കോട്ടയം: എന്തുസമ്മർദ്ദം വന്നാലും, ഏതുപ്രതിസന്ധിയിൽ പെട്ടാലും അൽപം പോലും ഇളകില്ല. അന്വേഷണം ഒരുതടസവുമില്ലാതെ പുഴ പോലെ ഒഴുകും. അതുകൊണ്ടാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീപീഡനക്കേസ് സധൈര്യം മേലുദ്യോഗസ്ഥർ ഡിവൈഎസ്‌പി കെ.സുഭാഷിനെ ഏല്പിച്ചത്. മൂന്ന് മാസത്തെ അന്വേഷണത്തിന്റെ തുടക്കം മുതൽ ബിഷപ്പ് അറസ്റ്റിലാകും വരെ വിശ്രമമില്ലാതെ കൃത്യനിഷ്ഠയോടെയുള്ള ജോലി. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ജലന്ധറിൽ പോകുന്ന സമയത്ത് കടുത്ത പനി മൂലം അവശനായിരുന്നു. എന്നാൽ, ശാരീരിക ക്ഷീണം ഒട്ടുവകവയ്ക്കാതെ, ജലന്ധറിൽ പോയി എന്നുമാത്രമല്ല, ബിഷപ്പിന്റെ അനുയായികളുടെ പ്രതിഷേധവും മറ്റും മറികടന്ന് ഏഴുമണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

പൊലീസിൽ ജോലിയിൽ പ്രവേശിച്ച നാൾ മുതൽ ഇതുതന്നെയാണ് ഡിവൈഎസ്‌പി സുഭാഷിന്റെ ശൈലി. കൃത്യനിർവ്വഹണത്തിൽ അണുവിട വ്യതിചലിക്കാത്ത പ്രവർത്തന രീതിയാണ് അദ്ദേഹത്തിന്റെ മുഖ മുദ്ര. പ്രശസ്തിക്കായി ഒന്നും ചെയ്യില്ലെന്ന പിടിവാശിക്കാരൻ കൂടിയായതോടെ മേലധികാരികളുടെയും പ്രിയങ്കരനായി കന്യാസ്ത്രീപീഡനക്കേസിലും, തുടക്കം മുതൽ അവസാന നിമിഷം വരെ മേലുദ്യോഗസ്ഥരുടെ ഈ ധാരണ അദ്ദേഹം കാത്തു സൂക്ഷിച്ചു.

വലിയ വീരവാദങ്ങളോ, കാടിളക്കിയുള്ള തെളിവെടുപ്പുകളോ ഇല്ലാതെ അദ്ദേഹം തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിർവ്വഹിച്ചു. പരാതികൾക്കും പരിഭവങ്ങൾക്കും ഇടനൽകാതെ സൗമ്യതയുടെ അതിർവരമ്പുകൾ ഭേദിക്കാതെ മൂന്നുമാസത്തോളം നീണ്ട അന്വേഷണം. ഏതായാലും ഇതൊന്നും, സുഭാഷ് ചേർത്തലയെന്ന നാട്ടുമ്പുറത്തുകാരനിൽ ഒരുമാറ്റവും സൃഷ്ടിക്കാനിടയില്ലെന്നാണ് അടുത്തറിയുന്ന സഹപ്രവർത്തകരുടെ നിഗമനം.

കാക്കിക്കുള്ളിൽ ഒരുകലാകാരൻ എന്നുപറയുമ്പോലെ, കവിതകളെ മനസ്സിൽ താലോലിക്കുന്ന ഉദ്യോഗസ്ഥനാണ് സുഭാഷ് ചേർത്തല. നാട്ടുമ്പുറത്തിന്റെ എല്ലാ നന്മകളും ഹൃദയശുദ്ധിയും മനസ്സിൽ അണയാതെ കൊണ്ടുനടക്കുന്ന കാക്കിധാരി. സഹപ്രവർത്തകർക്കും മേലധികാരികൾക്കും ഒരു പോലെ പ്രിയങ്കരൻ.വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിനെക്കുറിച്ചുള്ള ലഘുവിവരണം ഇങ്ങനെ ചുരുക്കാം. സുഭാഷ് ചേർത്തല എന്ന പേരിൽ അദ്ദേഹം ഫേസ് ബുക്ക് പേജിൽ നിരവധി കവിതകൾ പോസ്റ്റുചെയ്തിട്ടുണ്ട്. പ്രളയം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മരണപ്പെട്ട മാധ്യമ പ്രവർത്തകരുടെ വേർപാട് തീർത്ത വേദനയിൽ പിറന്ന മുണ്ടാർ എന്ന ചെറുകവിത ഏറെ ഹൃദ്യമാണ്.

കണ്ണീർചിത്രങ്ങളൊപ്പിയെടുത്തോർ
കരയെ വിഴുങ്ങിയ ജലപ്പരപ്പിൽ
നിനയാതെ കണ്ണൂനീർപ്പൂക്കളായി
മഴച്ചില്ല് ചിതറിയ മുണ്ടാറിൽ
നോവെഴും മൂകത ബാക്കിയായി.......

ഉള്ളം നുറുങ്ങും വേദനയിൽപ്പിറവിയെടുത്ത കവിതയുടെ താഴേക്കുള്ള വരികളിലും പ്രതിപാദിച്ചിട്ടുള്ള വേദനയുടെ നിറവ് തന്നെ. പരംപൊരുൾ,ഗുരു,ഏകം കുന്നായ്മ തുടങ്ങി ചെറുംതും വലുതുമായ കവിതകൾ സുഭാഷ് ചേർത്തല എന്ന എഫ് ബി പേജിൽ ഇടം പിടിച്ചിട്ടുണ്ട്.

കടലിന്റെ മക്കൾ.

തിരകളിൽ ജീവിതം
തിരയുന്ന കൈകൾ;
കടലായ കരയുടെ കൈപിടിച്ചു. സ്വപ്നങ്ങളൊക്കെ
നനഞ്ഞൊരു കണ്ണിലെ
പ്രത്യാശയായ് വന്നവതരിച്ചു. വേർതിരിവില്ലാത്ത
ദൈവത്തെ പോല ഹതാശരെ നെഞ്ചോടു ചേർത്തു വച്ചു ;
നിങ്ങൾ സ്‌നേഹത്തിൻ
മധുരം പകർന്നു തന്നു. 'ഒന്നുമില്ലാത്തിടത്തല്ലേ എന്നും നിൽമ്മല സ്‌നേഹം കുടിയിരിക്കൂ'. കടലിന്റെ കനിവിൽ വിരിഞ്ഞു നിൽക്കും നിസ്വരേ...., നിങ്ങൾ
തുണയറ്റു കേഴുന്ന ജീവിതത്തിൻ
അത്താണിയായൊരു നേരം
അഹമെന്ന കോട്ടയൊലിച്ചുപോയി???
മതിലുകൾ തീർത്ത മനസ്സുകളിൽ നിന്നഹങ്കാരവും കൂടൊഴിഞ്ഞു പോയി.???? കരകാണാക്കടലിലലയുമ്പോഴും
കരുണതൻ തേൻതുള്ളി കരുതിവയ്ക്കും കടലിന്റെ മക്കളേ
സ്‌നേഹം തുളുമ്പുന്ന മർത്യരായി
നിങ്ങളേ ഭൂമിയിൽ ബാക്കിയാവൂ.

ചേർത്തല ബോയ്സ് ഹൈസ്‌കൂൾ,ചേർത്തല എൻ എസ് എസ് കോളേജുകളിൽ വിദ്യാഭ്യാസം. ഇപ്പോൾ കുടുംബസഹിതം ഹരിപ്പാടാണ് താമസം.സുഭാഷ് ചേർത്തല എന്ന പേരിലാണ് ഫേസ്‌ബുക്ക് പേജ്.