കണ്ണൂർ: വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് വെറുതെ വിടില്ല. സഹോദരങ്ങൾക്ക് എതിരേ വീണ്ടും കേസെടുത്ത് പൊലീസ്. ഇവരുടെ പുതിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

സൈബർ സെൽ ഓഫീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസമാണ് തങ്ങളെ മയക്കുമരുന്ന് കേസിൽ കുടുക്കി പൊലിസ് വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് ഇ ബുൾജെറ്റ് വ്‌ളോഗർ സഹോദരന്മാർ പുതിയ വീഡിയോയിൽ ആരോപണവുമായി രംഗത്തുവന്നത്.

തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു കൊണ്ട് ആസുത്രിതമായ നീക്കങ്ങളാണ് തങ്ങൾക്കെതിരെ നടക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം. ബംഗളുരിൽ നിന്നും ടൂറിസ്റ്റ് ബസുകളിൽ മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിനാണ് തങ്ങളെ വേട്ടയാടുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും ഇവർ നടത്തിയിരുന്നു.

ഇതിനിടെ ഇ ബുൾജെറ്റ് സഹോദരങ്ങളെ അനുകൂലിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടവർക്കെതിരെ സൈബർ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ പതിനേഴു പേർക്കെതിരെയാണ് കേസെടുത്തിരുന്നതെങ്കിൽ ഇപ്പോൾ നൂറോളം പേർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. ഇതിൽ രണ്ടു പേരെ കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു.

സർക്കാർ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളുടെ സപ്പോർട്ടേഴ്‌സിനെതിരെ ആരോപിക്കുന്ന കുറ്റം. പൊലിസ് - മോട്ടോർ വാഹന വകുപ്പുകളുടെ ഔദ്യോഗിക സംവിധാനങ്ങൾക്കെതിരെ ഹാക്കിങ് ഉൾപ്പെടെയുള്ള ഭീഷണികൾ ഉയർത്തുകയും കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് വ്‌ളോഗർമാരുടെ സപ്പോട്ടേഴ്‌സിനെതിരെ പൊലിസ് ആരോപിക്കുന്ന ഗുരുതരമായ കുറ്റങ്ങൾ.

ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം നൽകിയത് സമുഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മയക്കുമരുന്ന് കടത്തുമായി ഇവർക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി പൊലിസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

അഡ്വ.ബി.പി ശശീന്ദ്രൻ മുഖേനയാണ് പൊലിസ് ഇ ബുള്ളറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാൻ നടപടി തുടങ്ങിയത്. 24 ന് തലശേരി സെഷൻസ് കോടതി ജാമ്യ ഹരജി റദ്ദാക്കണമെന്ന വാദത്തിൽ വിധി പറയും