- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ പോയ ഡിവൈഎസ്‌പിയെ പിടികൂടാനാകാത്തത് കേരളാ പൊലീസിന് നാണക്കേട്; ആഭ്യന്തര വകുപ്പിനെതിരെ വിമർശനം കൊഴുക്കുമ്പോൾ അന്വേഷണത്തിന് എസ്‌പി ആന്റണിയുടെ നേതൃത്വത്തിൽ 11 അംഗ ക്രൈംബ്രാഞ്ച് സംഘം; കൊലപാതകം പൊലീസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന ഡിവൈഎസ്‌പി ഹരികുമാർ ഒളിവിൽ പോയത് പൊലീസ് സേനക്ക് നാണക്കേടാകുന്നു. ഒരു വശത്ത് ഉദ്യോഗസ്ഥർ തന്നെ ഡിവൈഎസ്‌പിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിന് ഇടെയാണ് അന്വേഷണം ഊർജ്ജികമാക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്‌പി ഹരികുമാർ ഒളിവിൽ തുടരുന്നത് പൊലീസിനും സർക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മർദ്ദം ശക്തമാക്കിയത്. ഒളിവിൽ കഴിയുന്ന ഡിവൈഎസ്‌പി ഹരി കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും മുമ്പ്, ഹരികുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴി കീഴടങ്ങാനായി സമ്മർദ്ദം ശക്തമാക്കി. ഇതിനിടെ ഹരികുമാറിനെ സംഭവ സ്ഥലത്ത് നിന്ന് രക്ഷിച്ച കൊടങ്ങാവിള സ്വദേശി ബിനുവിനെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എസ്‌പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നെയ്യാറ്റിൻകരയിൽ സ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന ഡിവൈഎസ്‌പി ഹരികുമാർ ഒളിവിൽ പോയത് പൊലീസ് സേനക്ക് നാണക്കേടാകുന്നു. ഒരു വശത്ത് ഉദ്യോഗസ്ഥർ തന്നെ ഡിവൈഎസ്‌പിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിന് ഇടെയാണ് അന്വേഷണം ഊർജ്ജികമാക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്‌പി ഹരികുമാർ ഒളിവിൽ തുടരുന്നത് പൊലീസിനും സർക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മർദ്ദം ശക്തമാക്കിയത്.
ഒളിവിൽ കഴിയുന്ന ഡിവൈഎസ്‌പി ഹരി കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും മുമ്പ്, ഹരികുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴി കീഴടങ്ങാനായി സമ്മർദ്ദം ശക്തമാക്കി. ഇതിനിടെ ഹരികുമാറിനെ സംഭവ സ്ഥലത്ത് നിന്ന് രക്ഷിച്ച കൊടങ്ങാവിള സ്വദേശി ബിനുവിനെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എസ്‌പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നെയ്യാറ്റിൻകരയിൽ സനൽ കുമാർ മരിച്ചു കിടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സനൽ കുമാറിന്റെ ഭാര്യയിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും സംഘം മൊഴി രേഖപ്പെടുത്തി. അതേസമയം, ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് പൂട്ടിയിട്ട നിലയിലാണ്. ഹരികുമാറിന്റെ സഹാദരൻ മാധവൻ പിള്ളയും കുടംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. ഹരികുമാറിന്റെ ഭാര്യയും മകനും ബന്ധു വീട്ടിലേക്ക് മാറിയതായാണ് സൂചന. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഹരികുമാറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടരുന്നതായി റൂറൽ എസ്‌പി പി അശോക് കുമാർ പറഞ്ഞു.
കൊലപാതകം പൊലീസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. സനലിനെ ആശുപത്രിയിലെത്തിച്ചപ്പോൾ സംഭവം അപകടമരണമാണെന്ന് പറഞ്ഞ് ഡി.വൈ.എസ്‌പിയെ രക്ഷിക്കാൻ നീക്കം നടത്തിയതായി സനലിന്റെ സുഹൃത്ത് പ്രവീൺ പറഞ്ഞു. സനലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം അപകടമരണമാണെന്ന് പൊലീസ് ആശുപത്രി അധികൃതരോട് പറഞ്ഞത്. റോഡുമുറിച്ച് കടക്കുമ്പോൾ അപകടം സംഭവിച്ചുവെന്നായിരുന്നു പൊലീസുകാർ ഡോക്ടർമാരെ അറിയിച്ചത്. ആശുപത്രി രേഖകളിൽ ഇങ്ങനെ എഴുതിചേർക്കുകയും ചെയ്തു. പിന്നീട് താനടക്കമുള്ള സുഹൃത്തുക്കളാണ് ഡോക്ടർമാരെ കാര്യങ്ങൾ അറിയിച്ചതെന്നും, ഇതിനുശേഷമാണ് അപകടമരണമെന്നത് മാറ്റിയെഴുതിയതെന്നും പ്രവീൺ വ്യക്തമാക്കി. രംഗം വഷളായതോടെ പൊലീസുകാർ ആശുപത്രിയിൽനിന്ന് മടങ്ങിയെന്നും പ്രവീൺ പറഞ്ഞു.
സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ താനടക്കമുള്ള സുഹൃത്തുക്കളെ പൊലീസ് ഒഴിവാക്കിയെന്ന് സനലിന്റെ മറ്റൊരു സുഹൃത്തായ രഞ്ജുവും വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ സനൽകുമാറിനെ ആശുപത്രിയിലാക്കാൻ ആംബുലൻസിനെ വിളിപ്പിച്ചത് പൊലീസാണെന്ന വാദമാണ് അവസാനം പൊളിഞ്ഞത്.
സനൽ അപകടത്തിൽപ്പെട്ടുവെന്നായിരുന്നു പൊലീസിന്റെ ആദ്യ വെളിപ്പെടുത്തൽ. വാഹനാപകട മരണമെന്ന നിലയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സനലിനെ എത്തിച്ച പൊലീസുകാരുടെ മൊഴി. എന്നാൽ സംഭവം പെട്ടെന്ന് തിരിഞ്ഞു മറിഞ്ഞു. സനൽകുമാറിനെ ഡിവൈ.എസ്‌പി. ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തി. ഒരു മണിക്കൂറോളം പരിക്കേറ്റ് രോഡിൽക്കിടന്ന ശേഷമാണ് പൊലീസ് ഇയാളെ നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചത്. പൊലീസ് വിളിച്ചറിയിച്ച ആംബുലൻസിലാണ് കൊണ്ടുപോയതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ലൈഫ് കെയർ എന്ന ആംബുലൻസിനെ അപകടവിവരം അറിയിച്ചത് കാഞ്ഞിരംകുളത്തുള്ള മറ്റൊരു ആംബുലൻസുകാരാണെന്നാണ് ഡ്രൈവർ അനീഷിന്റെ വെളിപ്പെടുത്തൽ.
ഓലത്താന്നി-പൂവാർ റൂട്ടിൽ ആംബുലൻസ് ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനീഷിനെ കൊടങ്ങാവിളയിലെ അപകടവിവരം അറിയിക്കുന്നത്. അവിടെനിന്നും ഷിബു എന്ന സി.പി.ഒ.യുടെ കൂടെയാണ് പരിക്കേറ്റ ആളെ ആശുപത്രിയിലേക്കായി കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ബീക്കൺ ലൈറ്റ് ഓഫാക്കിയിടാൻ സി.പി.ഒ.യായ ഷിബു പറഞ്ഞതായി ആംബുലൻസ് ഡ്രൈവർ അനീഷ് വ്യക്തമാക്കി. മാത്രവുമല്ല ആംബുലൻസിന്റെ സ്പീഡ് കുറയ്ക്കാനും ആവശ്യപ്പെട്ടു.
അപകടശേഷം തുടക്കം മുതൽ പൊലീസ് വ്യക്തമാക്കിയിരുന്നത് യഥാസമയം സനൽകുമാറിനെ ആശുപത്രിയിലെത്തിച്ചെന്നാണ്. പൊലീസിന്റെ എഫ്.ഐ.ആർ. പ്രകാരം അപകടസമയം തിങ്കളാഴ്ച രാത്രി 9.45-ന് എന്നാണ്. 10.12-നാണ് പൊലീസിനെ അപകട വിവരം അറിയിക്കുന്നത്. 10.21-ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിയെന്നും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11.10-ന് എത്തിയെന്നുമാണ് വ്യക്തമാക്കിയത്.
ഇതിനിടെ വേറെ ഒരിടത്തും പോയില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സത്യമല്ലെന്നാണ് ആംബുലൻസ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യത്തിലൂടെ വെളിവായത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും സനൽകുമാറിനെ എത്തിക്കുമ്പോൾ അവിടെയെല്ലാം പറഞ്ഞിരുന്നത് വാഹനമിടിച്ചുള്ള അപകടമെന്നാണ്. എന്നാൽ പൊലീസ് പിന്നീട് എടുത്ത എഫ്.ഐ.ആറിൽ സനൽകുമാറിനെ ഡിവൈ.എസ്‌പി. ബി.ഹരികുമാർ മർദ്ദിച്ചശേഷം ഓടിക്കൊണ്ടിരുന്ന കാറിനുമുന്നിലേക്ക് തള്ളിയിട്ടുവെന്നാണ്. ഇതിലൂടെയെല്ലാം തുടക്കംമുതൽ ഡിവൈ.എസ്‌പി.യെ രക്ഷിക്കാനുള്ള പൊലീസിന്റെ ശ്രമമാണ് പൊളിഞ്ഞത്.