- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരമായ പൊലീസ് ഭീകരതയുടെ തീച്ചൂളയിലൂടെ കടന്നുവന്ന വ്യക്തിത്വം; കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പങ്കുവഹിച്ച ധീരവനിതയാണ് ഗൗരിയമ്മ; അനുശോചിച്ച് ഡിവൈഎഫ് ഐ
തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.
കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും സേവനോന്മുഖതയുടെയും പ്രതീകമായി കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞ് നിന്ന ഗൗരിയമ്മ, കേരളം കണ്ട പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു. ഏറ്റവും മികച്ച ഭരണ കർത്താക്കളിൽ ഒരാള്. 1957 - ലെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതൽ 2006-ലെ കേരള നിയമസഭ വരെയുള്ള കേരളത്തിന്റെ നിയമ നിർമ്മാണ സഭയുടെ ചരിത്രത്തിൽ വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം.
മികച്ച വാഗ്മിയും സംഘാടകയുമായിരുന്ന അവർക്ക് സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും ലഭിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഏറ്റുവാങ്ങേണ്ടി വന്ന കൊടിയ പീഡനങ്ങൾ അവരെ കൂടുതൽ കരുത്തുറ്റ കമ്മ്യൂണിസ്റ്റാക്കി മാറ്റുകയായിരുന്നു.
ക്രൂരമായ പൊലീസ് ഭീകരതയുടെ തീച്ചൂളയിലൂടെ കടന്നുവന്ന വ്യക്തിത്വം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പങ്കുവഹിച്ച ധീരവനിതയാണ് ഗൗരിയമ്മ. ഒരു ജനതയ്ക്കാകെ മാതൃകയും പ്രചോദനവുമായി മാറിയ വ്യക്തിത്വം. ഗൗരിയമ്മയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. കേരളജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.