- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് നബിയുടെ വിവാഹത്തെക്കുറിച്ചുള്ള പരാമർശം തെറ്റായ അറിവിൽ നിന്നും; മാപ്പു പറഞ്ഞിട്ടും മുസ്ലിംലീഗും എസ്ഡിപിഐയും രാഷ്ട്രീയ ആയുധമാക്കുന്നു: സിപിഐ(എം) സസ്പെൻഡുചെയ്ത കണ്ണൂരിലെ യുവനേതാവ് മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
കണ്ണൂർ: കണ്ണൂരിൽ ഇ.എം.എസ് സ്മാരക വായനശാലയുടെ സാംസ്‌കാരിക സമ്മേളനത്തിൽ പ്രഭാഷകനായി എത്തിയപ്പോഴും അനിൽ ഒരിക്കലും കരുതിയിരുന്നില്ല വേദി വിട്ടിറങ്ങുന്നത് താൻ ഒരു ഇസ്ലാമിക വിരുദ്ധനും പ്രവാചക നിന്ദനുമായിട്ടാകുമെന്ന്. പ്രഭാഷണത്തിൽ പ്രവാചക വിവാഹത്തെകുറിച്ച് സ്വന്തമായൊരു നിരീക്ഷണം കൊണ്ടുവന്ന, അല്ലെങ്കിൽ വായനയിലെ പിശകുമൂലം തെറ്റിപ
കണ്ണൂർ: കണ്ണൂരിൽ ഇ.എം.എസ് സ്മാരക വായനശാലയുടെ സാംസ്‌കാരിക സമ്മേളനത്തിൽ പ്രഭാഷകനായി എത്തിയപ്പോഴും അനിൽ ഒരിക്കലും കരുതിയിരുന്നില്ല വേദി വിട്ടിറങ്ങുന്നത് താൻ ഒരു ഇസ്ലാമിക വിരുദ്ധനും പ്രവാചക നിന്ദനുമായിട്ടാകുമെന്ന്. പ്രഭാഷണത്തിൽ പ്രവാചക വിവാഹത്തെകുറിച്ച് സ്വന്തമായൊരു നിരീക്ഷണം കൊണ്ടുവന്ന, അല്ലെങ്കിൽ വായനയിലെ പിശകുമൂലം തെറ്റിപ്പോയ തന്റെ പ്രഭാഷണത്തിന്റെ പേരിൽ മതേതരവാദിയായ ഒരു യുവനേതാവിന് നഷ്ടപ്പെട്ടത് നിരവധി കാര്യങ്ങളാണ്. വായനയിലെ പിശകാണെന്നും അല്ലാതെ പ്രവാചകനിന്ദയോ മതനിന്ദയോ ആയിരുന്നില്ലെന്ന് ഒരു ചെറുപ്പക്കാരൻ ആണയിട്ടു പറഞ്ഞ് ക്ഷമാപണം നടത്തിയപ്പോഴും കുറെ ആളുകൾ വീണ്ടും ഇത് പ്രവാചക നിന്ദതന്നെയാണെന്ന് വരുത്തിതീർത്തു. ഇത്തരക്കാർക്ക് ആക്കം കൂട്ടിയതാകാട്ടെ അനിലിനെതിരിൽ സിപിഎമ്മിന്റെ സസ്പൻഷൻ നടപടിയുമായിരുന്നു. സിപിഐ(എം) ആരെയൊക്കെയോ പ്രീണിപ്പെടുത്താൻ ഇത്തരത്തിലുള്ള നിലപാടുകളെടുക്കുമ്പോൾ അതിന്റെ വരുംവരായ്കകൾ പാർട്ടി കാണാതെ പോകുകയാണ്. നബിയെ സ്‌നേഹിക്കുന്നതുപോലെ ആരോഗ്യകരമായ വിമർശനങ്ങൾക്കും ചർച്ചകൾക്കും പ്രവാചകൻ വിധേയമാകുമ്പോൾ ആരാണ് ഏറ്റവു കൂടുതൽ അസഹിഷ്ണുതരാകുന്നത്?
ചരിത്രത്തലെ ധൈഷണിക വ്യാഖ്യാനങ്ങൾക്ക് എന്നും പ്രിയപ്പെട്ട വ്യക്തിയായ പ്രവാചകൻ മുഹമ്മദ് നബി സമാധാനത്തിന്റെയും വിമോചനത്തിന്റെയും പാഠങ്ങളാണ് സമൂഹത്തിന് പഠിപ്പിക്കപ്പെട്ടത്. ഇതര മതാനുയായികളോട് സഹിഷ്ണുത കാണിക്കാനും ആരാധ്യ വസ്തുക്കളെ ചീത്ത പറയരുതെന്നും പഠിപ്പിച്ചത് പ്രവാചക ജീവിതമായിരുന്നു. പ്രവാചക സന്നിധിയിലെത്തിയ ഒരു ക്രൈസ്തവ നിവേദക സംഘത്തിന് അവരുടെ പ്രാർത്ഥനാ സമയമായപ്പോൾ മദീനാപള്ളിയുടെ പാർശ്വഭാഗത്ത് സൗകര്യം ചെയ്തു കൊടുത്ത പ്രവാചകരുടെ മതസഹിഷ്ണുത എന്തുകൊണ്ട് ഇന്ന് പഠിക്കാതെ പോകുന്നു. പ്രവാചകന്റെ വിവാഹങ്ങൾ സ്ത്രീപക്ഷ വായനയ്ക്കുള്ള വലിയ ഉദാഹരണങ്ങളാണ്.
ഖദീജയുമായുള്ള മുഹമ്മദ് നബിയുടെ വിവാഹവും വ്യാപാരത്തിലും യുദ്ധത്തിലും നബിയോടൊപ്പം സ്ത്രീകളുടെ പങ്കാളിത്തവും തെളിയിക്കുന്നത് സ്ത്രീകളുടെ ബഹുമുഖമായ അവസ്ഥകളിലേക്ക് മുഹമ്മദ് നബി കടന്നു പോകുന്നു എന്നതാണ്. പിന്നെ എന്തുകൊണ്ടാണ് അനിലിനെ പോലുള്ളവർ പ്രവാചകനെ തെറ്റായി വായിക്കാൻ ഇടയാകുന്നത്. അനിൽ വായിക്കാനിടയായ ഡോ.എൻ.എം മുഹമ്മദലിയുടെ 'മുഹമ്മദ് എന്ന മനുഷ്യൻ' എന്നപുസ്തകം യഥാർത്ഥത്തിൽ പ്രവാചകനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ?...വിവാദമായ പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയവും തെറ്റിദ്ധരിപ്പിക്കുകയും ഇതിന്റെ ഖുർആൻ പരിഭാഷകൾ ദുർവ്യാഖ്യാനിക്കുകയും ചെയ്തത് കേരളത്തിലെ സുന്നി-മുജാഹിദ് വാദങ്ങളിലേക്കും അജണ്ടകളിലേക്കും മാത്രം ഒതുങ്ങുന്നതല്ലായിരുന്നു. ഇതിന്റെ ഉള്ളറയിലേക്ക് പരിശോധിച്ചാൽ പൊതുസമൂഹത്തിന് പ്രവാചകനെകുറിച്ച് മനസിലാക്കുന്നതിന് വഹാബിസം വിലങ്ങു സൃഷ്ടിച്ചു എന്നതാണ് യാഥാർത്ഥ്യം.
കണ്ണൂർ ജില്ലാ ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറിയും സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗവുമായ അനിൽകുമാറിനെ ഇസ്ലാം വിരുദ്ധനാക്കി തീർക്കേണ്ടത് ആരുടെ ലക്ഷ്യമായിരുന്നു? മാപ്പു പറഞ്ഞിട്ടും എന്തിനുവേണ്ടി സിപിഐ(എം) സസ്‌പെൻഡ് ചെയ്തു? ആരൊക്കെയാണ് ഇതിൽ രാഷ്ട്രീയ ലാഭം കൊയ്യുന്നത്? വായനയും തെരഞ്ഞെടുത്ത പുസ്തകവും പ്രവാചകനെ തെറ്റായി ധരിക്കാൻ ഇടയായിരുന്നോ..? തുടങ്ങിയ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അഭിമുഖമാണിത്. ഡിവൈഎഫ്ഐ നേതാവ് അനിലുമായി മറുനാടൻ മലയാളി ലേഖകൻ എംപി റാഫി നടത്തിയ സംഭാഷണത്തിൽ നിന്ന്...
- സിപിഎമ്മിൽ നിന്ന് സസ്‌പെൻഷൻ നടപടിയിലേക്ക് എത്താനുണ്ടായ സാഹചര്യം?
ഞാൻ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ എനിക്ക് തെറ്റാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തെറ്റ് തിരുത്തിക്കൊണ്ട് ഫേസ്‌ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അതിനുള്ള പ്രധാന കാരണം ഞാൻ അറബി പഠിക്കാത്ത ആളാണ്. ചില മലയാളം പരിഭാഷകളും അതുമായി ബന്ധപ്പെട്ട വിശകലനങ്ങളും മാത്രമാണ് ഞാൻ വായിച്ചിരുന്നത്. അന്ന് ആദ്യാമായാണ് ഒരു പ്രസംഗത്തിൽ ഇത്രയും പറയേണ്ടി വന്നത്. പ്രസംഗം അതിലേക്ക് എത്താനുണ്ടായ കാരണം എന്നത് നരേന്ദ്ര മോദിയുടെ ശിക്ഷാ സംസ്‌കൃതി വിജ്ഞാനാസിന്റെ ഭാഗമായി പഴയ ചില കാര്യങ്ങൾ അടിസ്ഥാനപരമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വന്നപ്പോൾ പല മതങ്ങളിലും തെറ്റായ ചില കാര്യങ്ങൾ ഉണ്ടായിരുന്നെന്നും അത് ആ കാലഘട്ടത്തിൽ ശരിയായിരുന്നെന്നുള്ള ആമുഖമൊക്കെ ഉണ്ടായിരുന്നെങ്കിലും പറഞ്ഞു വന്നപ്പോൾ അത് ദൗർഭാഗ്യ വശാൽ ഉണ്ടായ പിശകായിരുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന് മാസത്തേക്ക് എന്നെ പാർട്ടിയിൽ നിന്ന് സസ്‌പെൻസ് ചെയ്തതായി നോട്ടീസ് നൽകിയത്.
- എന്തായിരുന്നു പ്രസംഗത്തിൽ പറഞ്ഞിരുന്നത്?
അത് കൃത്യമായി എനിക്ക് വാക്കുകളൊന്നും ഓർമയില്ല. ഞാൻ വായിച്ചത് സൈദ് ബിൻ ഹാരിസിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമായിരുന്നു. നബിയുടെ വളർത്തു പുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് എന്റെ വായനയുടെ ഓർമയിൽ അബോധമനസ്സിൽ നിന്ന് അത് പെട്ടെന്ന് വന്നു പോയതാണ്. മുൻകൂട്ടി നോട്ട് തയ്യാറാക്കി പറഞ്ഞതൊന്നും അല്ല. പ്രസംഗത്തിൽ വന്നുപോയതാണ്. ഇ.എം.എസ് സ്മാരക വായനശാലയുടെ പ്രവർത്തകർ സംഘടിപ്പിച്ച ഒരു സാംസ്‌കാരിക സമ്മേളനമായിരുന്നു അത്. ഇതിൽ പ്രഭാഷകനായിട്ടായിരുന്നു ഞാനവിടെ എത്തുന്നത്. ഞാൻ പറഞ്ഞിരുന്നത് പ്രവാചകന്റെ വിവാമെന്നത് സാധാരണ ബഹുഭാര്യത്വം എന്ന രീതിയിലായിരുന്നു കണ്ടത്. ഇത് എനിക്ക് പിശക് പറ്റി പറഞ്ഞതാണ്. ഇന്നത്തെ കാലഘട്ടത്തിൽ ബഹുഭാര്യത്വം നമ്മൾ അംഗീകരിക്കുന്നില്ലല്ലോ... അതുകൊണ്ട് നല്ലൊരു ജീവിതം പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞായിരുന്നു ഞാൻ അവസാനിപ്പിച്ചത്. പക്ഷെ ഇത് എഡിറ്റ് ചെയ്ത് വാട്‌സ് ആപ്പിലൂടെ കൈമാറിയവർ ഇതൊന്നും കേട്ടില്ല എന്നാതാണ് സത്യം.
- യഥാർത്ഥത്തിൽ ഏത് രീതിയിലായിരുന്നു ഈ വിഷയത്തെ മനസിലാക്കിയത്?
പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നല്ലൊരു രീതിയാണ് ഞാൻ മനസിലാക്കിയ്. അദ്ദേഹത്തിന്റെ വിവാഹമെന്നത് പല യുദ്ധത്തിലും മരണപ്പെട്ടുപോയ അനുചരന്മാരുടെ ഭാര്യമാരെ സംരക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായി കൽപ്പിക്കുകയും വിവാഹ ചെയ്തിട്ടുമാണുള്ളത്. അങ്ങിനെയാണ് ബഹുഭാര്യത്വം ഇസ്ലാമിലേക്ക് വരുന്നതെന്നാണ് എന്റെ പഠനത്തിൽ നിന്ന് മനസിലായത്. പ്രവാചകന്റെ ഓരോ വിവാഹത്തിനു പിന്നിലും ഓരോ പാഠവും സന്ദേശവും സമൂഹത്തെ പഠിപ്പിക്കാൻ കൂടിയാണ്. സൈദ് ബിൻ ഹാരിസ് ആദ്യം ഒരു അടിമയായിരുന്നു. പ്രവാചകന്റെ വരവോടെയാണ് അടിമ സമ്പ്രദായം നിരോധിക്കുന്നത്. ഈ കൂട്ടത്തിൽ ഹാരിസിനെയും മോചിപ്പിച്ചിരുന്നു. പക്ഷെ, ഹാരിസെന്ന് പറയുന്ന അടിമയായിരുന്ന തറവാടിത്വമോ കുടുംബ മഹിമയോ സൗന്ദര്യമോ ഇല്ലാത്ത സ്വന്തം ദത്ത്പുത്രന് നബിയുടെ പിതൃസഹോദരിയുടെ മകളായ സൈനബിനെ വിവാഹം ചെയ്തുകൊടുക്കുന്നത് നബി തന്നയായിരുന്നു. ഇതിലൂടെ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്, കാരണം ഇന്ന് മുസ്ലിം സമുദായത്തിൽ വരെ കുടുംബത്തിന്റെയോ തറവാടിന്റെയോ പേരിൽ വിവാഹം നടക്കാറില്ല, പക്ഷെ ഇത് പ്രവാചൻ തന്നെ മതൃക കാണിക്കുകയായിരുന്നു. പിന്നീട് ഹാരിസുമായുള്ള വിവാഹം വേർപിരിഞ്ഞ് പ്രവാചകൻ ആ സ്ത്രീയെ സ്വീകരിച്ചു എന്നുള്ളതുമാണ് ചരിത്രം. പോറ്റു മകന്റെ ഭര്യയെ വിവാഹ മോചനം നടത്തിയാൽ പുനർവിവാഹം പറ്റില്ലെന്ന വിശ്വാസം അന്നുണ്ടായിരുന്നു. അത് തിരുത്താൻ പ്രവാചകനിലൂടെ തന്നെ അള്ളാഹു ഈ തീരുമാനം നടപ്പാക്കുകയായിരുന്നു. ഇതിനെല്ലാംഓരോ കാരണങ്ങളുണ്ടായിരുന്നു എന്നും പ്രവാചകന്റെ ഓരോ വിവാഹത്തിനു പിന്നിലും ഓരോ പാഠവും സന്ദേശവും സമൂഹത്തെ പഠിപ്പിക്കാൻ കൂടിയാണ് എന്നതൊക്കെ ഞാൻ പിന്നീടായിരുന്നു മനസിലാക്കിയത്. ഈ സംഭവം കൂടുതൽ എന്നെ പ്രവാചകനെ മനസിലാക്കാൻ കാരണമാക്കി.
- വായനയിലെ പിശകായിരുന്നോ?..
അതെ, എന്റെ വായനയിലെ പിശക് തന്നെയായിരുന്നു ശരിക്കും പറഞ്ഞാൽ. എനിക്ക് അറബി വായിക്കാനോ ഖുർആൻ നന്നായി പാരായണം ചെയ്യാൻ പറ്റിയിട്ടില്ല. ഇനി ഇതെല്ലാം ചെയ്യും. ഇപ്പോൾ വലിയൊരു പിശക് പറ്റി ഇനി കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്യും. തെറ്റിദ്ധാരണകൾ പരത്താത്ത പുസ്തകങ്ങൽ തെരഞ്ഞെടുക്കുകയും ചെയ്യും.
- ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും ഏത് രീതിയിലായിരുന്നു താങ്കൾ പഠിച്ചത്?
ലോകത്തിലെ ഏറ്റവും ആധുനികമായ മതം ഇസ്ലാമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതിന്റെ ആവിർഭാവം മുതൽ ഇങ്ങോട്ടുള്ള കാര്യങ്ങൾ നോക്കിയാൽ ഇതൊരു ഉദാത്തമായ ജീവിത പദ്ധതിയാണെന്നുള്ളതിൽ ഒരു തർക്കമോ അഭിപ്രയ വ്യത്യാസമോ എനിക്കില്ല. നബിയുടെ ഉദാരതയും നബി പഠിപ്പിച്ച ക്ഷമാ ശീലവും സഹജീവികളോടുള്ള സമീപനം ഇതെല്ലാം വച്ച് കൊണ്ടു തന്നെ ഞാൻ ആദരിക്കുന്ന ഒരു മതമാണ് ഇസ്ലാം. എനിക്ക് കുറെ കൂടി പഠിക്കാനുണ്ട് . കുറെ താൽപര്യവും ഉണ്ടായിട്ടുണ്ട്. ഇതിനു വേണ്ടി എത്ര മണൽ തരിയോളം വേണമെങ്കിലും താഴാൻ തയ്യാറാണ്. പരിഗണനയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. എല്ലാത്തിനും കഴിവുള്ള സർവ്വ ശക്തനാണ് അള്ളാഹു എന്ന ഖുർആൻ വാക്യം എന്നത് എല്ലാ മതമൗലികവാതികളും മത തീവ്രവാദികളും എല്ലാ മതത്തിൽപെട്ട ആളുകളും ആദരിക്കേണ്ട മനസിൽ വെയ്‌ക്കേണ്ട വാക്കാണിത്. സർവ്വശക്തനായ അള്ളാഹുവിന് അല്ലെങ്കിൽ ദൈവത്തിന് ആ മതത്തെയോ ദർശനത്തെയോ മനുഷ്യനെ നിയന്ത്രിക്കാനുള്ള എല്ലാ ശക്തിയുമുണ്ട്. അത് മനസിലാക്കാതെ നമ്മൾ മനുഷ്യന്മാർ ഇതെല്ലാം ഞങ്ങളങ്ങ് ഒലത്തിക്കളയും എന്ന തരത്തിലുള്ള അഹങ്കാരം പാടില്ല. ലോകത്തെ സർവ്വ മതസ്തരും മനസിൽ സൂക്ഷിക്കേണ്ട കാര്യമാണിത്. ഇത് പലപ്പോഴും ഇസ്ലാം മതത്തിൽ തന്നെയുള്ള ചില ആളുകൾ മനസിലാക്കുന്നില്ലെന്നത് ഒരു ദൗർഭാഗ്യകരമായ കാര്യമാണ്.
- ഈ പ്രസംഗത്തിന് ശേഷം ഏത് തരത്തിലുള്ള പ്രതികരണമാണ് ഉണ്ടായത്?
എനിക്കൊരു അബദ്ധം പറ്റി. ഞാനതിൽ ക്ഷമാപണവും നടത്തിയതാണ്. പ്രവാചക നിന്ദയിലേക്ക് എത്തിച്ച സംഭവം എന്റെ അറിവില്ലായ്മകൊണ്ടാണെന്ന് പറഞ്ഞാൽ വീണ്ടും വീണ്ടും ലോകത്തിന് മുന്നിൽ പ്രചരിപ്പിച്ച് പോവുകയാണ് ചെയ്തത്. ഇത്തരം കാര്യങ്ങൽ അനിസ്ലാമികാണെന്നാണ് എന്റെ അഭിപ്രായം.
- ഇപ്പോഴും ഇത്തരത്തിൽ പ്രചരിപ്പിക്കുന്നവർക്ക് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടോ?..
തീർച്ചയായും പ്രചരിപ്പിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇപ്പോഴും ഇത് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് സമുദായ പാർട്ടിയാണോ സംഘടനകളാണോ എന്നൊന്നും ഞാനിപ്പം പറയുന്നില്ല ,അതെല്ലാം അടഞ്ഞ അദ്ധ്യായമാണ്. ഇപ്പോഴും എന്നെ എതിർക്കുന്നത് ദുഃഖകരമായ അവസ്ഥയാണ്. അവർ ഇസ്ലാം മത വിശ്വാസത്തെ ഹനിക്കുന്നവരാണ്. ഞാൻ അള്ളാഹുവിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ ക്ഷമ പറഞ്ഞാൽ എനിക്ക് മാപ്പു തരും ഞാൻ വിശ്വാസിയല്ലാത്ത ആളാണെങ്കിൽ എപ്പോഴേ എനിക്ക് അള്ളാഹു മാപ്പു തന്നിട്ടുണ്ടാകും. ലോകത്ത് ഏറ്റവും വലിയ ക്ഷമ പഠിപ്പിച്ച മതം ഇസ്ലാം മതമാണ്. കൈകൂപ്പി കാൽക്കൽ വീഴുന്നവനെ ചവിട്ടാൻ മുന്നോട്ടു വരുന്ന ആളുകളും മനസും ഇസ്ലാം മതമാണെന്ന് പറയാൻ എനിക്ക് പറ്റില്ല. അങ്ങിനെ നലകൊള്ളുന്നവരുണ്ട് ആരാണെന്ന് പറയുന്നില്ല ഇപ്പോൾ. മുസ്ലിം ലീഗിനെ പോലുള്ള പാർട്ടികൾക്ക് ഇത് കണ്ണൂരിൽ വീണു കിട്ടിയ ഒരു വലിയ സംഭവമായാണ് കാണുന്നത്. ഇത് മുതലെടുത്ത് കുളം കലക്കി മീൻ പിടിക്കാനുള്ള സാധ്യത വളരെ ഏറെയാണ്.
- പാർട്ടി നടപടി ഈ സാഹചര്യത്തിൽ ശരിയായെന്ന് തോന്നുന്നുണ്ടോ?
ഞാൻ നിലവിൽ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. ഇപ്പോൾ സിപിഐ(എം)മ്മിന്റെ ഏരിയാ കമ്മിറ്റി അംഗം എന്നുള്ള നിലയിൽ ആ സ്ഥാനത്ത് നിന്നും സിപിഐ(എം) നേതൃത്വമാണ് ഇതിൽ നിലപാടെടുത്തതും. സിപിഐ(എം) എന്ന പാർട്ടി ഒരിക്കലും ഒരു മത വിരോധിയല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ എന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായതുകൊണ്ട് ഇപ്പോഴത്തെ നടപടി അംഗീകരിക്കുന്നു. സിപിഐ(എം) എന്നത് നമ്മുടെ അമ്മയാണ്. പാർട്ടിയെടുക്കുന്ന നിലപാട് അംഗീകരിക്കാതിരിക്കാൻ പറ്റില്ല. അത് അംഗീകരിക്കുന്നു എല്ലാ വിനയത്തോടു കൂടെയും. ഡിവൈഎഫ്ഐക്കും മതവിരുദ്ധമായ നിലപാടില്ല. വർഗ്ഗീയതക്കും ജാതീയതക്കും വിരുദ്ധമായ നിലപാടാണ് ഉള്ളത്. ഡിവൈഎഫ്ഐയുടെ ഭാഗത്തു നിന്നും ഇതിന്റെ പേരിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്നെനിക്കറിയില്ല.
- ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടോ?
ആ ഒരു തോന്നൽ ഇതു വരെ ഇല്ല. കാരണം എന്റെ കൂടെ എന്റെ പ്രസ്ഥാനവും പ്രവർത്തകരും ഉണ്ടാകും. തൽക്കാലം സസ്‌പെൻഷൻ എടുത്തു എന്നുള്ള ഒരു പ്രശ്‌നമേ ഉള്ളൂ..അതൊഴിച്ചാൽ ഇപ്പോഴും എന്റെ കൂടെ എല്ലാവരുമുണ്ട്.
- ഈ കാരണത്താൽ ഏതെങ്കിലും ഭാഗത്ത്‌നിന്നും ഭീഷണിയോ മറ്റോ ഉണ്ടായിരുന്നോ?..
ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയമായ മുതലെടുപ്പാണ്. അത് എന്റെ അറിവില്ലായ്മ കൊണ്ട്, നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായ ഖുർആൻ എന്ന ഒരു മഹത്തായ ഗ്രന്ഥത്തിന്റെ എല്ലാ വ്യാഖ്യാനങ്ങളും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ചെറുപ്പക്കാരന്റെ അവിവേകമായിട്ട് എല്ലാരും കരുതിയിട്ടുണ്ട്. അതിലപ്പുറം വേറെയൊന്നും ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം.
- പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇതെല്ലാം എന്ന ആരോപണത്തോട്..?
ഞാൻ ഇസ്ലാം വിരുദ്ധനാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു ഗുണകരമായ പബ്ലിസിറ്റിയായി കാണുന്നില്ല. ഞാൻ മതപരമായ ഒരു ജീവിതം നയിച്ച ആളല്ല. എനിക്ക് ഹിന്ദു മതത്തിലും വിശ്വാസമില്ല, ഞാൻ
മത രീതിയിൽ പ്രവർത്തനം നടത്തിയിട്ടുമില്ല. പക്ഷെ, എനിക്ക് എല്ലാ മതങ്ങളോടും താൽപര്യമാണ്. ഒരു മതത്തിന്റെയും വിരുദ്ധനായി അറിയപ്പെടാൻ ആഗ്രഹിക്കുക നല്ല കാര്യമല്ലല്ലോ..ഇപ്പോൾ മോശം പബ്‌ളിസിറ്റിയാണ് ഉണ്ടായത്.
- തെറ്റി തിരുത്തിയിട്ടും പാർട്ടി നടപടിയെ എങ്ങിനെ കാണുന്നു?
അത്...ഇപ്പൊ, ഒരു ജനവിഭാഗത്തിന്റെ എതിർപ്പ് പാർട്ടി മെമ്പറെന്ന നിലയ്ക്ക് എനിക്കെതിരെ ഉണ്ടാകുമ്പോൾ, പാർട്ടി നിലപാടെടുത്തു. ജനയോഗം ഞാൻ അംഗീകരിക്കുന്നു.
- ഈ വിഷയത്തിൽ ഡിവൈഎഫ്ഐ യുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നടപടിയുണ്ടായിട്ടുണ്ടോ?
അങ്ങനെയൊന്നും ഇതുവരെ എടുത്തിട്ടില്ല ഇനി ഉണ്ടാകുമോ എന്നറിയില്ല. ഉണ്ടായാൽ എനിക്ക് പ്രശ്‌നമില്ല അംഗീകരിക്കും. പിന്നെ, ഡിവൈഎഫ്ഐ എന്നത് പാർട്ടിയുടെ അനുബന്ധമല്ലല്ലോ..ഒരു സ്വതന്ത്ര യുവജന സംഘടനയാണ്. സിപിഐ(എം), അവർ പാർട്ടി അംഗങ്ങളെ നിയന്ത്രിക്കുന്നു എന്നേ ഉള്ളൂ..
- ഏത് രീതിയിൽ മുന്നോട്ട്?
സിപിഎമ്മിന്റെ അനുയായി ആയി മുന്നോട്ട് പോകും. പല രീതിയിലുള്ള പുനർ വിചിന്തനത്തിനും ഈ സംഭവം എന്നെ വിധേയമാക്കിയിട്ടുണ്ട്. മത വിമർശനത്തിൽ കുറച്ചുകൂടി സഹിഷ്ണുതയും ആത്മാർത്ഥതയും കാണിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാ മതങ്ങളെ പറ്റിയുള്ള വിമർശനങ്ങളിലും നിരീക്ഷണങ്ങളിലും വളരെ മിതമായൊരു പരിശോധനയും പ്രസംഗത്തിൽ നടത്തണമെന്നും വളരെ വിനയാന്വിതമായി എല്ലാം പഠിക്കണമെന്ന താൽപര്യവും എനിക്കുണ്ടായിട്ടുണ്ട്. ഈ സംഭവത്തോടു കൂടി ഞാനൊരു കാര്യം തീരുമാനിച്ചത്. ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ച് തെറ്റിദ്ധരിച്ചു മനസിലാക്കാതെ ആഴത്തിൽ പഠിക്കുന്നതിനും മറ്റുമുള്ള പുസ്തകങ്ങളും മറ്റുമായി മുന്നോട്ടുപോകും.