- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭരണകൂടത്തിന്റെ നുണകളെ തുറന്നുകാട്ടൽ ഓരോ പൗരന്റെയും അവകാശവും ചുമതലയും; ഭരണകൂടം അസത്യത്തെ കൂട്ടുപിടിക്കില്ലെന്ന് ജനാധിപത്യ രാജ്യങ്ങളിൽ പോലും പറയാൻ സാധിക്കില്ല: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്
ന്യൂഡൽഹി: സത്യം നിർണയിക്കാൻ ഭരണകൂടത്തെ മാത്രമായി ആശ്രയിക്കാനാകില്ലെന്നും, അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയൽ ഓരോ പൗരന്റെയും അവകാശവും ചുമതലയുമാണെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. സത്യസന്ധമായ വസ്തുത എന്തെന്ന് നിർവചിക്കാൻ ഭരണകൂടങ്ങൾക്ക് മാത്രമായി കഴിയില്ലെന്നും ഭരണകൂടം അസത്യത്തെ കൂട്ടുപിടിക്കില്ലെന്ന് ജനാധിപത്യ രാജ്യങ്ങളിൽ പോലും പറയാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓൺലൈനിൽ നടന്ന എം.സി. ചാംഗ്ള അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്. ആധുനിക ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് സത്യം. സത്യവും ജനാധിപത്യവും ഒന്നിച്ചുപോകണം. ജനാധിപത്യത്തിന് നിലനിൽക്കാൻ സത്യം കൂടിയേ തീരൂ. ഭരണകൂടത്തിന്റെ നുണകളെ തുറന്നുകാട്ടാൻ രാജ്യത്തെ ബുദ്ധിജീവികൾക്കും ബാധ്യതയുണ്ടെന്ന് നോം ചോംസ്കിയെ ഉദ്ധരിച്ച് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.
ഇന്ത്യൻ പൗരന്മാരെന്ന നിലക്ക് പൊതുസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. മുൻവിധികളില്ലാത്ത, പക്ഷപാതമില്ലാത്ത, സ്വാധീനത്തിന് വഴങ്ങാത്ത മാധ്യമങ്ങൾ നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അസത്യങ്ങൾക്കിടയിൽ നിന്നും സത്യം കണ്ടെത്താനും അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാനും സ്കൂളുകളിലും സർവകലാശാലകളിലും പഠിപ്പിക്കണം -ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
മറുനാടന് ഡെസ്ക്