തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനൽകുമാരിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡിവൈഎസ്‌പി ബി ഹരികുമാർ കല്ലമ്പലത്തെ ഭാര്യയുടെ വീടിനോട് ചേർന്ന ഷെഡ്ഡിലാണ് മരിച്ച നിലിയൽ കണ്ടെത്തിയ്. കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടിൽ ഇന്നലെ രാത്രി എത്തിയ അദ്ദേഹം വീട്ടുകാർപോലും അറിയാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന സൂചന. ഹരികുമാറിന്റെ ഭാര്യയുടെ അമ്മയാണ് ആദ്യം മൃതദേഹം കാണുന്നത്.

ജോലിയുടെ ഭാഗമായി നെയ്യാറ്റികരയിലാണ് ഡിവൈ എസ്‌പി ഇപ്പോൾ താമസിക്കുന്നത്. ഭാര്യ കല്ലമ്പലത്തെ വീട്ടിലായിരുന്നു. ഭാര്യയുടെ അമ്മ വളർത്തുനായയ്ക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഡിവൈ എസ്‌പിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന് തേങ്ങാപ്പുരയായും വിറകും മറ്റു സാധനങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡാണിത്. ഇവിടെ വെള്ളമുണ്ടിൽ തൂങ്ങിയ നിലയിലാണ് ഡിവൈഎസ്‌പിയെ കണ്ടെത്തിയത്. നീല ജീൻസും കറുപ്പു ചുവപ്പും നിറത്തിലുള്ള ടീഷർട്ടുമാണ് അദ്ദേഹം ധരിച്ചിരുന്നത്.

മൃതദേഹം കണ്ട ഉടനെ ഇവർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി റൂറൽ എസ്‌പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഹരികുമാർ തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലേക്ക് കടന്നെന്ന് വാർത്തകൾ വരുമ്പോഴാണ് കല്ലമ്പലം പൊലീസ് സ്റ്റേഷന് സമീപത്തുള്ള സ്വന്തം വീട്ടിൽ ഹരികുമാറിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. എല്ലാകണ്ണുകളും വെട്ടിച്ച് ഹരികുമാർ എങ്ങനെ അവിടെ എത്തിയെന്നത് ദുരൂഹമാണ്.

ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് നിരീക്ഷണമുണ്ടായിരുന്ന വീട്ടിലേക്കാണ് അദ്ദേഹം എത്തിയത്. കാവൽ എന്ന നിലയ്ക്ക് പൊലീസ് ഉണ്ടായിരുന്നില്ലെന്നും 24 മണിക്കൂറും പൊലീസ് ഇവിടെ നിൽക്കുന്നില്ലെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നപ്പോൾ റൂറൽ എസ്‌പി ഹരികുമാർ പറഞ്ഞത്. ആത്മഹത്യ ചെയ്തു എന്ന് മാത്രമാണ് വിവരം. മറ്റൊന്നും അറിയില്ല.ഇടയ്ക്ക് ഇവിടെ വന്നു നോക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ന് നോക്കുമ്പോൾ ഇവിടെ ആരും ഇല്ല. പൂട്ടിയിരിക്കുകയാണ്. ആരും ഇല്ലെന്നും റൂറൽ എസ്‌പി പ്രതികരിച്ചു.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം തേടാനാണ് പൊലീസ് ശ്രമം. ഇതിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധന നടത്താനാണ് നീക്കം. നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഹരികുമാർ കീഴടങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാർ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത് കേസിലെ രണ്ടാംപ്രതിയും ഹരികുമാറിന്റെ സുഹൃത്തുമായ ബിനുവിന്റെ വീട്ടിൽ ഇവരെത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.

സംഭവശേഷം കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുമ്പോൾ ഉപയോഗിച്ച കാർ അവിടെ ഉപേക്ഷിച്ചശേഷം അവിടെ നിന്ന്അംബാസിഡർ കാറിൽ രക്ഷപ്പെട്ടതായാണ് വിവരം. ഇതേതുടർന്ന് ഹരികുമാറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കാണപ്പെട്ട വിവരം പുറത്തറിഞ്ഞത്. സനൽകുമാറിന്റെ മരണത്തിന് ശേഷം കീഴടങ്ങാൻ ആവശ്യപ്പെടുന്നതിന് പകരം മാറി നിൽക്കാനായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് അസോസിയേഷൻ നേതാക്കളും ഹരികുമാറിനെ ഉപദേശിതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇങ്ങനെ മാറിനിന്നത് കേസിന് മേൽ കൂടുതൾ ശ്രദ്ധകിട്ടാനും ഇടയാക്കി.

തിങ്കളാഴ്ച രാത്രി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട ഹരികുമാർ നാട്ടിൽ നിന്ന് മാറിനിൽക്കുന്നതായി ആദ്യം വിളിച്ചറിയിച്ചത് റൂറൽ എസ്‌പി അശോക് കുമാറിനെ. പൊലീസ് അസോസിയേഷന്റ ജില്ലാ നേതാവിന്റ സഹായവും രക്ഷപെടാൻ തേടി. അന്നുരാത്രി തന്നെ നാടുവിട്ട ഹരികുമാറിനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നായിരുന്നു പൊലീസിന്റ വിശദീകരണം. അറസ്റ്റിനായി മുറവിളി ഉയരുമ്പോൾ ഹരികുമാർ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസ് ആവർത്തിച്ചുകൊണ്ടേയിരുന്നു.

നവംബർ അഞ്ചാം തീയതി രാത്രി 10 മണിയോടെയാണ് റോഡരുകിലെ തർക്കത്തെ തുടർന്ന് നെയ്യാറ്റിൻകര സ്വദേശി സനൽ കൊല്ലപ്പെടുന്നത്. പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ബിനുവിന്റെ വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ ഹരികുമാർ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് മരണത്തിൽ കലാശിച്ചത്. സനൽ ഭക്ഷണം കഴിക്കാൻ എത്തിയ കടയുടെ ഉടമയാണ് കേസിലെ മുഖ്യസാക്ഷി. ഇതിനിടെ, ഡിവൈഎസ്‌പിയെ ഒളിവിൽ പോകാൻ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ് കുമാറിനെയും രണ്ടാം പ്രതി ബിനുവിന്റെ മകനും കേസിലെ നാലാം പ്രതിയുമായ അനൂപ് കൃഷ്ണനെതും കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. പണമിടപാട് സ്ഥാപനം നടത്തുന്ന ബിനുവിനെ പിടികൂടാനായില്ല.