- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലക്ഷദ്വീപിലെ ഡയറിഫാമുകൾ അടച്ചുപുട്ടാനുള്ള ഉത്തരവിനെ അനുകൂലിച്ച് ദ്വീപ് സിപിഎം സെക്രട്ടറി; പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയ സെക്രട്ടറിക്കെതിരെ നടപടിയില്ലാത്തിൽ പ്രതിഷേധിച്ച് രാജി സമർപ്പിച്ച് ഡിവൈഎഫ്ഐ പ്രസിഡന്റ്; രാജിവെച്ചത് ഡിവൈഎഫ്ഐ ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് കെകെ നസീർ
ലക്ഷദ്വീപ്: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പദ്ധതികളെ അനുകൂലിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു.ഡിവൈഎഫ്ഐ ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് കെകെ നസീറാണ് രാജിവച്ചത്.
രാജിക്കത്തിൽ നസീർ പറയുന്നത് ഇങ്ങനെ: ''ലക്ഷദ്വീപിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐഎമ്മും ഡിവൈഎഫ്ഐയും നടത്തിവരുന്ന സമര പോരാട്ടങ്ങൾക്ക് കോട്ടം തട്ടുന്ന വിധത്തിൽ പാർട്ടി വിരുദ്ധ പ്രസ്താവന മാധ്യമങ്ങളിലൂടെ പ്രസിദ്ധികരിച്ചതിന്റെ ഭാഗമായി ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറി അച്ചടക്ക നടപടി നേരിടാതെ തൽസ്ഥാനത്തു തുടരുന്നതിനാൽ പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് എന്ന സ്ഥാനം ഞാൻ ഇന്ന് ഒഴിയുന്നതായി അറിയിക്കുന്നു.''
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഉത്തരവിട്ടിരുന്നു. ഈ നടപടിയെയാണ് പാർട്ടി സെക്രട്ടറി ലുക്മാനുൽ ഹക്കീം ന്യായീകരിച്ചത്. സർക്കാർ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തിൽ കാര്യമില്ലെന്നുമായിരുന്നു ലുക്മാനുലിന്റെ പ്രതികരണം. ലക്ഷദ്വീപിൽ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂൽ ഒക്കെ ലക്ഷദ്വീപിൽ പണ്ടേ ഉണ്ടെന്നും ലുക്മാനുൽ പറഞ്ഞിരുന്നു.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. കവരത്തി, മിനിക്കോയ്, കൽപെയ്നി, അമേനി, ആന്തോത്ത് എന്നീ അഞ്ചു ദ്വീപുകളിലാണ് കലക്ടർ അസ്കർ അലി അടച്ചിടൽ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ജൂൺ ഏഴ് വരെയാണ് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവ ഉപയോഗിച്ച് ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.
അതേസമയം, ലക്ഷദ്വീപിൽ മറൈൻ വാച്ചർമാരെ പിരിച്ചുവിടുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. വനം, പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന 200 ഓളം പേരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. ദ്വീപിൽ നടക്കുന്ന പവിഴപുറ്റ് നശിപ്പിക്കൽ, ഡോൾഫിൻ, കടൽ വെള്ളരി വേട്ട തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാച്ചർമാരെ നിയമിച്ചിരിക്കുന്നത്. അവരെ പിൻവലിക്കുന്നത് ദ്വീപിന് വെല്ലുവിളിയാകും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിശദീകരണം.
അടുത്ത മൂന്ന് മാസം വരെ മറൈൻ വാച്ചർമാരുടെ സേവനം ആവശ്യമില്ലെന്ന തീരുമാനമാണ് അഡ്മിനിസ്ട്രേറ്റർ മുന്നോട്ടുവെച്ചിരിക്കുന്നത്. പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്ന മറൈൻ വാച്ചർമാർ ഒരു വർഷം മുമ്പാണ് തൽസ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ പാസിങ് ഔട്ട് പരേഡ് നടന്നത് അടുത്തിടെയായിരുന്നു.
ഇതിനിടെ ലക്ഷ്യദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണ വിരുദ്ധ നയങ്ങൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ചില ഭേദഗതികൾ സർക്കാർ ഇവ അംഗീകരിച്ചുകൊണ്ട് ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതാണ് ലക്ഷദ്വീപിലെ നടപടികൾ എന്ന് പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകൾ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിൽ ഉണ്ടായി. രാജ്യത്തിന്റെ ഒരുമയ്ക്കെതിരെ നിൽക്കുന്ന ശക്തികളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ