- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവജനങ്ങൾക്കൊപ്പം ഇടതുപക്ഷം; ബജറ്റ് സ്വാഗതാർഹം - ഡിവൈഎഫ്‌ഐ
യുവജനങ്ങൾക്ക് പ്രധാന പരിഗണന നൽകിയ സംസ്ഥാന സർക്കാരിന്റെ ബജറ്റ് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇടതുപക്ഷം എന്നും യുവജനങ്ങൾക്കൊപ്പം കൂടിയാണെന്ന് തെളിയിക്കുന്നതാണ് 2021 ലെ ബജറ്റ് പ്രഖ്യാപനങ്ങൾ. 20 ലക്ഷം പേർക്ക് അഞ്ച് വർഷംകൊണ്ട് ഡിജിറ്റൽ പ്ലാ്റ്റ്‌ഫോം വഴി ജോലി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും, 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യർക്കും 3 ലക്ഷം മറ്റുള്ളവർക്കും, പുതുതായി 2500 സ്റ്റാർട്ട്അപ്പുകൾ സംസ്ഥാനത്ത് ആരംഭിക്കും. ഇതിലൂടെ 20000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും.
സ്റ്റാർട്ട്അപ്പുകൾക്ക് 50 കോടി രൂപ അനുവദിക്കും, കേരള ഇന്നവേഷൻ ചലഞ്ച് പദ്ധതിക്കായി 40 കോടി. യുവ ശാസ്ത്രജ്ഞർക്ക് ഒരു ലക്ഷംരൂപയുടെ ഫെലോഷിപ്പ്, ആരോഗ്യവകുപ്പിൽ 4,000 തസ്തികകൾ സൃഷ്ടിക്കും, സ്ത്രീ പ്രൊഫഷണലുകൾക്ക് ഹ്രസ്വപരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കും, വർക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകൾ ലഭ്യമാക്കും, സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും, കമ്പനികൾക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും, മികച്ച യുവ ശാസ്ത്രജ്ഞന്മാരെ ആകർഷിക്കാൻ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്, 30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നൽകും, സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും.
ആയിരം പുതിയ അദ്ധ്യാപകരെ നിയമിക്കും. ഒഴിവുകൾ നികത്തും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനസൗകര്യം ലഭ്യമാക്കും 500 ഫെലോഷിപ്പുകൾ ആരംഭിക്കും. ഇരുപതിനായിരം കുട്ടികൾക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കും. ഇങ്ങനെ തൊഴിൽ - വിദ്യാഭ്യാസ മേഖലകളെയൊന്നാകെ പരിഗണിക്കുന്ന പ്രഖ്യാപനങ്ങൾ യുവതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. കോവിഡ് മഹാമാരി തൊഴിൽഘടനയെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് ലഭ്യമാക്കുന്ന സഹായങ്ങളും ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത്.
കഴിഞ്ഞ നാലര വർഷത്തിൽ പിഎസ്‌സി വഴിമാത്രം ഒന്നര ലക്ഷത്തിലധികം തൊഴിലുകൾ നൽകിയ ഇടതുപക്ഷ സർക്കാർ യുവാക്കളെ ചേർത്തുപിടിക്കുന്നതിന്റെ തെളിവാണിത്. കെ ഫോൺ ജൂലൈ മാസം പൂർത്തിയാകുമെന്നതും ബിപിഎല്ലുകാർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകുമെന്നതും കേരളത്തെ മുന്നോട്ട് നയിക്കുന്നതാണ്. തൊഴിലിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന ജനപക്ഷ സർക്കാരിന്റെ കാഴ്ചപ്പാട് നവകേരളത്തിന് കരുതുപകരുന്നതാണ്. കേരളത്തിന്റെ വരുംകാല വളർച്ചയ്ക്കും കൂടി ശക്തി പകരുന്ന ഇടതുപക്ഷ സർക്കാരിന്റെ ഈ ബജറ്റ് രാജ്യത്തിനും മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.