തിരുവനന്തപുരം: സർക്കാരിനേയും സിപിഎമ്മിനേയും വിമർശിക്കാനുള്ള കരുത്ത് ഇന്നത്തെ ഡിവൈഎഫ്‌ഐയ്ക്കില്ല. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ എം.സി. ജോസഫൈനെ ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയ്‌ക്കേണ്ടി വന്നത് അതുകൊണ്ട് മാത്രമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യുമ്പോഴാണ് റഹിം മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ജോസഫൈനെ പിന്തുണയ്‌ക്കേണ്ടിയും വന്നു.

ജോസഫൈനെതിരായ പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.എ.റഹീം രംഗത്തെത്തിയത്. ഇതിനു തൊട്ടുപിന്നാലെ ജോസഫൈന്റെ രാജി സിപിഎം ചോദിച്ച് വാങ്ങിയതോടെ ഡിവൈഎഫ്‌ഐയും നാണംകെട്ടു. എം.സി. ജോസഫൈന്റെ മോശം പെരുമാറ്റം രാവിലെ മുതൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ജോസഫൈനെ പരോക്ഷമായി പിന്തുണച്ച് ഡിവൈഎഫ്‌ഐ എത്തിയത്. എന്നാൽ സിപിഎം ജോസഫൈന് മാപ്പു കൊടുത്തില്ല. ഇതോടെ വെട്ടിലായത് റഹീമായിരുന്നു. സോഷ്യൽ മീഡിയ റഹീമിനെ കടന്നാക്രമിക്കുകയും ചെയ്തു.

എല്ലാവരും ഇപ്പോൾ ജോസഫൈന്റെ പുറകേ പോവുകയാണ്. എതിർവശത്ത് ഒരു സ്ത്രീയും ഒരു രാഷ്ട്രീയവും ഉള്ളതുകൊണ്ട് എല്ലാവരും അതിനുപിന്നാലെയാണ്. ജോസഫൈന്റെ പിന്നാലെ എല്ലാവരും കൂടുമ്പോൾ സ്ത്രീധനമാണ് രക്ഷപ്പെടുന്നത്. വിവാദ വിഷയത്തിൽ ജോസഫൈൻ ഖേദം രേഖപ്പെടുത്തുകയും പശ്ചാത്തപിക്കുകയും ചെയ്തു. ഇതോടെ വിവാദം അവസാനിച്ചെന്നും അതിനുശേഷവും അതിനു പിന്നാലെ പോകുന്നത് ശരിയല്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞിരുന്നു.

ജോസഫൈനെ പുറത്താക്കണമെന്ന് സിപിഐ യുവജന സംഘടനകളെല്ലാം ആവശ്യപ്പെട്ടിരുന്നു. റഹീം ഇങ്ങനെ പറഞ്ഞ് ഒരു മണിക്കൂർ കഴിയും മുൻപ് ജോസഫൈൻ രാജിവിച്ചു. ഇതോടെ ഡിവൈഎഫ്‌ഐ നിലപാടിന് പ്രസക്തിയില്ലാതായി. മാത്രവുമല്ല, സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമായിരുന്നു ഡിവൈഎഫ്‌ഐയെന്ന വാദവും ഉയർന്നു. എന്നാൽ സ്ത്രീധന വിരുദ്ധ ക്യാംപെയിന്റെ ഫോക്കസ് നഷ്ടപ്പെടാതിരിക്കാനാണ് ജോസഫൈനെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ഡിവൈഎഫ്‌ഐ വിശദീകരണം.

ചാനൽ ചർച്ചയിലെ സിപിഎമ്മിന്റെ ശക്തമായ സാന്നിധ്യമാണ് റഹിം. സ്വർണ്ണ കടത്തിലും മറ്റും സർക്കാരിനെ ന്യായീകരിച്ച് പലപ്പോഴും പ്രതിസന്ധിയിലാകുകയും ചെയ്തു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും അവസരം നൽകിയില്ല. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവായ മുഹമ്മദ് റിയാസിന് ബേപ്പൂരെന്ന സുരക്ഷിത മണ്ഡലം നൽകിയവർ റഹിമിനെ കണ്ടില്ലെന്ന് നടിച്ചു. അങ്ങനെ എല്ലാവരും തഴഞ്ഞെന്ന് കരുതുന്ന റഹിമാണ് ഇപ്പോൾ വീണ്ടും വിവാദത്തിലാകുന്നത്.

സിപിഎം തീരുമാനം എടുക്കുന്നതു കൊണ്ടു തന്നെ ജോസഫൈനെ തള്ളി പറയാൻ റഹിമിന് കഴിയില്ലെന്നതാണ് വസ്തു. ഈ പ്രതിസന്ധിക്കിടെയാണ് ഇത്തരത്തിലൊരു പ്രസ്താവന റഹിം നടത്തിയതെന്നതാണ് വസ്തുത.