- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ തലമുടിയിഴകൾ ഓരോന്നായി പിഴുതെടുത്തുവെന്നും പേനകൊണ്ടു കുത്തി വേദനിപ്പിച്ചെന്നും അദ്ധ്യാപിക; ടോയിലറ്റിൽ പോകാൻ അനുവദിക്കാത്ത മാനസിക പീഡനം; ഏഴ് ലക്ഷം രൂപ നൽകണമെങ്കിൽ ചെലവാക്കിയതിന്റെ രേഖ വേണമെന്ന നിലപാട് പ്രകോപനമായി; ഗവർണ്ണർ ഇടപെട്ടിട്ടും നിസ്സാര വകുപ്പിട്ട് വെള്ളം ചേർത്ത് നേർപ്പിച്ച് കുറ്റപത്രം; പിന്നെ കേസ് പിൻവലിക്കാനുള്ള ഹർജിയും; ഡിവൈഎഫ് ഐ സെക്രട്ടറി റഹീമിനെ രക്ഷിക്കാനുള്ള നീക്കം പൊളിയുമ്പോൾ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് സർവ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ : വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസ് പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് ഡോ. വിജയലക്ഷ്മി കോടതിയിൽ കൗണ്ടർ ഹർജി ഫയൽ ചെയ്തു. കേസ് പിൻവലിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജിക്കെതിരെയാണ് പ്രൊഫസർ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തത്.
സർക്കാരിന്റെ കേസ് പിൻവലിക്കൽ ഹർജിയുടെ നിലനിൽപ്പും നിയമ സാധുതയും സെപ്റ്റംബർ 17 ന് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടു. ഇരയെ കേൾക്കാതെ കേസ് പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളിയിരുന്നു. ഇരയുടെ ഭാഗം കേൾക്കാതെ സർക്കാരിന്റെ പിൻവലിക്കൽ ഹർജിയിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറോട് വ്യക്തമാക്കി. ഇരയറിയാതെ രഹസ്യമായി കേസ് പിൻവലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതി ഇരയുടെ ഭാഗം കേൾക്കാനായി പ്രൊഫസർക്ക് നോട്ടീസയച്ചത്. തുടർന്നാണ് പ്രൊഫസർ സർക്കാരിന്റെ പിൻവലിക്കൽ ഹർജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സഹർജി സമർപ്പിച്ചത്.
ഡി വൈ എഫ് ഐക്കാരുടെ മാനസിക ശാരീരിക പീഡനത്തിനിരയായ ഡോ. വിജയലക്ഷ്മിയാണ് ആക്ഷേപം സമർപ്പിച്ചത്. സർക്കാർ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരം ഏകപക്ഷീയമായി സമർപ്പിച്ച കേസ് പിൻവലിക്കൽ ഹർജിക്കെതിരെയാണ് അദ്ധ്യാപിക കോടതിയിൽ തടസ ഹർജി സമർപ്പിച്ചത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ നേതാവും സിൻഡിക്കേറ്റംഗവും നിലവിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ എ. എ. റഹീം , ഡി വൈ എഫ് ഐ നേതാക്കളും മുൻ എസ് എഫ് ഐ പ്രവർത്തകരുമായ എസ്. അഷിദ , ആർ. അമൽ , പ്രദിൻ സാജ് കൃഷ്ണ , അബു. എസ്. ആർ , ആദർശ് ഖാൻ , ജെറിൻ , അൻസാർ . എം , മിഥുൻ മധു , വിനേഷ് .വി .എ , അപരൻ ദത്തൻ , ബി. എസ്. ശ്രീന എന്നിവരാണ് വിദ്യാർത്ഥികൾക്കൊപ്പം എക്കാലത്തു സഹയാത്രികയായി നിന്ന അദ്ധ്യാപികയെ മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.
2017 മാർച്ച് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കായുള്ള കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്‌സിറ്റി കലോൽസവ സമയത്ത് പ്രതികൾ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. എന്നാൽ യൂണിവേഴ്സിറ്റി ചട്ട പ്രകാരം മുൻപ് ഫണ്ടിൽ നിന്നും നൽകിയ തുകയുടെ ചിലവഴിക്കൽ രേഖകളായ ബില്ലുകൾ അടക്കമുള്ള പത്രിക ഹാജരാക്കിയാൽ മാത്രമേ ബാക്കി തുക അനുവദിക്കാൻ പാടുള്ളുവെന്ന് പ്രൊഫസർ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇരുനൂറോളം വിദ്യാർത്ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.
അദ്ധ്യാപികയെ തെറി വിളിക്കുകയും കസേരയിൽ നിന്ന് എണീക്കാൻ അനുവദിക്കാതെ തടഞ്ഞു വെച്ച് മുടിയിൽ പിടിച്ചു വലിക്കുകയും ഓരോ മുടിയിഴകളായി പിഴുതെടുക്കുകയും എസ് എഫ് ഐ വിദ്യാർത്ഥിനികൾ പേന കൊണ്ട് കുത്തുകയുും ടോയ്‌ലറ്റിൽ പോകാൻ അനുവദിക്കാതെയും കുടിവെള്ളം പോലും നൽകാതെയും മൂന്നു മണിക്കൂറുകൾ മാനസികമായും ശാരീരികമായൂം പീഡിപ്പിക്കുകയും ചെയ്തു. ഇനി ജോലിക്ക് വന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്എഫ്‌ഐക്കാരുടെ ഭീഷണി ഭയന്ന് പ്രാണഭയത്താൽ പ്രൊഫസർ തുടർന്ന് കുറച്ചു ദിവസം ജോലിക്ക് ഹാജരായില്ല. എന്നാൽ പിണറായി സർക്കാരിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിനു സമീപത്തുള്ള കന്റോൺമെന്റ് പൊലീസ് കേസെടുക്കാൻ തയ്യാറായില്ല.
കേസെടുക്കാതിരിക്കാൻ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള സ്വാധീനവുമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പൊലീസിൽ നിന്നും നീതി ലഭിക്കാത്തതിനാൽ അദ്ധ്യാപിക മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. എന്നാൽ നീതിയുടെ വാതിൽ അവിടെയും കൊട്ടിയടക്കപ്പെട്ടതോടെ അവസാന ആശ്രയമായി ഗവർണ്ണറെ നേരിൽ കണ്ട് സങ്കടം ബോധിപ്പിച്ചു. തുടർന്നാണ് അദ്ധ്യാപികയുടെ മൊഴി വാങ്ങി കേസെടുക്കാൻ കന്റോൺമെന്റ് പൊലീസ് തയ്യാറായത്. എന്നാൽ ഉന്നത സ്വാധീനത്താൽ എഫ് ഐ ആറിൽ വെള്ളം ചേർത്ത് സുപ്രധാന വകുപ്പുകൾ ഒഴിവാക്കി പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകളിട്ട് നാമ മാത്രമായി ഒരു കേസ് എടുക്കുകയായിരുന്നു.
സത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്നതിന് ചുമത്തേണ്ട ജാമ്യമില്ലാ വകുപ്പായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പായ 354 ബോധപൂർവ്വം കന്റോൺമെന്റ് പൊലീസ് എഫ് ഐ ആറിലും കുറ്റപത്രത്തിലും ഒഴിവാക്കി. വിചാരണയിൽ പ്രതികൾക്കനുകൂലമായി കൂറു മാറി മൊഴി നൽകുന്ന പ്രതികൾക്ക് വേണ്ടപ്പെട്ടവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിൽ കന്റോൺമെന്റ് പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവുമുണ്ട്.
മറുനാടൻ മലയാളി യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ ക്ലിക് ചെയ്യുക.