കൊല്ലം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ നിന്നും 350 ലിറ്റർ സ്പിരിറ്റ് പിടികൂടി. നേതാവ് ഓടി രക്ഷപെട്ടതിനെ തുടർന്ന് ഇയാളുടെ ഭാര്യയെ എക്സൈസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തഴവാ സ്വദേശിയായ ഡിവൈഎഫ്ഐ നേതാവ് അൻസർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. ഇയാളുടെ ഭാര്യ ജസീനയെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

കരുനാഗപ്പള്ളിയിലേക്ക് വൻതോതിൽ പാലക്കാട് നിന്നും സ്പിരിറ്റ് വരുന്നുണ്ട് എന്ന് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം പരിശോധന കർശ്ശനമാക്കിയിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ കരുനാഗപ്പള്ളിക്ക് സമീപം വെളുത്തമണലിൽ വച്ച് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ തഴവാ കരിയപ്പള്ളി സ്വദേശിയായ രഞ്ജിത്തിനെ 10 കന്നാസിലായി കടത്തിയ സ്പിരിറ്റുമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കെ.എൽ 02 യു 2414 എന്ന ക്വാളിസ് വാഹനത്തിൽ കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. എക്സൈസിനെ കണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ ഇറങ്ങി ഓടി രക്ഷപെട്ടു. വാഹനത്തിന് എസ്‌കോർട്ട് വന്ന സ്‌കൂട്ടറും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടികൂടിയ രഞ്ചിത്തിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന വാഹനത്തിന് എസ്‌കോർട്ട് വന്ന അൻസാറിന്റെ വീട്ടിൽ ശേഖരിച്ചിരുന്ന സ്പിരിറ്റാണെന്നും രക്ഷപ്പെട്ട അഖിലിന്റെ പരിചയത്തിലുള്ള ആർക്കോ വിൽപ്പനക്കെത്തിച്ചതാണെന്നും വിവരം ലഭിച്ചു. ബാക്കി വരുന്ന 10 കന്നാസ് സ്പിരിറ്റ് അൻസാറിന്റെ വീട്ടിൽ ശേഖരിച്ചിട്ടുണ്ടെന്നും രഞ്ചിത്ത് മൊഴി നൽകി. തുടർന്ന് അൻസാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 10 കന്നാസിലെ സ്പിരിറ്റും പിടികൂടുകയായിരുന്നു.

തുടർന്ന് അൻസാറിന്റെ ഭാര്യ ജസീനയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതിൽ കൂടുതൽ തെളിവുകൾ എക്‌സൈസിന് ലഭിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സികെ സജികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം വാഹന പരിശോധന നടത്തിയത്. ഇൻസ്‌പെക്ടർ എസ് മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് പ്രതികളെ പിടികൂടിയത്

രഞ്ചിത്ത് കോഴിക്കച്ചവടം ചെയ്യുന്നയാളാണ്. അൻസാർ ഏറെ നാളായി ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവാണ്. അൻസാർ എവിഎച്ച്എസ്സിന് സമീപമായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ മാമ്പുഴ ക്ഷേത്രത്തിന് വടക്കുവശം വാടക വീട്ടിലാണ് താമസം. ഇവിടെ നിന്നാണ് 10 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയത്. അതേ സമയം സംഘം സ്പിരിറ്റ് കടത്തിയ ക്വാളിസ് വാഹനം മുല്ലശ്ശേരിമുക്കിന് ബേക്കറി നടത്തുന്ന സജി എന്നയാളുടേതാണ് എന്ന് എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് സിഐ സജികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

20 കന്നാസ് സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്. അടുത്തിടെയായി കരുനാഗപ്പള്ളിയിൽ വ്യാപകമായി സ്പിരിറ്റ് കച്ചവടം പൊടിപൊടിക്കുകയാരുന്നു. ഏറെയും കള്ളുഷാപ്പുകൾ വഴിയായിരുന്നു കച്ചവടം. ഇതിന്റെ സ്രോതസ്സ് കണ്ടെത്താൻ എക്സൈസ് തീവ്ര ശ്രമം നടത്തി വരുന്നതിനിടെയാണ് സ്പിരിറ്റ് വേട്ട നടന്നത്.