കൊച്ചി: ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിന്റ പ്രതിനിധി സമ്മേളനത്തിന് കൊച്ചിയിൽ രാവിലെ തുടക്കമായി. ന്യൂനപക്ഷത്തിന് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഇന്ത്യയിൽ ഇന്നുള്ളതെന്ന് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത്കൊണ്ട് ഒഡീഷ ഹൈക്കോടതി മൂൻ ചീഫ് ജസ്റ്റിസ്സും എസ്എഫ്ഐ മുൻ കർണ്ണാടക സംസ്ഥാന പ്രസിഡന്റുമായ ഗോപാൽ ഗൗഡ കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ മതേതരത്വം സംരക്ഷിക്കാൻ ശ്രമിക്കാത്ത ഇന്നത്തെ സാഹചര്യത്തിൽ, ഡിവൈഎഫ്ഐ ഈ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ജസ്റ്റിസ്സ് ഗോപാൽ ഗൗഡ ആവശ്യപ്പെട്ടു. ഇന്ത്യയുടെ പോപ്പുലേഷന്റ 74 ശതമാനവും ഗ്രാമങ്ങളിലാണ്. ഗ്രാമങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കാത്തതാണ് രാജ്യത്തിന്റെ തൊഴിലില്ലായ്മയുടെ അടിസ്ഥാനം.

അയൽ രാജ്യമായ ചൈന ഗ്രാമങ്ങളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇതാണ് ചൈനയുടെ നേട്ടം. സ്വകാര്യ മേഖല കമ്പനികളിൽ സ്ത്രീകൾക്കും മറ്റ് വിഭാഗങ്ങൾക്കും സംവരണം നേടിയെടുക്കുന്നതിനായുള്ള സമരത്തിന് യുവാക്കൾ മുന്നോട്ട് വരണം. സ്വകാര്യ മേഖലയിൽ എല്ലാ വിഭാഗങ്ങൾക്കും സംവരണം ഉണ്ടെങ്കിൽ മാത്രമേ തൊഴിലില്ലായ്മ പൂർണ്ണമായും പരിഹരിക്കാനാകു. അദ്ദേഹം പറഞ്ഞു.

സ്വകാര്യ ചാനലുകളിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ എവിടേയും ചർച്ചചെയ്യപ്പെടുന്നില്ല. ഇത്തരം പ്രശ്നങ്ങൾ ഡിവൈഎഫ്ഐ സമ്മേളനം ചർച്ചചെയ്യണം. അവരുടെ പിഎഫ് അടക്കമുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ സമരവുമായി മുന്നോട്ട് വരണം. തൊഴിലില്ലായ്മയ്ക്കെതിരെ കേന്ദ്രസർക്കാർ ഇനിയെങ്കിലും കണ്ണ് തുറക്കണം. ജനാധിപത്യ സംവിധാനങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സംവരണം നേടിയെടുക്കാനും യുവാക്കൾ തന്നെ മുന്നോട്ട് വരണം. ജനാധിപത്യം പൂർണ്ണമാകാത്തത് ഭരാണാധികാരികളുടെ കഴിവുകേടുമൂലമാണെന്നും ജസ്റ്റിസ്സ് ഗോപാൽ ഗൗഡ കുറ്റപ്പെടുത്തി.

ഗോവിന്ദ് പൻസാരെയുടെ മരുമകൾ മേഘ പൻസാരെ, നരേന്ദ്ര ധാബോൽക്കറുടെ മകൻ ഹമീദ് ധബോൽക്കർ എന്നിവർ കലൂർ ഇന്റർ നാഷ്ണൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന രോഹിത് വെന്മൂല നഗറിന്റെ മുഖ്യആകർഷണമായി. ട്രാൻസ് ജെൻഡർ ശീതൾ ശ്യാമിനെ വേദിയിൽ ആദരിച്ചു.

ഞാറാഴ്ചവരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മുൻ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രഭാത് പട്നായിക്, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, രോഹിത് വെന്മൂലയുടെ മാതാവ് രാധിക വെന്മൂല, സഹോദരൻ രാജാ വെന്മൂല തുടങ്ങിയവർ പങ്കെടുക്കും. ഞാറാഴ്ച ഉച്ചതിരിഞ്ഞ മറൈൻ ഡ്രൈവിൽ(ഡിഡൽ കാസ്ട്രോ നഗർ) നടക്കുന്ന യുവജനറാലിയും പൊതുസമ്മേളനവും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്ഘാടനം ചെയ്യും.