കോഴിക്കോട്: സംസ്ഥാനത്തുണ്ടായ രൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ കുറച്ച് ലളിതമായിട്ടായിരുന്നു കോഴിക്കോട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. എന്നാൽ ലളിതമെങ്കിലും പ്രൗഢഗംഭീരമായിരുന്നു ചടങ്ങുകൾ. സമാപന ദിവസമായ ബുധനാഴ്ച കോഴിക്കോടിനെ ശുഭ്രസാഗരമാക്കി മാറ്റുകയായിരുന്നു സംഘടനയുടെ സംസ്ഥാന സമ്മേളനം. സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചു.

ഒരു സമരസംഘടന എന്നതിനപ്പുറത്തേക്ക് പുതിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായി ഡിവെഎഫ്‌ഐയെ മാറ്റുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ ഇതു സംബന്ധമായി നടന്ന ചർച്ചകൾ ഇതിന് മാനദണ്ഡമാക്കുമെന്നും പ്രളയമടക്കം ദുരന്ത സമയത്ത് പ്രവർത്തിക്കുവാൻ പ്രാപ്തമായ പരിശീലനം നേടിയ ദുരന്ത നിവാരണ സേനയെ ഡി വൈഎഫ്‌ഐ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എപ്പോഴൊക്കെ പികെ ശശിയെക്കുറിച്ച് ചോദിക്കുമ്പോഴും അസ്വസ്ഥരായിരുന്നു ഡിവൈഎഫ്ഐ നേതാക്കൾ. മാധ്യമപ്രവർത്തകർക്ക് വേണ്ടത്ര അറിവില്ലാത്തുകൊണ്ടാണ് പി കെ ശശിക്കെതിരെ പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ വനിത നല്കിയ പരാതി പരിശോധിച്ചോ എന്ന ചോദ്യം സംസ്ഥാന നേതൃത്വത്തോട് വീണ്ടും ചോദിക്കുന്നതെന്നും പുതിയ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. പി.കെ. ശശിക്കെതിരെയുള്ള പരാതി സമ്മേളനത്തിൽ ചർച്ചയായോ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനോടുള്ള പ്രതികരണമായാണ് മുമ്പത്തെയും ഇപ്പോഴത്തെയും നേതാക്കൾ ഒരുമിച്ച് ഇങ്ങനെ പ്രതികരിച്ചത്.

ലോകം ഇന്നുകൊണ്ട് അവസാനിക്കില്ലല്ലോ നമുക്ക് ഇനിയും കാണാം എന്ന് സ്ഥാനമൊഴിഞ്ഞ എ.എൻ ഷംസീർ പറഞ്ഞു. ഡിവൈഎഫ് ഐയെക്കുറിച്ച് നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും, എം.സ്വരാജ് പറഞ്ഞതുപോലെ നിങ്ങൾ കുറേക്കൂടി ഡിവൈ എഫ്‌ഐയെക്കുറിച്ച് പഠിക്കണമെന്നും പുതിയ സെക്രട്ടറി എ എ റഹീം പറഞ്ഞു. വിഷയത്തെക്കുറിച്ച് ഡിവൈഎഫ്‌ഐക്ക് ഒരു നിലപാടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയതാണ്. ഡിവൈഎഫ്‌ഐയുടെ ഇന്നലെകൾ പരിശോധിച്ചാലറിയാം. അത് എത്രത്തോളം സ്ത്രീപക്ഷ അനുകൂല നിലപാടുള്ളവരാണ്. സ്ത്രീപക്ഷ നിലപാടിനപ്പുറം ട്രാൻസ്‌ജെൻഡറുകളെപ്പോലും ആദ്യമായി സമ്മേളന പ്രതിനിധികളാക്കിയവരാണ് ഈ സംഘടനയെന്ന് മാധ്യമങ്ങൾ കാണാതെ പോകരുത്. മന്ത്രി കെ ടി ജലീലിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് പുതിയ നേതൃത്വമായാലും പഴയ നേതൃത്വമായാലും ഡിവൈഎഫ്‌ഐയുടെ നിലപാടാണ് പറയുന്നത്. അതിൽ മാറ്റമില്ല. തികച്ചും രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് അത്. ഇക്കാര്യത്തെക്കുറിച്ച് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭാരവാഹികളുടെ പ്രായം 37 ആക്കിയത് വീണ്ടും തിരുത്തിയതെന്തിനെന്ന് ചോദിച്ചപ്പോൾ ഡിവൈഎഫ്‌ഐ ഇങ്ങനെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും മാധ്യമ പ്രവർത്തകരാണ് ഇങ്ങനെ തീരുമാനിച്ചതെന്നും ഭരണഘടനാപരമായി നാല്പതാണ് പ്രായപരിധിയെന്നും എം.സ്വരാജ് പറഞ്ഞു. ചില മാധ്യമങ്ങൾ നൽകിയ വാർത്തയെക്കുറിച്ച് ഡിവൈഎഫ്‌ഐ എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും സെക്രട്ടറിയായി എ.എ റഹീമിനേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തിരുന്നു.

എസ് കെ സജീഷ് ആണ് ട്രഷറർ. 90 അംഗ സംസ്ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.


പി നിഖിൽ, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കൽ, കെ പ്രേംകുമാർ, കെ യു ജനീഷ് കുമാർ, എം വിജിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.സി ജെ സജിത്ത്, പി കെ മുബഷീർ, ഡോ. പ്രിൻസി കുര്യാക്കോസ്, രമേഷ് കൃഷ്ണൻ, സജേഷ് ശശി, എസ് ആർ അരുൺ ബാബു, കെ പി പ്രമോഷ്, കെ ഷാജർ, ജെ എസ് ഷിജുഖാൻ, വി വസീഫ്, ജെയ്ക് സി തോമസ്, എസ് കവിത എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ

കോതമംഗലം കുത്തുകുഴി സ്വദേശിയായ എസ് സതീഷ് സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോർഡ് അംഗമാണ്.ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. വിരുത്തേലിമറ്റത്തിൽ ശശിധരൻ നായരുടേയും ലളിതയുടേയും മകനാണ്. ഭാര്യ :ആര്യ . രണ്ട് മക്കളുണ്ട്.അഭിഭാഷകനായ എ എ റഹീം നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തെത്തി. കേരളാ സർവകലാശാല യൂണിയൻ ചെയർമാൻ, സിൻഡിക്കറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ എസ് കെ സജീഷ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. സിപിഐ എം പേരാമ്പ്ര എരിയാ കമ്മിറ്റി അംഗമാണ്.