- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേട്ട സിഐ ആയിരിക്കുമ്പോൾ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിച്ചതിന് കിട്ടിയത് സസ്പെൻഷൻ; ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരിക്കവേ റിസോർട്ടുകളിലെ പരിശോധന മാസപ്പടിക്ക് വേണ്ടി; കടയ്ക്കാവൂരിലെ അമ്മക്കെതിരെ പോക്സോ ചുമത്തിയതിലെയും വില്ലൻ; ഡിവൈഎസ്പി എസ് വൈ സുരേഷിന് ഒടുവിൽ പൂട്ടു വീഴുമ്പോൾ
തിരുവനന്തപുരം: അന്വേഷണ മികവിൽ രാജ്യത്തെ മറ്റേതു പൊലീസിനേക്കാൾ മികവു പുലർത്തുന്നവരാണ് കേരളാ പൊലീസ്. എന്നാൽ, പലപ്പോഴും കോവിഡ് കാലത്തെ പ്രവർത്തികളുടെ പേരിൽ അടക്കം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട് ഇവർ. എന്നാൽ സത്യസന്ധരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പോലും നാണക്കേടാകുകയാണ് ചില കാക്കിയിട്ടവർ. ചെറിയ കാര്യത്തിന് വേണ്ടി പോലും കൈക്കൂലിയും മാസപ്പടിയും പതിവാക്കിയ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന ഹൈക്കോടതി നിർദേശമൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ല.
അത്തരത്തിൽ കൈക്കൂലി വാങ്ങി ശീലിച്ച ഒരു ഡിവൈഎസ്പിക്ക് ഒടുവിൽ പണി കിട്ടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി എസ്.വൈ.സുരേഷിനെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സർക്കാർ സസ്പെൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരിക്കെ റിസോർട്ട് ഉടമകളിൽ നിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ കഴമ്പുണ്ടെന്നു വിജിലൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്താനത്തിലാണ് എസ് വൈ സുരേഷിനെ സസ്പെൻഡ് ചെയ്തത്.
റിസോർട്ടുകളിൽ റെയ്ഡ് നടത്തി കേസെടുത്ത ശേഷം കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. ഇടനിലക്കാർ മുഖേനയാണു കൈക്കൂലി വാങ്ങിയതെന്നും അതിനായി അവരെ പല തവണ ഫോണിൽ വിളിച്ചതിനു തെളിവുണ്ടെന്നും വിജിലൻസ് റിപ്പോർട്ട് ചെയ്തു. ഇതോടെയാണു സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി.
ആറ്റിങ്ങൽ ഡിവൈ.എസ്പി.യായി ജോലിനോക്കുമ്പോൾ കീഴുദ്യോഗസ്ഥരെ അറിയിക്കാതെ നേരിട്ട് റിസോർട്ടുകളിൽ പരിശോധന നടത്തുകയായിരുന്നു സുരേഷിന്റെ ശൈലി. പിന്നീട് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാൻ മാസപ്പടിയായി പണം ആവശ്യപ്പെടുകയും ചെയ്തു. റിസോർട്ടുടമകളിൽനിന്നു മാസപ്പടിയായാണ് പണം ആവശ്യപ്പെട്ടത്. ഇതിനായി ഇടനിലക്കാരനുമായി 146 തവണ ഫോണിൽ ബന്ധപ്പെട്ടതായി വിജിലൻസ് അനേഷണ സംഘം കണ്ടെത്തി. ഇത് അച്ചടക്കലംഘനമാണെന്നാണ് അന്വേഷണറിപ്പോർട്ട്.
എസ്.വൈ.സുരേഷിന്റെ കഴിഞ്ഞ ആറുമാസത്തെ ഇടപാടുകൾ വകുപ്പുതല അന്വേഷണത്തിന് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. മുമ്പും കൈക്കൂലിയുടെ കാര്യത്തിൽ കുപ്രസിദ്ധനാണ് സുരേഷ്. പേട്ട സിഐയായിരിക്കുമ്പോൾ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനും സുരേഷിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. അന്ന് പ്രതികളെ സഹായിക്കാൻ വേണ്ടിയാണ് ഈ ഉദ്യോസ്ഥൻ നിലകൊണ്ടത് എന്ന ആരോപണവും ഉയർന്നിരുന്നു.
കടയ്ക്കാവൂരിൽ മകന്റെ മൊഴിയിൽ അമ്മക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സുരേഷായിരുന്നു. ഈ കേസിൽ കടുത്ത ആരോപണങ്ങൾ കടയ്ക്കാവൂരിലെ മാതാവും സുരേഷിനെതിരെ ഉന്നയിക്കുക ഉണ്ടായി. മാതാവിനെ പോക്സോ കേസിൽ ഉൾപ്പെടുത്താൻ ഇടയാക്കിയതിന് പിന്നിലും കൈക്കൂലി വിവാദം അന്ന് ഉയർന്നിരുന്നു.
ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലെ ആദ്യ അന്വേഷണ സംഘം ആ മാതാവിനെ കുടുക്കിയതാണെന്ന ആരോപണം പിന്നീട് കോടതി ശരിവെച്ചിരുന്നു. ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷിച്ചപ്പോൾ ആദ്യ അന്വേഷണ സംഘത്തിന് വീഴ്ച്ചയുണ്ടായെന്നും വ്യക്തമായിരുന്നു.
നിരവധി കുടുംബപ്രശ്നങ്ങൾ നിലനിൽക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആക്ഷൻ കൗൺസിലും നാട്ടുകാരും പൊലീസിന് എതിരായ നിലപാടിലായിരുന്നു. ബന്ധുക്കളും പൊലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചെന്ന ആരോപണം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഐജി തല അന്വേഷണം നടത്തിയത്.
അന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്പി എസ്.വൈ സുരേഷ് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപണമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പാകെ ലഭിച്ചിരുന്നു. തട്ടത്തുമലയിലുള്ള ഒരു അഭിഭാഷകൻ ഇടനിലക്കാരനായാണ് പണം ഡി.വൈ.എസ് പി കൈമാറിയതെന്നാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ സിഐക്ക് മേൽ ഡി.വൈ.എസ്പി യുവതിയെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ സിഐ ഇത് വിസമ്മതിക്കുകയും അവധിയിൽ പോകുകയും ചെയ്തു. തുടർന്ന് കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ ഡി.വൈ.എസ്പിയുടെ നിർദ്ദേശം അനുസരിച്ച് ഡിസംബർ 28 ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നായിരുന്നു ആരോപണം.
യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങൾ മാധ്യമങ്ങൾ വഴി പുറം ലോകത്തെ അറിയിച്ചതിന് 1 ലക്ഷം രൂപ കൂടി ഡി.വൈ.എസ്പിക്ക് യുവതിയുടെ മുൻ ഭർത്താവ് കൈമാറി എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് ഡി.ജി.പി സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസി.കമ്മീഷ്ണർ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ഈ സംഭവം അടക്കം ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ വാസ്തവം ഉണ്ടെന്ന് തെളിഞ്ഞാൽ ഡിവൈഎസ്പിക്ക് മേൽ കൂടുതൽ കുരുക്കു വീഴുമെന്ന് ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ