കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരന്മാരെ കുടുക്കാൻ ഉറച്ച് പൊലീസും. ഇ-ബുൾജെറ്റ് സഹോദരരെ അറസ്റ്റു ചെയ്യുമ്പോൾ പൊലിസ് മർദ്ദിച്ചിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ. ഈ കാര്യത്തിൽ എന്തെങ്കിലും നിയമലംഘനമുണ്ടോയെന്ന കാര്യത്തിൽ പൊലിസ് പരിശോധിക്കും. പരാതി ഉന്നയിക്കാൻ ആർക്കും അവകാശമുണ്ട്. അവർ ചിത്രീകരിച്ച വീഡിയോയിൽ പ്രഥമദൃഷ്ട്വാ ഇക്കാര്യം കാണുന്നില്ല.

യു ടുബർ മാരോട് വ്യക്തിപരമായ ഒരു വിരോധവും പൊലിസിനില്ല. എങ്കിലും അവർ നടത്തിയ നിയമ ലംഘനങ്ങൾ പരിശോധിക്കുന്നുണ്ട്. തോക്കു ഉപയോഗിച്ച് മുട്ട് ചെയ്ത വീഡിയോ ചിത്രീകരണങ്ങൾ എവിടെ വച്ചാണെന്ന് പരിശോധിക്കും. ബിഹാറിലാണെന്നാണ് ഇതു സൂചന നൽകുന്നത്. ഇവർക്ക് അനുകൂലമായി സ്‌കൂൾ കുട്ടികളടക്കം പോസ്റ്റുചെയ്യുന്നുണ്ട്. അഭിപ്രായ വ്യത്യാസം പറയുന്നതിൽ പൊലിസിന് എതിർപ്പില്ല എന്നാൽ പൊലിസ് സ്റ്റേഷൻ അക്രമിക്കുക, തുടങ്ങിയ ആഹ്വാനങ്ങൾ നടത്തുന്നവർ കുട്ടികളായാലും നടപടിയെടുക്കും.സംസാരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.

ഈ സംഭവത്തിൽ കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട് യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോകൾ അന്വേഷണത്തിന്റെ ഭാഗമായി തൽക്കാലം മരവിപ്പിച്ചിട്ടുണ്ട്. ഡിലിറ്റ് ചെയ്ത വീഡിയോയും പരിശോധിക്കും. ഇവർ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. ഇവർ നേരത്തെ ചെയ്ത വീഡിയോസ് പരിശോധിച്ച് സമൂഹത്തിൽ ദു:സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിൽ യൂട്യൂബ് ചാനൽ ഫ്രീസ് ചെയ്യാനുള്ള നടപടി സ്വീകരിക്കും.

ഇ ബുൾജെറ്റ് സഹോദരങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. ഈ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എസ്‌പി അറിയിച്ചു. അതിനിടെ ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ എബിനും ലിബിനും കുടങ്ങിയതിനു പിന്നിൽ വ്ളോഗർമാരുടെ കുടിപ്പകയെന്ന വാദവും ചർച്ചയാണ്. വാൻ ലൈഫ് ട്രാവൽ വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് ചുരുങ്ങിയ കാലം കൊണ്ടാണ് പതിനഞ്ചു ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കുകയും വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ എത്തിക്കുകയും ചെയതത്.

ഇതിൽ ട്രാവൽ വ്ളോഗ് ചെയ്യുന്ന മറ്റൊരു സംഘം വ്ളോഗർമാർ ഇവർക്കെതിരേ തിരിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ ട്രാവലർ ആദ്യഘട്ടത്തിൽ നിയമങ്ങൾ പാലിച്ച് കാരവൻ മോഡൽ ആക്കിയിരുന്നു. എന്നാൽ, പിന്നീട് നിയമങ്ങൾ ലംഘിച്ച് അടുത്തിടെ നിരവധി മോദിഫിക്കേഷൻ വരുത്തിയിരുന്നു. ഇതിന്റേതടക്കം നിരവധി നിയമലംഘനങ്ങളുടെ തെൽവുകൾ ശേഖരിച്ച് ഗതാഗത വകുപ്പിന് എത്തിച്ചു നൽകിയത് മറ്റൊരു ട്രാവൽ വ്ളോഗർ ആണെന്നാണു സൂചന.  

ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരെ ഗതാഗതവകുപ്പിനു ലഭിച്ചത് അടുത്തിടെയായി ലഭിച്ചത് നിരവധി പരാതികളായിരുന്നു. ഉന്നതരെ നിരവധി തവണ ഫോണിൽ വിളിച്ച് ചിലർ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചുനൽകിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അൻപതിലേറെ ഫോൺകോളുകളാണ് ഇവർക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസിൽ ലഭിച്ചത്.

പരാതികൾ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതർ അറിയിച്ചത്. ഇവർ റോഡിൽ വാഹനമോടുക്കുന്നത് അപകടകരമാംവിധമാണെന്നു കാണിക്കുന്നതാണു നാട്ടുകാരും സാമൂഹിക പ്രവർത്തകരും നൽകിയ പരാതികളും ഒപ്പം ചേർത്തിരുന്നു. അതിൽ പലരും ഇവർ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തിൽ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നൽകി. ഇതോടെയാണ് നടപടികൾ തുടങ്ങിയത്.