ദുബായ്: ഇനി യുഎഇയിൽ പത്ത് മിനിറ്റ് കൊണ്ട് വിസ നടപടികൾ പൂർത്തിയാക്കാം. സ്മാർട്ട് സംവിധാനമായ ഇ ചാനൽ സംവിധാനത്തിലൂടെ പത്ത് മിനിറ്റ് കൊണ്ട് വീസ നടപടി പൂർത്തിയാ്ക്കാൻ സാധിക്കും. പ്രവേശനാനുമതി, താമസ വീസ എന്നിവയുടെ നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന സ്മാർട്ട് സേവനമാണ് തുടങ്ങിയിട്ടുള്ളത്.

അറബ് പൗരന്മാർക്കും വിദേശികൾക്കും ഒരു പോലെ സൗകര്യപ്രദമാണിത്. തുറമുഖങ്ങളിലെ നടപടികൾ വേഗത്തിലാക്കാനും ഇത് സഹായകമാകും. തഹലുഫ് അൽ ഇമറാത്ത് ടെക്നിക്കൽ സൊല്യൂഷൻസുമായി സഹകരിച്ചാണ് ഇമിഗ്രേഷൻ വിഭാഗം ഈ സ്മാർട് സംവിധാനം വികസിപ്പിച്ചത്. സേവന കേന്ദ്രങ്ങളിൽ പോകാതെ അപേക്ഷകർക്കു നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനം. അപേക്ഷ നൽകി പത്തു മിനിറ്റിനകം മറുപടി ലഭിക്കും.

സിസ്റ്റത്തിൽ ഡേറ്റ എന്റർ ചെയ്യാനെടുക്കുന്ന സമയത്തെ ആശ്രയിച്ചായിരിക്കും ഇത്. ഔദ്യോഗിക രേഖകളുടെ സാധുതയും വിരലടയാളങ്ങളും പരിശോധിക്കാനും ഇതിന്റെയടിസ്ഥാനത്തിൽ ഓരോ ഘട്ടത്തിലുമുള്ള നടപടികൾ പൂർത്തിയാക്കാനും കഴിയുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണിതെന്ന് അബുദാബി ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ കേണൽ മൻസൂർ അഹമ്മദ് അൽ ദാഹിരി പറഞ്ഞു.