- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിപിഎം തള്ളിപ്പറഞ്ഞിട്ടും അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും അണികളുടെ പിന്തുണ; കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അർപ്പിക്കുന്നവരും തിരുത്തണമെന്ന് നിർദേശിച്ചു ഡിവൈഎഫ്ഐ; ഫാൻസ് ക്ലബ്ബുകൾ സ്വയം പിരിഞ്ഞുപോകണമെന്നും നിർദ്ദേശം
കണ്ണൂർ: സിപിഎമ്മിന് വേണ്ടി ഗുണ്ടാപ്രവർത്തനം നടത്തി തുടങ്ങി പിന്നീട് സ്വന്തം നിലയിൽ ക്വട്ടേഷൻ ഏറ്റെടുത്തു സ്വർണ്ണക്കടത്തുകാർക്ക് ഒത്താശ ചെയ്ത സഖാക്കൾ ഇന്ന് സിപിഎമ്മിന് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും പാർട്ടി തള്ളിപ്പറഞ്ഞു. എന്നാൽ, സിപിഎമ്മിന്റെ തള്ളിപ്പറയൽ കൊണ്ട് മാത്രം അണികൾ ഈ ഗുണ്ടകൾക്ക് നൽകുന്ന സപ്പോർട്ട് അവസാനിക്കുമെന്ന് കരുതുന്നില്ല. ഇടതു സൈബർ ഇടങ്ങളിൽ സഖാക്കളുടെ ഹീറോകളാണ് ഇവർ. സിപിഎമ്മിന്റെ വ്യവസ്ഥാപിത സംവിധാനത്തിനേക്കാൾ അണികളുടെ പിന്തുണ ഇവർക്ക് ലഭിക്കുന്നു. ഇത് സഖാക്കളെയും അലോസരപ്പെടുത്തി തുടങ്ങിയെന്ന് വേണം കരുതാൻ. ഇതോടെ കള്ളക്കടത്തു കാരെ തള്ളിപ്പറയണമന്ന അഭിപ്രായവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി.
കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അർപ്പിക്കുന്നവരും തിരുത്തണമെന്നാണ് ഡിവൈഎഫ്‌ഐയുടെ നിർദ്ദേശം. ഫാൻസ് ക്ലബ്ബുകൾ സ്വയം പിരിഞ്ഞുപോകണമെന്നും ഡിവൈഎഫ്ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ നിർദേശിച്ചു. അതേസമയം ഇന്ന് ചേരുന്ന സിപിഎം. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ക്വട്ടേഷൻ വിവാദം ചർച്ചയായേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
തിരഞ്ഞെടുപ്പ് അവലോകനം എന്ന അജണ്ടയാണ് ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് പോലുള്ള മണ്ഡലങ്ങളിൽ വോട്ട് കുറയാനുണ്ടായ കാരണം, പേരാവൂരിൽ ജയിക്കാൻ കഴിയാതിരുന്നതിന്റെ കാരണം, മതന്യൂനപക്ഷങ്ങളിൽ സിപിഎമ്മിന് സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ഇതാണ് യോഗത്തിലെ പ്രധാന അജണ്ട.
ഒരുപക്ഷെ ക്വട്ടേഷൻ വിവാദവും ചർച്ചയായേക്കുമെന്നാണ് വിവരം. എന്നാൽ ക്വട്ടേഷൻ വിവാദവിഷയം നേരത്തെ തന്നെ പാർട്ടി ദിവസങ്ങളോളം എടുത്ത് ചർച്ച ചെയ്യുകയും പരിഹാരം നിർദേശിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ സംഘങ്ങളെയും അവരുമായി ബന്ധപ്പെടുന്നവരെയും തള്ളിപ്പറഞ്ഞിരുന്നു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തിരുന്നു. പാർട്ടിയുമായി ബന്ധമുള്ള ഒരാൾക്കും ക്വട്ടേഷൻ ബന്ധങ്ങളില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഷാജിറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വന്നിരിക്കുന്നത്. യുവാക്കളിൽ വലിയൊരു വിഭാഗം ഇത്തരത്തിലുള്ള ആളുകളുടെ താരപരിവേഷത്തിലും വീരാരാധനയിലും മുഴുകി അവർക്ക് ലൈക്ക് അടിക്കുകയും ഫാൻസ് ക്ലബ് ഉണ്ടാക്കുകയും സ്നേഹാശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അത് പാടില്ലെന്നാണ് ഡിവൈഎഫ്ഐ. അറിയിക്കുന്നത്. അർജുൻ ആയങ്കിയുടെ വിവാഹ പാർട്ടിയിൽ ഒരുപാട് പേർ പങ്കെടുത്തിരുന്നു. മാത്രമല്ല, ആകാശ് തില്ലങ്കേരിയുടെ പിറന്നാൾ ആഘോഷത്തിലും നിരവധിപ്പേർ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ഫേസ്‌ബുക്ക് കുറിപ്പ് വരുന്നത്. പാർട്ടി ഗുണ്ടകൾക്കൊപ്പം അണികളുടെ പിന്തുണ വർധിപ്പിക്കുന്നത് ഡിവൈഎഫ്‌ഐ നേതാക്കളെ അലോസരപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ എന്നീ അഞ്ച് ബ്ലോക്ക് കമ്മിറ്റികൾക്കു കീഴിൽ നേരത്തെ ഡിവൈഎഫ്ഐ. ക്വട്ടേഷൻ സംഘത്തിനെതിരെ അവരുടെ പേര് എടുത്തുപറഞ്ഞുകൊണ്ട് വാഹനപ്രചാരണ ജാഥകൾ നടത്തുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ഈ ഫേസ്‌ബുക്ക് കുറിപ്പ്. ഡിവൈഎഫ്ഐയിലെയും എസ്.എഫ്.ഐയിലെയും യുവാക്കളും വിദ്യാർത്ഥികളും ക്വട്ടേഷൻ സംഘാംഗങ്ങളെ വീരാരാധനയോടെ കാണുന്നതും അവർക്ക് ഫേസ്‌ബുക്കിൽ ലൈക്ക് അടിക്കുന്നതും എല്ലാം തന്നെ അവസാനിപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
എം. ഷാജറിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പാർട്ടിയൊ,
ആര് ?
പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേർന്ന് ക്വട്ടേഷനും,
സ്വർണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരൊ ?
കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടി,
ഏത് നിറമുള്ള പ്രൊഫയിൽ വച്ചാലും അവർക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.
സോഷ്യൽ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുവാൻ എളുപ്പമാണ്.
ഇവിടെ നമ്മൾ കാണുന്നതും അത്തരം രീതി തന്നെയാണ്.
ചുവന്ന പ്രൊഫയിൽ വെച്ച് ആവേശം വിതറുന്ന തലക്കെട്ടിൽ തരാതരം ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയിൽ എത്തിക്കാം.
ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവർ 'നേതാക്കളായി' മാറി.
പകൽ മുഴുവൻ ഫെയ്സ് ബുക്കിലും,രാത്രിയിൽ നാട് ഉറങ്ങുമ്പോൾ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങൾ'.
കണ്ണൂരിന് പുറത്തുള്ളവർ സോഷ്യൽ മീഡിയ വഴി ഇവരുടെ ഫാൻസ് ലിസ്റ്റിൽ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്.
ഇപ്പൊഴും അവരിൽ ചിലർക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു.
കള്ളക്കടത്തുകാർക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അർപ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പിന്നീട് അപമാനിതരാകാതിരിക്കാൻ ഫാൻസ് ക്ലബ്ബുകാർ സ്വയം പിരിഞ്ഞ് പോവുക.
നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ
പ്രസ്ഥാനവുമായി ഇവർക്ക് ഒരു ബന്ധവും ഇല്ല.
ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോൾ തന്നെ, ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളിൽ DYFl കാൽനട ജാഥകൾ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്.
ഒടുവിൽ സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാർട്ടി നിലപാട് പറഞ്ഞിട്ടുമുണ്ട്.
അതിനാൽ സംശത്തിന് ഇടമില്ലാതെ
യാഥാർത്ഥ്യം തിരിച്ചറിയുക.
ഇത്തരം അരാജകത്വ സംഘങ്ങളിൽ നിന്നും നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരിക.