കണ്ണൂർ: ജാമ്യം കിട്ടിയ ഇ ബുൾ ജെറ്റ് വ്‌ളോഗർമാരായ ലിബിനും എബിനും കണ്ണൂർ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി. അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഇരുവരും വീട്ടിലേക്ക് മടങ്ങി. മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. ജാമ്യവാർത്ത അറിഞ്ഞ് ഇവരെ കാണാനായി നിരവധി പേരാണ് സബ് ജയിലിന് ചുറ്റും തടിച്ച് കൂടിയത്. പൊലീസെത്തി ആളുകളെ നിയന്ത്രിച്ചാണ് ഇരുവരെയും വാഹനത്തിൽ കയറ്റിയത്. കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി ഇന്നലെയാണ് പൊലീസ് ലിബിനെയും എബിനെയും അറസ്റ്റ് ചെയ്തത്.

ഇവരുടെ വാഹനത്തിന്റെ റജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളും ആർടിഒ ആരംഭിച്ചു. പൊതുമുതൽ നശിപ്പിച്ചതിന്റെ മൂല്യം എത്രയെന്ന് അറിയിക്കാൻ കോടതി പൊലീസിനോടു നിർദ്ദേശിച്ചിരുന്നു. എന്നാൽ വൈകുന്നേരം വരെയും പൊലീസ് റിപ്പോർട്ട് നൽകിയില്ല.
ഇതു പരിഗണിക്കാതെ തന്നെ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.

കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാവിലെ 11 നും 2 മണിക്കും മധ്യേ ഹാജരാകണം, 25,000 രൂപയുടെ ആൾജാമ്യം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അതിക്രമം കാണിച്ചെന്ന കേസിൽ ജാമ്യം തേടി യൂട്ഊബർമാരായ എബിനും ലിബിനും കോടതിയിൽ ഇന്ന് അപേക്ഷ നൽകിയിരുന്നു. ഇവരെ പൊലീസ് മർദിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ചുമലിലും കൈകൾക്കും പരിക്കേറ്റതായും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെന്നും അഭിഭാഷകൻ മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചിരുന്നു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആർ.ടി.ഒയും പൊലീസും പ്രവർത്തിച്ചതെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു.നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാം എന്ന് ഇവർ അറിയിച്ചിരുന്നു.

അതേസമയം, അനധികൃതമായി വാഹനത്തിന്റെ രൂപം മാറ്റിയതിനും സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും അറസ്റ്റിലായ ഇ ബുൾ ജെറ്റ് യൂടൂബർമാരുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി. അപകടകരമായ രീതിയിൽ വാഹനമോടിച്ചു, റോഡ് നിയമങ്ങൾ പാലിച്ചില്ല എന്നീ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് നടപടി. മോട്ടോർ വാഹന വകുപ്പ് ചട്ടം 51(എ)വകുപ്പ് പ്രകാരമാണ് നടപടി.

ഇതോടെ നെപ്പോളിയൻ എന്ന കാരവാൻ ഇനി അടുത്തെങ്ങും റോഡിൽ ഇറങ്ങില്ല. ഇ ബുൾ ജെറ്റ് യൂട്ഊബർമാർക്കെതിരെ കൂടുതൽ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സൈറൺ മുഴക്കി വണ്ടി ഓടിച്ചതിൽ പ്രാഥമികാന്വേഷണം നടത്തുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പഴയ വീഡിയോകളിലെ നിയമലംഘനങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമുതൽ നശിപ്പിച്ചതിനും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിന് കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരുടെ പതിനേഴ് കൂട്ടാളികൾക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു. സോഷ്യൽ മീഡിയയിൽ അസഭ്യം പറയുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് എതിരെ ജുവനയൽ നിയമ പ്രകാരം കേസെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരുടെ യൂട്യൂബ് ചാനലുകളിലുള്ള എല്ലാ വീഡിയോകളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.