- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊക്ലിയിൽ കഞ്ചാവുമായി പിടിയിലായ വ്യക്തിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ; പിടിയിലായ അഷ്മീർ സംഘടനയിലെ പ്രവർത്തകനോ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഘടകത്തിലെ അംഗമോ അല്ലെന്ന് ഡിവൈഎഫ് തലശ്ശേരി ബ്ലോക്ക് കമ്മറ്റി
തലശ്ശേരി; തലശ്ശേരി ചൊക്ലിയിൽ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ വ്യക്തിക്ക് ഡിവൈഎഫ്ഐ സംഘടനയുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ വാടക വീട്ടിൽ തമാസിച്ചിരുന്ന അഷ്മീർ അനീസാണ് കഴിഞ്ഞ ദിവസം 7 കിലോ കഞ്ചാവുമായി പിടിയിലായത്.
ന്യൂമാഹി പഞ്ചായത്തിൽ നിന്നും അനുവദിച്ച് കോവിഡ് വളണ്ടിയർ പാസ് ഉപയോഗിച്ചാണ് ഇയാൾ കഞ്ചാവ് കടത്തിയത് എന്നായിരുന്നു വിവരം. അഷ്മീർ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോറിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് കടത്തിയത് എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ സാഹചര്യത്തിലാണ് അഷ്മീറിന് ഡിവൈഎഫ്ഐയുമായി ബന്ധമില്ലെന്ന് പറഞ്ഞ് കൊണ്ട് ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മറ്റി പ്രസ്താവന ഇറക്കിയിരിക്കുന്നത്. അഷ്മീറിന്റെ ഇടതു ബന്ധം സ്ഥിരീകരിക്കാൻ പൊലീസും തയ്യാറായിട്ടില്ല.
അഷ്മിറുമായി ബന്ധപ്പെടുത്തി ഡിവൈഎഫ്ഐ നേതാവ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത സത്യ വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പുറത്തിറിക്കിയ പ്രസ്താവനയിൽ പറയുന്നു. അഷ്മീർ സംഘടനയുടെ പ്രവർത്തകനോ, സംഘടനയുടെ തെരെഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും ഒരു ഘടകത്തിലോ അംഗമല്ല. കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നടത്തുന്ന വിവിധങ്ങളായിട്ടുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്.
ഇത്തരം പ്രവർത്തനങ്ങളുടെ മാറ്റ് കുറയ്ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചു വാർത്തകൾ വളച്ചൊടിച്ച് സംഘടനയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എതിരാളികൾ നടത്തുന്നത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 2 വർഷത്തിലധികമായി ഡിവൈഎഫ്ഐ പൊതിച്ചോർ നൽകി വരുന്നുണ്ട് .
ന്യൂമാഹി മേഖലാ കമ്മിറ്റി കഴിഞ്ഞ ജനുവരി മാസം 24 ന് ആണ് പൊതിച്ചോർ അവസാനമായി നൽകിയത്. സത്യം ഇങ്ങനെയാണെന്നിരിക്കെ പൊതിച്ചോറിന്റെ വിതരണമെന്ന പേരിൽ കഞ്ചാവ് കടത്തിയെന്ന വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നവർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകും. ഇന്നലെ നടന്ന സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെടുന്നു എന്നും ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ