- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേത പരിശോധനയ്ക്കുള്ള അപേക്ഷയിൽ എഴുതിയത് 'സുകുമാരക്കുറുപ്പെന്നു പറയപ്പെടുന്ന ആൾ' എന്ന്; മരിച്ചത് കുറുപ്പല്ലെന്ന സംശയത്തെ ബലപ്പെടുത്തിയത് അന്വേഷണത്തിനിടെ ലഭിച്ച ഫോൺ കോൾ; പിന്തുടർന്നപ്പോൾ എത്തിയത് ചാക്കോയിലേക്ക്; കുറുപ്പിന്റെ പദ്ധതികൾ പൊളിച്ച ഡിവൈഎസ്പി ആ കഥ പറയുന്നു
തിരുവനന്തപുരം: മലയാളിയുടെ ഓർമ്മകളിലേക്ക് ചേക്കേറിയ സുകുമാര കുറുപ്പിനെ വീണ്ടും പുറത്തെത്തിക്കുകയാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് എന്ന ചിത്രം.മികച്ച അഭിപ്രായവും കലക്ഷനും നേടി ചിത്രം മുന്നേറുമ്പോൾ യഥാർത്ഥ സംഭവത്തിന്റെ ഭാഗമായ,ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരോരുത്തരും വീണ്ടും ചർച്ചകളിൽ നിറയുകയാണ്.പഴയ അന്വേഷണ വഴികളും സംഭവങ്ങളുമൊക്കെ പൊടി തട്ടുകയാണ് മലയാളികൾ. ചിതലരിതക്കാത്ത ആ ഓർമ്മകളിലെ ഏറ്റവും തിളക്കമുള്ള അധ്യായമാണ് കേസ് അന്വേഷിച്ച അന്ന് ചെങ്ങന്നൂർ ഡിവൈ.എസ്പി.ആയിരുന്ന പി.എം.ഹരിദാസിന്റെത്.
കുറുപ്പ് പദ്ധതിയട്ടത് പോലൊന്നും കാര്യങ്ങൾ നടക്കാതെ പോയത് ഈ അന്വേഷണ ഉദ്യോഗസ്ഥന്റെ സാമർത്ഥ്യം ഒന്നുകൊണ്ട് മാത്രമാണ്.1984 ജനുവരി 22-ന് പുലർച്ചെ കൊല്ലകടവ് പാലത്തിനുസമീപം കുന്നം എന്ന സ്ഥലത്താണ് വയലിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ട കാറിന്റെ ഡ്രൈവിങ് സീറ്റിൽ തിരിച്ചറിയാനാകാത്തവിധം മൃതദേഹം കണ്ടത്. വിവരമറിഞ്ഞ അദ്ദേഹം പുലർച്ചെ അഞ്ചുമണിയോടെ സ്ഥലത്തെത്തി. ഇതിനിടെ കാറിന്റെ ഉടമയും ചെറിയനാട്ടുകാരനും പ്രവാസിയുമായ സുകുമാരക്കുറുപ്പാണ് മരിച്ചതെന്ന് വാർത്ത പരന്നു. പൊലീസും അത്തരമൊരു നിഗമനത്തിലായിരുന്നു.
പക്ഷെ അപ്പോൾ തന്നെ ചില സംശയങ്ങൾ പിഎം ഹരിദാസിന്റെ മനസിൽ തോന്നിയിരുന്നു. അതുകൊണ്ട് തന്നെ പ്രേതവിചാരണയ്ക്കുശേഷം ഫൊറൻസിക് സർജന് നൽകിയ മൃതദേഹപരിശോധനയ്ക്കുള്ള അപേക്ഷയിൽ 'സുകുമാരക്കുറുപ്പെന്നു പറയപ്പെടുന്ന ആൾ' എന്നാണ് ഹരിദാസ് എഴുതിയിരുന്നത്.ചാക്കോവധക്കേസിലെ വഴിത്തിരിവുകൾ അവിടെയാണ് തുടങ്ങിയത്.മറ്റൊരിടത്ത് നടന്ന കൊലപാതകത്തിനുശേഷം മൃതദേഹം കാറിൽ കൊണ്ടുവച്ച് കത്തിച്ചതാണെന്നും മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്നുമെല്ലാം വിദഗ്ധപരിശോധനയിൽ തെളിഞ്ഞു. ഫുൾക്കൈ ഷർട്ട് ധരിച്ച് പൊലീസ് സ്റ്റേഷനിൽ വന്ന കുറുപ്പിന്റെ ബന്ധു ഭാസ്കരപിള്ളയുടെ പെരുമാറ്റത്തിൽ പന്തികേടുതോന്നി അയാളുടെ ശരീരത്തിലെ പൊള്ളലുകൾ കണ്ടെത്തിയതും ഹരിദാസായിരുന്നു.
അങ്ങനെ ഭാസ്കരപിള്ള 'സുകുമാരക്കുറുപ്പിന്റെ' കൊലപാതകക്കുറ്റം ഏറ്റെടുത്തു. എങ്കിലും ചാക്കോ എന്ന ഉത്തരത്തിലേക്ക് പൊലീസിന് വീണ്ടുമേറെ ദൂരമേറെയുണ്ടായിരുന്നു. കുറുപ്പുതന്നെയാണോ മരിച്ചതെന്ന തന്റെ സംശയങ്ങൾ ബലപ്പെടുത്താൻപോന്ന നിഗമനങ്ങളിലേക്ക് ഇതിനോടകം ഹരിദാസ് എത്തിയിരുന്നു. ഈ സമയത്താണ് കുറുപ്പിന്റെ അകന്ന ബന്ധുവായിരുന്ന ഒരാളുടെ നിർണായകമായ ഫോൺകോൾ അദ്ദേഹത്തെ തേടിയെത്തിയത്. മരിച്ചത് കുറുപ്പല്ലെന്നും മറ്റൊരാളാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ലഭിച്ച വിവരങ്ങളുപയോഗിച്ചുള്ള തുടരന്വേഷണങ്ങളാണ് ചാക്കോയിലേക്കെത്തുന്നത്. ചാക്കോയുടെ വീട്ടിൽ പോയതും ഭാര്യയെയും ബന്ധുക്കളെയും കണ്ടതും അദ്ദേഹം ഓർത്തെടുത്തു.ഇപ്പോൾ അയത്തിൽ പാൽക്കുളങ്ങര നഗർ-അഞ്ച്, ഭാവനയിൽ വിശ്രമജീവിതം നയിക്കുകയാണ് എൺപത്തിരണ്ടുകാരനായ അദ്ദേഹം.കുറുപ്പ് മരിച്ചെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന്, മരിച്ചതിന് തെളിവുകളില്ലാതെ എങ്ങനെയത് വിശ്വാസത്തിലെടുക്കും എന്നാണദ്ദേഹം പ്രതികരിച്ചത്.
വർഷങ്ങൾക്കുമുൻപ് സിനിമയുടെ ആവശ്യങ്ങൾക്കായി അണിയറക്കാർ വിളിച്ചിരുന്നു. അവർക്കാവശ്യമായ, കേസുമായി ബന്ധമുള്ള ചിത്രങ്ങൾ പലതും നൽകിയിരുന്നു.സിനിമ കണ്ടതിനുശേഷം ബന്ധുക്കളും അടുപ്പക്കാരുമായ പലരും വിളിച്ചു. 'സിനിമ കാണണമെന്നുണ്ട്. തിയേറ്ററുകളിലല്ലെങ്കിൽ ചെറിയ സ്ക്രീനിലെത്തുമ്പോൾ. എന്തായാലും കാണണം'-അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ