തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎസ്‌പി ഹരികുമാർ കഴിഞ്ഞ ഒമ്പത് ദിവസമായി ഒളിച്ചു നടക്കുകയായിരുന്നു. കേസിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ തേടിയാണ് അദ്ദേഹം ഇത്രയും ദിവസം ഒളിച്ചു നിന്നത്. ഒടുവിൽ മറ്റു മാർഗ്ഗങ്ങളില്ലെന്ന് ബോധ്യമായതോടെ അദ്ദേഹം സ്വയം ശിക്ഷവിധിക്കുകയായിരുന്നു.

സനൽകുമാറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഡിവൈ.എസ്‌പിയെ പിടികൂടാൻ പൊലീസ് ഊർജ്ജിതമായി ശ്രമിച്ചിരുന്നില്ലെന്ന് തുടക്കം മുതൽ പരാതിയുണ്ടായിരുന്നു. പരമാവധി സംയമനം പാലിച്ച് ഹരികുമാറിന് കീഴടങ്ങാനുള്ള അവസരമൊരുക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. ഇതിനിടെ ഹരികുമാർ തമിഴ്‌നാട്ടിലേക്ക് മുങ്ങിയെന്നാണ് പൊലീസ് ആദ്യം മുതൽക്കേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. ഇത് പ്രകാരം നാല് പേരെ ചോദ്യം ചെയ്യുകയുമുണ്ടായി.

ഇതിനിടെ ജനവികാരം എതിരാകുകയും അറസ്റ്റല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്ന് ബോധ്യമാകുകയും ചെയ്തതോടെയാണ് ഹരികുമാർ ജീവനൊടുക്കിയത്. കല്ലമ്പലത്തെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കാണപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഹരികുമാർ വീട്ടിലെത്തിയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം റൂറൽ എസ്‌പി അശോക് കുമാറാണ് സൂചന നൽകിയത്. ഹരികുമാർ ജീവനൊടുക്കിയത് മറ്റ് മാർഗമില്ലാതെ വന്നതോടെയാണ്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാൽ മുൻകൂർ ജാമ്യം കിട്ടാൻ ഒരു സാധ്യതയുമില്ലെന്ന് അഭിഭാഷകർ ഹരികുമാറിനെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരിഗണിക്കാനിരുന്നത്. സി.ജെ.എം കോടതി തള്ളിയാലും മേൽക്കോടതിയിൽ പോയിട്ടും പ്രയോജനമില്ലെന്ന അഭിപ്രായമാണ് പൊതുവേ ഉയർന്നത്. ഇക്കാര്യം അഭിഭാഷകർ ഹരികുമാറിന്റെ ബന്ധുക്കളെയും അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നെയ്യാറ്റിൻകര ഡി.വൈ.എസ്‌പി ആയിരിക്കേ പിടികൂടിയ പ്രതികളെ അയച്ചത് നെയ്യാറ്റിൻകര സബ് ജയിലിലേക്കാണ് ഹരികുമാർ അയച്ചിരുന്നത്. കോടതിയിൽ കീഴടങ്ങുകയോ പൊലീസ് അറസ്റ്റു ചെയ്യുകയോ ചെയ്താൻ തന്നെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് അയക്കരുതെന്ന നിബന്ധ ഹരികുമാർ നേരത്തെ വച്ചിരുന്നുവെന്നാണ് വിവരം. പൊലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരുന്നത്. താൻ പിടികൂടിയവരുടെ ഇടയിലേക്ക് റിമാൻഡ് തടവുകാരനാകുന്നതിലെ മാനസിക്ക ബുദ്ധിമുട്ടൊക്കെയാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയതെന്നാണ് അറിയുന്നത്.

കർണാടകയിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശത്തായിരുന്നു ഹരികുമാർ ഒളിവിൽ കഴിഞ്ഞതെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇയാൾക്ക് സിം കാർഡ് എടുത്തുനൽകിയ ലോഡ്ജ് നടത്തിപ്പുകാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച സൂചനയാണിത്. ഇന്നലെ വൈകിട്ടോടെ കല്ലമ്പലത്ത് എത്തിയ ഹരികുമാർ ക്രൈംബ്രാഞ്ചിന് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചു. എന്നാൽ സ്വന്തം വീട്ടിലേക്ക് ഇയാൾ പോകുമെന്ന ധാരണ പൊലീസിനുണ്ടായിരുന്നില്ലെന്നം സൂചനയുണ്ട്. പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഹരികുമാറിനൊപ്പം ഒളിവിൽ പോയ ബിനുവിന്റെ മൂത്തമകനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്ന് ഹരികുമാറിന്റെ മൂത്ത സഹോദരൻ മാധവനെയും അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും പൊലീസ് നടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമായതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ ഹരികുമാർ ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു. കല്ലമ്പലത്തെ സ്വന്തം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഹരികുമാർ. സനൽകുമാർ കൊല്ലപ്പെട്ട രാത്രി വീട്ടിൽ എത്തിയ ഹരികുമാർ ഭാര്യയോടും മകനോടും വിവരം പറഞ്ഞശേഷം ഒളിവിൽ പോകുകയായിരുന്നു.

ഹരികുമാറിന്റെ ആത്മഹത്യ വിരൽ ചൂണ്ടുന്നത് പൊലീസിന്റെ കൃത്യമായ വീഴ്‌ച്ചയയിലേക്കെന്നം ആരോപണം വി എസ്ഡിപി നേതാക്കൾ ഉന്നയിച്ചു. ഹരികുമാറിനെ സംരക്ഷിക്കാൻ ആദ്യം മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ചരടു വലിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു. ഒളിവിൽപ്പോയ ഡി.വൈ.എസ്‌പി. മുപ്പതിലേറെത്തവണ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതാവിനെ വിളിച്ചിരുന്നു. കൂടാതെ സംഭവസ്ഥലത്തുനിന്ന് കടക്കുന്നതിനിടെ അഞ്ചുപ്രാവശ്യം സ്ഥലം എസ്‌ഐ.യെയും വിളിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നൽകിയവർക്കാണ്. ഹരികുമാറിനെ സംരക്ഷിച്ചവർക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ ആവശ്യപ്പെടുകയുണ്ടായി.

സനൽകുമാറെന്ന ചെറുപ്പക്കാരനെ വാക്കു തർക്കത്തിനിടെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നതോടെ നാട്ടുകാരും മാധ്യമങ്ങളും, രാഷ്ട്രീയപാർട്ടികളും, സനലിന്റെ ബന്ധുക്കളും ഒന്നിച്ച് ഡിവൈഎസ്‌പിക്ക് എതിരെ നിന്നതോടെ ഒരു ബന്ധങ്ങളും പോരാതെ വന്നു. ഡിവൈഎസ്‌പിയുടെ സ്വാധീനവലയങ്ങൾക്ക് അയാളെ രക്ഷിക്കാൻ കഴിയാതെയായി. മുൻകൂർ ജാമ്യാപേക്ഷ കോടതി നീട്ടിവെച്ചു, ഇതിനിടെ സനലിന്റെ ബന്ധുക്കളുടെ പ്രതിഷേധവും കൂടിയായപ്പോൾ പൊലീസിനുള്ളിൽ നിന്നുതന്നെ സമ്മർദങ്ങളേറി. പൊലീസ് ബുദ്ധി ഉപയോഗിച്ച് തന്നെ ഡിവൈഎസ്‌പി ഒളിവിൽ പോയപ്പോൾ, മരണത്തിനിപ്പുറം ഏഴുനാൾ കഴിഞ്ഞും പൊലീസിന് പിടികൂടാനായില്ല. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഹരികുമാർ ഫോണിൽ ബന്ധപ്പെട്ടില്ല. എടിഎം ഉപയോഗിച്ചുമില്ല ഇതോടെ ഹരികുമാറിനെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെയായി. പൊലീസ് ഇരുട്ടിൽ തപ്പിയപ്പോൾ ബന്ധുക്കൾ നിയമപരമായി നേരിടാനൊരുങ്ങി. മാധ്യമങ്ങൾ ഡിവൈഎസ്‌പിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരമ്പരയാക്കി. ഇതോടെ ഗത്യന്തരമില്ലാതെ സ്വന്തം വീട്ടിലെ കയറിൽ ഡിവൈഎസ്‌പി ബി.ഹരികുമാർ ജീവനൊടുക്കി.