ന്യൂഡൽഹി: കോൺഗ്രസിൽ മോദി സ്തുതികൾ തുടരുന്നു. ശശി തരൂരിന് പിന്നാലെ സംഘടനാ ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയും മോദിയെ പിന്തുണച്ച് വെബ് സൈറ്റിന് അഭിമുഖം നൽകി. വിവാദത്തെ തുടർന്ന് പ്രസ്താവന ഇറക്കി തടിതപ്പിയെങ്കിലും പാർട്ടിയിലെ കണ്ണിലെ കരടായി ദിവേദ്വി മാറിക്കഴിഞ്ഞു. ഇതിനിടെ പാർട്ടിക്ക് കല്ലുകടിയായി കപിൽ സിബലിന്റെ നടപടിയുമെത്തി.

വെബ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ മോദിയെ സ്തുതിക്കുകയും അദ്ദേഹത്തിന്റെ ഭാരതീയതയെ പുകഴ്‌ത്തുകയും ചെയ്താണു ദ്വിവേദി വാർത്താ താരമായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെയും ബിജെപിയുടെയും വിജയവും കോൺഗ്രസിന്റെ തോൽവിയും വിശകലനം ചെയ്യുന്ന മറുപടിയിലായിരുന്നു വിവാദ പരാമർശം. 'രാജ്യത്തെ ജനങ്ങളോടു കൂടുതൽ അടുത്തു നിൽക്കുന്നതു താനാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ മോദി വിജയിച്ചു, അദ്ദേഹത്തിന്റെ ജയം ഭാരതീയതയുടെ ജയമാണ് എന്നായിരുന്നു ദ്വിവേദിയുടെ അഭിപ്രായപ്രകടനം. വിവാദത്തെ തുടർന്ന് വിശദീകരണവുമായി ദ്വിവേദി രംഗത്ത് എത്തി.

എന്നാൽ തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് ദ്വവേദി പിന്നീട് വിശദീകരിച്ചു. മോദിക്ക് അനുകൂലമായി ഒന്നും പറഞ്ഞില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയുടെ സമ്മർദ്ദഫലമാണ് ഇതെന്നും വ്യക്തമാക്കി. ഇതേസസമയം, ശാരദ ചിട്ടി ഫണ്ട് കേസിൽ സുപ്രീം കോടതിയിൽ ബംഗാൾ സർക്കാരിന്റെ വക്കാലത്തെടുത്ത കപിൽ സിബലിനെതിരെ പരസ്യ നിലപാടെടുക്കാൻ കോൺഗ്രസ് നിർബന്ധിതമായി. കേസുകൾ ഏറ്റെടുക്കാൻ അഭിഭാഷകർക്ക് അവകാശമുണ്ടെങ്കിലും അഭിഭാഷകരായ രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണെന്നു വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

സിബലിന്റെ തീരുമാനം വേദനാജനകമാണെന്നും പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ സിബലിനെ അനുവദിക്കില്ലെന്നും ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരിയും പറഞ്ഞു. ലോട്ടറി കേസിൽ കേരള സർക്കാരിനെതിരെ പാർട്ടി വക്താവ് അഭിഷേക് മനു സിങ്‌വി ഹാജരായത് ഏതാനും വർഷം മുൻപു കോളിളക്കമുണ്ടാക്കിയിരുന്നു. സിങ്‌വിയെ വക്താവ് പദവിയിൽ നിന്നു കുറെക്കാലം മാറ്റിനിർത്തുകയും ചെയ്തു.

മോദി അനുകൂല പരാമർശം നടത്തിയ ശശി തരൂരിനെതിരെ നടപടി എടുക്കാൻ ഒരുങ്ങുമ്പോഴാണ് പുതിയ വെല്ലുവിളികൾ എന്നതാണ് ശ്രദ്ധേയം.