മലപ്പുറം: സമൂഹമാധ്യമങ്ങൾ വഴി ചികിത്സ സഹായം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തി അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തനെ പിടികൂടാൻ സഹായിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് നേതാവും നാഗിലശ്ശേരി പഞ്ചായത്ത് അംഗവുമായ സലീം പെരിങ്ങോടും. ചികിത്സ സഹായം ആവശ്യപ്പെട്ട് കൊണ്ടുള്ള വ്യാജ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയ ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി മുഹമ്മദ് ഷനൂബിനെയാണ് ഇന്നലെ ചാലിശ്ശേരി സിഐ ശശീന്ദ്രൻ മേലയിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഷാനു എന്നറിയപ്പെടുന്ന ഷനൂബിന്റെ വീട്ടിൽ നിന്നാണ പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകരും വാർഡ് അംഗവുമാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇയാൾ നേരത്തെയും സമാനമായ തട്ടിപ്പുകൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
പെരിങ്ങോട് സ്വദേശിയുടെ രണ്ട് വയസ്സുള്ള ആൺകുട്ടി അപകടത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങൾ ചെലവ് വരുമെന്നും കാണിച്ചാണ് സമൂഹ മാധ്യമങ്ങൾ വഴി ഇയാൾ പ്രചാരണം നടത്തിയത്.

പെരിങ്ങോട് പറമ്പിൽ പീടികയിൽ ശരീഫ് -സുൽഫത്ത് ദമ്പതികളുടെ മകൻ രണ്ട് വയസുകാരൻ മുഹമ്മദ് സഫ്വാൻ തലക്ക് പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്നും കുഞ്ഞിന്റെ ചികിത്സാ ചെലവിനായി 100 രൂപ ചലഞ്ച് എന്ന പേരിൽ എല്ലാവരും സഹായിക്കണമെന്നുമാണ് പോസ്റ്റിൽ അഭ്യർത്ഥിച്ചിരുന്നത്. ഒരു കുഞ്ഞിന്റെ ചിത്രവും പണം അയക്കുന്നതിനായുള്ള അക്കൗണ്ട് നമ്പറും ഇതോടൊപ്പം നൽകിയിരുന്നു. ഷനൂബിന്റെ ഭാര്യയുടെ പേരിലുള്ള എസ്‌ബിഐ കൂറ്റനാട് ശാഖയിലുള്ള അക്കൗണ്ട് നമ്പറാണ് നൽകിയിരുന്നത്.

സാമ്യഹ മാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്ററുകൾ തട്ടിപ്പാണെന്ന് സംശയം തോന്നിയ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും, യൂത്ത് കോൺഗ്രസ്സ് നേതാവുമായ സലീം പേരിങ്ങോടും ഡിവൈഎഫ്ഐ പ്രവർത്തകരും അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. സലീം പെരിങ്ങോട് പൊലീസിലും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോസറ്ററിൽ പറഞ്ഞ തരത്തിലുള്ള അപകടം തൊഴുക്കാട് ഭാഗത്ത് നടന്നിട്ടില്ലെന്ന് കണ്ടെത്തി. പോസ്റ്ററിൽ പറഞ്ഞ വിലാസത്തിൽ അന്വേഷിച്ചപ്പോൾ അത്തരത്തിലൊരു കൂട്ടിയോ രക്ഷിതാക്കളോ ആ വിലാസത്തിൽ ഇല്ല എന്നും കണ്ടെത്തി.

കൊച്ചി അമൃത ആശുപത്രിയിൽ ഈ പേരിൽ രണ്ട് വയസുകാരൻ ചികിത്സയിലില്ലെന്നും തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയതോടെ തട്ടിപ്പ് സ്ഥിരീകരക്കുകയും ഷനൂബിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗൂഗിൾ പേ വഴിയാണ് ഷനൂബ് പണം ആവശ്യപ്പെട്ടിരുന്നത്. ഇതിലൂടെ ഒന്നര ലക്ഷം രൂപയോളം അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ നിർദ്ദേശ പ്രകാരം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. പ്രതി അറസ്റ്റിലായതോടെ പണം നൽകിയ നിരവധി പേർ ഇതിനോടകം പരാതിയുമായ രംഗത്ത് വന്നിട്ടുണ്ട്. ചിലരെല്ലാം പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ഷനൂബ് നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേ സമയം പ്രതി നിയമസഭ സ്പീക്കർ എംബി രാജേഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് തട്ടിപ്പിന് രാഷ്ട്രീയ മാനം നൽകാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഷനൂബീനെ ഡിവൈഎഫ്ഐ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്.