കോഴിക്കോട്: കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന ഫോൺചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. ഇസ്രയേലി സോഫ്റ്റ് വെയർ പെഗസ്സസുമായി ചേർന്ന് നിയമ വിരുദ്ധമായി ഫോൺ ചോർത്തിയെന്നാണ് കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന ആരോപണം.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇൻ കം ടാക്‌സ് ഓഫീസിന് മുന്നിൽ വച്ചാണ് നരേന്ദ്ര മോദിയുടെയും അമിത്ഷയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചത്.

ഭരണകൂട നടപടി ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഭീരുക്കളായ ഭരണാധികാരികൾ നടത്തുന്ന ചാരവൃത്തിയായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ. വ്യക്തികളുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറുന്നത് തികഞ്ഞ അധാർമികതയാണ്. മോദി - ഷാ ടീമിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനാവില്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന ജോ.സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.അരുൺ, പിങ്കി പ്രമോദ്, എം.എം.സുബീഷ്, ആർ.ഷാജി, ഫഹദ്ഖാൻ എന്നിവർ പങ്കെടുത്തു.