- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചകവാതക വില വർദ്ധനവ്; മേഖലാ കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും; ഡിവൈഎഫ്‌ഐ
കോവിഡ് മഹാമാരി വരുത്തിവച്ച ദുരിതങ്ങൾക്ക് നടുവിലും കേന്ദ്രസർക്കാർ പാചക വാതക വില വർദ്ധിപ്പിക്കുകയാണ്. ഇത് ജനങ്ങൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്. വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് വൈകിട്ട് മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഗാർഹിക സിലിണ്ടറിന് അൻപത് രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 701 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് 27 രൂപയും വർധിപ്പിച്ചു. ഇതോടെ അത്തരം സിലണ്ടറുകൾക്ക് 1319 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ദുരിതങ്ങൾക്കിടയിലും വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി പകൽ കൊള്ളയാണ്. കോവിഡ് മഹാമാരിയും അത് വരുത്തിവച്ച ദുരിതങ്ങളും സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കി. എന്നിട്ടും രണ്ടാം തവണയാണ് കേന്ദ്രസർക്കാർ സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കുന്നത്. മുമ്പും അൻപത് രൂപ വീതമാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. മനുഷ്യത്വരഹിതമായ ഈ നടപടി അംഗീകരിക്കാനാകില്ല.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടുന്ന ഈ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് തൊഴിൽ നഷ്ടമായവർ നിരവധിയാണ്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവർ ഇന്നും നിത്യ ദുരിതത്തിലാണ്. ഈ സാഹചര്യത്തിലുള്ള പാചക വാതക വില വർദ്ധനവ് ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കൈപിടിച്ചുയർത്തേണ്ടവർ ജനങ്ങളെ തീരാ കയത്തിലേക്ക് തള്ളിവിട്ട് കൊള്ളലാഭം കൊയ്യുന്നത് അംഗീകരിക്കാനാകില്ല. ഇന്ധനത്തിന്റെ പാചകവാതകത്തിന്റെയും വില തുടർച്ചയായി വർധിപ്പിച്ച് ജീവിത ചെലവുകൾ ഉയർത്തുകയാണ് കേന്ദ്രസർക്കാർ. എന്നാൽ, കോർപ്പറേറ്റുകൾക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്രസർക്കാർ സാധാരണക്കാരുടെ ജീവിതഭാരം വർദ്ധിപ്പിക്കുകയാണ്.ജനങ്ങളെ പിഴിഞ്ഞ് ലാഭം കൊയ്യുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. പാചക വാതക വില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു