കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സൗഹാർദ പ്രതിനിധിപ്പട്ടികയിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ ഒഴിവാക്കി. സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ബിനീഷിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് എം.സ്വരാജും എ.എൻ.ഷംസീറുമാണ്. കായികതാരം പി.യു.ചിത്രയ്ക്കും ഫുട്ബോൾ താരം സി.കെ. വിനീതിനുമൊപ്പം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കാനായിരുന്നു നീക്കം.

വിവാദങ്ങളിൽ തൊടാതെ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്. ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ യുവതി നൽകിയ പീഡനപരാതിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. ശബരിമല, മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശങ്ങളില്ല.

പി.കെ.ശശിയ്‌ക്കൊപ്പമുള്ള പി.രാജേഷിനെ സംസ്ഥാനസമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എം.സ്വരാജ് വ്യക്തമാക്കി. അത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് സ്വരാജ് പറയുന്നത്.കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ സംസ്ഥാനഭാരവാഹിത്വം ഒഴിഞ്ഞയാളാണ് പി.രാജേഷ്. രാജേഷ് വീണ്ടും പ്രതിനിധി സമ്മേളനത്തിനെത്തിയതിൽ സംസ്ഥാനനേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും രജിസ്‌ട്രേഷൻ പോലും നൽകരുതെന്ന് നിർദ്ദേശിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

നേരത്തേ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹിത്വത്തിലേക്കുള്ള നിർദിഷ്ട പട്ടികയ്‌ക്കെതിരെ പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള ഫ്രാക്ഷൻ യോഗത്തിൽ ഏകപക്ഷീയമായാണു പട്ടിക തയാറാക്കിയതെന്നും മുതിർന്ന നേതാക്കളെ ഒഴിവാക്കിയെന്നുമാണു പരാതി. ചില നേതാക്കൾ പരാതിയുമായി സിപിഎം നേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്.