ശ്രീനഗർ: കുടുംബ രാഷ്ട്രീയം കാശ്മീരിന് പുത്തരിയല്ല. പ്രബലമായ കുടുംബങ്ങളാണ് കാശ്മീരിലെ ഭരണം കൈയാളിയിട്ടുള്ളവർ. വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോഴും ചരിത്രം ആവർത്തിക്കുന്നുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. അബ്ദുള്ള കുടുടുംബത്തെ ഭരിക്കാൻ അനുവദിച്ച കാശ്മീരികൾ ഇപ്പോൾ അവസരം നൽകിയിരിക്കുന്നത് മുഫ്തിമാർക്കാണ്. ഫലം അറിവായപ്പോൾ പി.ഡി.പി മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുഫ്തി മുഹമ്മദ് സെയ്ദ് നേതൃത്വം നൽകുന്ന പിഡിപി മാറിയിട്ടുണ്ട്. കാശ്മീർ പിടിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ 44ന് തുടക്കമിട്ട് പ്രചരണം നടത്തിയ ബിജെപിക്ക് പക്ഷേ ലക്ഷ്യസ്ഥാനത്തു നിന്നും ഇടറി വീഴുകയും ചെയ്തു.

ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും നേതൃത്വം നൽകുന്ന നാഷണൽ കോൺഫെറൻസിനാണ് കനത്ത തിരിച്ചടിയേറ്റത്. മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ള സോർവാർ മണ്ഡലത്തിൽ പരാജയപ്പെട്ടതാണ് അബദുള്ള കുടുംബത്തിനേറ്റ കനത്ത തിരിച്ചടി. ബീർവയിൽ നിന്നും ഒമർ 904 വോട്ടിന് വിജയിച്ചു. സോൻവാറിൽ പി.ഡി.പിയുടെ മുഹമ്മദ് അഷ്‌റഫ് മിർ 4600 വോട്ടിനാണ് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥി പീർ ബിലാൽ അഹമ്മദ് മൂന്നാം സ്ഥാനത്തെത്തി.

പി.ഡി.പി മുൻ അധ്യക്ഷൻ മുഫ്തി മുഹമ്മദ് സെയ്ദ് വിജയിച്ചു. മുഹമ്മദ് സെയ്ദിന്റെ മകൾ മെഹബൂബ മുഫ്തി മുഖ്യമന്ത്രിസ്ഥാനത്ത് എത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുന്നത്. അതേ സമയം ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിനെ കാശ്മീരി ജനത കൈവിട്ടില്ലെന്നതാണ് മറ്റൊരു പ്രധാന കാര്യം. 12 സീറ്റിൽ ലീഡ് നിലനിർത്തുകയാണ് കോൺഗ്രസ് ഇപ്പോൾ. മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദായിരുന്നു കോൺഗ്രസിന് വേണ്ടി പടനയിച്ചത്. കാശ്മീർ താഴ്‌വരയിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുകയും ചെയ്തു.

അതേസമയം നരേന്ദ്ര മോദി മുന്നിൽ നിന്നും നയിച്ചിട്ടും കാശ്മീർ താഴ്‌വവരയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചില്ല. ജമ്മുവിലാണ് ബിജെപി കാര്യമായ നേട്ടമുണ്ടാക്കിയത്. തൂക്കുസഭ ആസന്നമായപ്പോൾ തന്നെ കോൺഗ്രസ് പി.ഡി.പിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നിലപാട് അറിയിച്ചിട്ടുണ്ട്. കോൺഗ്രസിനെ കൂട്ടി പി.ഡി.പി ഭരിക്കുമോ അതോ ബിജെപി പാളയത്തിലേക്ക പോകുമോ പി.ഡി.പി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ഇപ്പോഴത്തെ നിലയിൽ കോൺഗ്രസിനും പി.ഡി.പിക്കും ചേർന്നാൽ ഭരിക്കാനുള്ള ഭൂരിപക്ഷം തികയും. പിഡിപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കരുതുന്ന മുഫ്തി മുഹമ്മദ് സെയ്ദ് ബിജെപി നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്ന നേതാവാണ്. കേന്ദ്രത്തിൽ ബിജെപി സർക്കാരുമായി സഹകരിച്ചു പോകാനാണ് സർക്കാർ രൂപീകരിച്ചാൽ പാർട്ടി ശ്രമിക്കുകയെന്നാണ് മെഹ്ബൂബ് മുഫ്ത്തിയും വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം കേന്ദ്രമന്ത്രിപദം പി.ഡി.പിക്ക് വാഗ്ദാനം ചെയ്ത് ബിജെപി കൂട്ടുകക്ഷി സർക്കാരിന് ശ്രമിച്ചേക്കും. ഈ ഓഫർ സ്വീകരിച്ചാൽ കഴിഞ്ഞ യുപിഎ സർക്കാരിലെ പോലെ കുടുംബഭരണം ആവർത്തിച്ചേക്കാം. പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സയ്ദും മകൾ മെഹബൂബ മുഫ്തിയും നയിക്കുന്ന പി.ഡി.പി ബിജെപിക്കൊപ്പം ചേർന്നാൽ പിതാവ് കേന്ദ്രമന്ത്രിയും മകൾ സംസ്ഥാന മുഖ്യമന്ത്രിയുമായി അധികാരത്തിലേറാനുള്ള സാധ്യത നിലവിലുണ്ട്യ കഴിഞ്ഞ യുപിഎ സർക്കാറിറിൽ ഫാറൂഖ് അബ്ദുള്ള കേന്ദ്രത്തിലും മകൻ ഒമർ അബ്ദുള്ള സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്നു.

സ്വന്തമായ നിലയിൽ സർക്കാർ രൂപീകരിക്കുകയോ, ആ പാർട്ടിക്ക് സ്വാധീനമുള്ള സർക്കാർ ഉണ്ടാവുകയോ ചെയ്താൽ തന്നെ ബിജെപിയെ സംബന്ധിച്ചിടത്തോളം അത് വൻ നേട്ടമാണ്. അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായി പിഡിപി മാറുമെന്ന് വ്യക്തമായ സാഹചര്യത്തിൽ നാഷണൽ കോൺഫറൻസിന്റെ നിലപാടും നിർണ്ണായകമായേക്കും.