കറൻസിയിൽ നൽകുന്നതിന് ഇപ്പോഴും തടസ്സമില്ലെന്നു കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്ന് ഇന്ത്യയിലേക്കു വരുമ്പോൾ 25,000 രൂപ വരെ ഇന്ത്യൻ കറൻസിയായി കൈവശം കരുതാനും ഇനി അനുവദിക്കും. രാജ്യാന്തര യാത്രക്കാരുടെ തീരുവ ഇളവുകളുടെ പരിധി ഉയർത്തിയിട്ടില്ലെന്നും കസ്റ്റംസ് അറിയിച്ചു. അതായത്, വിദേശത്തുനിന്നു കൊണ്ടുവരുന്നതും ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്നു വാങ്ങിയതും ചേർത്ത് 50,000 രൂപ വരെയുള്ള ബാഗേജുകൾക്കാണു കസ്റ്റംസ് തീരുവ സൗജന്യം ലഭിക്കുക.

രാജ്യത്തെ രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യുന്നവർക്കു ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നു സാധനങ്ങൾ വാങ്ങാവുന്നതിന്റെ പരിധി അഞ്ചിരട്ടിയായി വർധിപ്പിച്ചുവെന്നായിരുന്നു വാർത്തകൾ വന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയാണ് കസ്റ്റംസ് വിഭാഗം രംഗത്തെത്തിയത്.