തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സമ്മേളന ദിവസം മഴ മാറി നിൽക്കാൻ വേണ്ടി ഗണപതി ഹോമം നടത്തിയത് പുത്തൂർ മാവടിയിലെ ഡിവൈഎഫ്‌ഐ നേതാക്കളാണെന്നും ഇതിന് ഫലമുണ്ടാകുകയും ചെയ്തതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വാർത്തയും അതിലെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. പ്രതിരോധം തീർക്കാൻ മറ്റൊരു വാർത്ത പ്രചരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

ബാവലി പള്ളി മഖാം മദ്രസ കമ്മറ്റിയുടെ രസീത് കുറ്റിയാണ് പ്രചരിക്കുന്നത്. ഇത് പ്രകാരം ഇന്നാണ് പള്ളിയിൽ പൂമൂടലിനായി നേർച്ച നൽകിയത്. മാതൃഭൂമി ദിനപ്പത്രം മുസ്ലീങ്ങളെല്ലാം വായിക്കാൻ വേണ്ടി പട്ടു മൂടൽ. സംഭവന നൂറ് രൂപയെന്നാണ് രസീതിൽ കുറിച്ചിരിക്കുന്നത്. മാതൃഭൂമി മാനേജ്‌മെന്റോ ജീവനക്കാരോ ഒന്നുമല്ല ഇത്തരമൊരു നേർച്ച നൽകിയതെന്നതാണ് സൂചന. മഴ വാർത്ത മാതൃഭൂമി നൽകിയതിനുള്ള പ്രതികാരമാണ് ഈ രസീത്. ആർക്കും ആരേടേയും പേരിൽ എവിടേയും നേർച്ച നൽകാമെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.

മാതൃഭൂമിയുമായി ഈയിടെയുണ്ടായ വിവാദങ്ങളെ കൂടി സമർത്ഥമായി രസീതിലൂടെ ചർച്ചയാക്കാനുള്ള ശ്രമവും ഇതിലൂടെ നടക്കുന്നു. അങ്ങനെ ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പണികൊടുത്താൽ മറുപടി ഉറപ്പാണെന്ന് വിശദീകരിക്കുകയാണ് ബാവലി പള്ളിയിലെ നേർച്ച രസീതിലൂടെ. ഡിവൈഎഫ് ഐ സമ്മേളനത്തിലെ മഴ തന്നെയാണ് ഇതിന് കാരണം. സമ്മേളന ദിവസം അടുത്തപ്പോഴും മഴ മാറിനിൽക്കാതെ വന്നതോടെയാണ് ഡിവൈഎഫ്‌ഐയുടെ വക വഴിപാട് നടത്തിയതെന്നായിരുന്നു മാതൃഭൂമി ന്യൂസിലെ വാർത്ത.

പുത്തൂർ മാവടിയിലെ ഡിവൈഎഫ്‌ഐ നേതാക്കളാണ് താഴത്തു കുളക്കടയിൽ നടത്താൻ നിശ്ചയിച്ച മേഖലാ സമ്മേളനം മഴ കാരണം മുടങ്ങാതിരിക്കാനായി തിരുവമ്മൻകുന്ന് ഭഗവതിക്ക് ഒരു ഗണപതി ഹോമവും പായസവും വഴിപാട് കഴിപ്പിച്ചതെന്നായിരുന്നു വാർത്ത. ഒരു വശത്ത് തോരാതെ പെയ്യുന്ന മഴ, സമ്മേളനമാണെങ്കിൽ മാറ്റി വയ്ക്കാനും പറ്റില്ല. അതിനാൽ പരിപാടി മുടങ്ങാതിരിക്കാനായി മുന്നിൽ കണ്ട ഏക പോംവഴി വഴിപാട് നേരുക മാത്രമായിരുന്നു. പിന്നെ മറ്റൊന്നും പാർട്ടി നോക്കിയില്ല. വിശ്വാസത്തിന്റെ വഴിയെ തന്നെ നീങ്ങി. നൂറ് രൂപ ചിലവഴിച്ച് നടത്തിയ വഴിപാടിന് മേഖലാ കമ്മിറ്റിയുടെ പേരിൽ രസീതും വാങ്ങിയെന്നായിരുന്നു റിപ്പോർട്ട്.

വഴിപാടിന് ഫലമുണ്ടായി എന്നും മാതൃഭൂമി വിശദീകരിച്ചു. മഴ സമ്മേളന ദിവസം മാറി നിർന്നു. ഇതോടെ ഗംഭീരമായി തന്നെ സമ്മേളനവും നടന്നു. ഈ വാർത്തയ്ക്കുള്ള മറുപണിയാണ് മാതൃഭൂമി പത്രത്തിന്റെ പേരിൽ നൽകിയ നേർച്ചയും രസീതും. അർക്കും എവിടേയും ആരുടെ പേരിലും നേർച്ച നൽകാം. അത്തരത്തിലാണ് പുത്തൂരിലെ ഡിവൈഎഫ്‌ഐക്കാരെ വിവാദത്തിലേക്ക് കൊണ്ടുവന്നതെന്ന് വിശദീകരിക്കാനാണ് പുതിയ രസീതിലൂടെ ശ്രമിക്കുന്നതും. അതിൽ അവർ വിജയിച്ചെന്നും വിലയിരുത്താം.