തിരുവനന്തപുരം: റോഡുകളിൽ ചീറിപ്പാഞ്ഞും കാഴ്‌ച്ചകൾ കണ്ടും രസിച്ച ഇ ബുൾ ജെറ്റ് സഹോദരങ്ങൾ നടത്തിയത് നിയമലംഘനങ്ങളുടെ പരമ്പര.യാത്രയെ സ്‌നേഹിച്ച ഇവർ നാളിതുവരെയും നടത്തിയ സകല യാത്രകളും റോഡു നിയമങ്ങളെ കൊഞ്ഞനം കുത്തിയാണെന്ന് വ്യക്തമാക്കുന്നതാണ് മുൻകാല ദൃശ്യങ്ങൾ.നികുതി തട്ടിപ്പ് കേസിൽ പിടിയിലായതോടെ ഇവർ നടത്തിയ നിയമലംഘനങ്ങളുടെ കുടുതൽ ചരിത്രം തേടിയിറങ്ങിയിരിക്കുകയാണ് പൊലീസ്. പ്രാഥമിക പരിശോധനയിൽ തന്നെ നിരവധി നിയമലംഘനങ്ങളാണ് ഇവർ നടത്തിയതായി തെളിഞ്ഞത്.റോഡിലൂടെ വേഗത്തിലുള്ള യാത്രയ്ക്കായി ആംബുലൻസിന്റെ സൈറൺ വരെ ഇവർ ഉപയോഗിച്ചിരിക്കുന്നുവെന്ന അതീവ ഗുരുതരമായ കുറ്റമാണ് ഗതാഗത വകുപ്പ് കണ്ടെത്തിയുള്ളത്. ഇത്തരത്തിൽ കൂടുതൽ നിയമലംഘനം നടത്തിയതിന്റെ വീഡിയോകൾ ശേഖരിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പൊലീസും ഗതാഗത വകുപ്പും.

യൂട്യൂബ് ചാനലിൽ ഇവർ തന്നെ നൽകിയിട്ടുള്ള പല വീഡിയോകളിലും ഗതാഗത നിയമലംഘനങ്ങൾ വ്യക്തമാണ്. ഇത്രയേറെ യാത്രകൾ നടത്തിയ ഇവർക്ക് രാജ്യത്തെ റോഡ് നിയമങ്ങളെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചുമുള്ള ഇവരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വീഡിയോകൾ.ആംബുലൻസ് ഹോൺ ദുരുപയോഗം ചെയ്തുള്ള യാത്രയുടെ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് പരിശോധിച്ചു വരുകയാണ്. പ്രസ്തുത ദൃശ്യങ്ങൾ കേരളത്തിന് പുറത്ത് നിന്നുള്ളതാണെന്ന് ആദ്യകാഴ്‌ച്ചയിൽ തന്നെ വ്യക്തമായിരുന്നു.തുടർ പരിശോധനകളിൽ ഈ ദൃശ്യങ്ങൾ ബീഹാറിലേതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ കേസുകൾ ബീഹാർ പൊലീസിന് കൈമാറും.ബാ്ക്കി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് കുടുതൽ ലംഘനങ്ങൾ അതത് സംസ്ഥാനങ്ങൾക്ക് കൈമാറും.

ടോൾ ബൂത്തുകളിലും ഇവർ സൈറൺ മുഴക്കി വാഹനം ഓടിച്ചതായും കണ്ടെത്തി. ഇതിനുപുറമെ രൂപമാറ്റം വരുത്തി കാരവനിൽ ഉൾപ്പെടുത്തിയ ലൈറ്റുകൾ രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം വാഹനത്തിൽ വളർത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകൾ നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും.നിയമലംഘനങ്ങൾ സംബന്ധിച്ച് വ്യക്തതയ്ക്കായി വാഹനം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാനും ആർടിഒ ആലോചിക്കുന്നുണ്ട്. വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവർക്കെതിരേ കേസെടുത്തിരുന്നു.

നേരിട്ടുള്ള നിയമലംഘനങ്ങൾക്ക് പുറമെ ഇവരുടെ വീഡിയോകൾ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന വാദവും പൊലീസ് മുന്നോട്ടുവെക്കുന്നുണ്ട്.അറസ്റ്റ് ചെയ്ത പ്രതികളെ പുറത്തുവിട്ടിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കുട്ടികൾ കരയുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിച്ചേർന്നത്.

ഇതുകൂടാതെ കോവിഡ് മഹാമാരിക്കാലത്ത് തങ്ങൾക്കെതിരേ നടപടി എടുക്കുന്നുവെന്ന് മനസിലാക്കിയ പ്രതികൾ സാമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ ആൾക്കാരെ പൊലീസ് സ്റ്റേഷനിലേക്കും ആർടിഒ ഓഫീസിലേക്കും വിളിച്ചുവരുത്തി എന്നതുൾപ്പെടെയുള്ള കേസുകൾ ഇവർക്കെതിരേ ചുമത്തിയേക്കും.

ഇവരുടെ വാഹനം നിയമലംഘനത്തിന്റെ പേരിൽ ഗതാഗതവകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. രൂപമാറ്റം വരുത്തിയതിനൊപ്പം ട്രാവലർ കാരവനാക്കി മാറ്റിയപ്പോൾ നികുതി പൂർണമായി അടച്ചില്ലെന്നും ആർടിഒ കണ്ടെത്തിയിരുന്നു. എല്ലാം ചേർത്ത് 43,400 രൂപയാണ് പിഴയിട്ടിരുന്നത്. രേഖകൾ ഹാജരാക്കാനെന്ന പേരിൽ എത്തിയ ഇവർ ആർ.ടി.ഒ. കൺട്രോൾ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിനെതുടർന്നാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.