മൂന്നു തവണ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ആയിരുന്ന ശ്രീമാൻ ഈ ചന്ദ്രശേഖരൻ നായർ അന്തരിച്ചു എന്ന് ചാനൽ വാർത്ത കണ്ടു. രാഷ്ട്രീയത്തിൽ അത്ര താല്പര്യം ഒന്നും ഇല്ലെങ്കിലും അദ്ദേഹത്തെപ്പറ്റി ഒരു ചെറിയ കുറിപ്പ് എഴുതണമെന്നു തോന്നി.

അതിനു മുൻപ് വേറെ ഒരു നേതാവിനെപ്പറ്റി പറയാം. ശ്യാമയുടെ അച്ഛൻ മരിച്ച സമയത്ത് അന്വേഷിച്ചു വീട്ടിൽ വന്ന ഒരു വീ ഐ പീ രാഷ്ട്രീയ നേതാവിനെ യാത്ര അയച്ച ശേഷം നോക്കിയപ്പോൾ ഒരു വയസായ ആൾ വിയർത്തു കുളിച്ച് കയറി വരുന്നു, നല്ല പ്രായം ഉള്ള ഒരു അമ്മാവൻ, കയ്യിൽ ഒരു ബാഗും ഉണ്ട്, കുറെ നേരം ശ്യാമയുടെ അച്ഛനെ പറ്റി സംസാരിച്ചിരുന്ന ശേഷം ഒരു ചായയും കുടിച്ച്, തിരികെ വട്ടിയൂർക്കാവ് പോകാൻ ബസ് എവിടെ നിന്ന് കിട്ടും എന്ന് എന്നോട് ചോദിച്ചു മനസിലാക്കിയ ശേഷം ആ അമ്മാവൻ അതേ വേഗത്തിൽ നടന്നു പോയി,

ഞാൻ ചോദിച്ചു ഇതാരാണ് , അപ്പോൾ ആണ് അറിഞ്ഞത് അത് കെ വീ സുരേന്ദ്രനാഥ് എം പീ ആണെന്ന്,സീ പി ഐ നേതാവ്. എം പീ എന്നത് പോകട്ടെ, അദ്ദേഹത്തെ കണ്ടാൽ ഒരു ലോക്കൽ കമ്മിറ്റി നേതാവ് ആണെന്ന് പോലും പറയില്ല, ബസിൽ കേറാൻ ഉള്ള ആ ഓട്ടവും ,എളിമയും, ഞാൻ തൊട്ടു മുൻപ് തലയിൽ ലൈറ്റ് വെച്ച കാറിൽ കയറി പോയ നേതാവുമായി ഇദ്ദേഹത്തെ താരതമ്യപ്പെടുത്തി നോക്കി,
രാഷ്ട്രീയം ഇപ്പോൾ ഒരു ലാഭകരമായ ഇൻവെസ്റ്റ്മെന്റ് ആണ്, പുതുതായി വരുന്ന കുട്ടി നേതാക്കൾ മുതൽ എസ്റ്റാബ്ലിഷ്ഡ് ആയവർ വരെ വിഭാവനം ചെയ്യുന്നത് രാജ്യം,അല്ലെങ്കിൽ അവനവന്റെ മണ്ഡലം എങ്ങനെ നന്നാക്കാം എന്നല്ല, സൈക്കിളിൽ നിന്നും സ്‌കൂട്ടർ, പിന്നെ മാരുതിയിൽ നിന്നും അഞ്ചു വർഷത്തിൽ ബീ എം ഡബ്ലിയൂ എന്ന് വിഭാവനം ചെയ്യുന്നവർ,അങ്ങനെ അല്ലാത്തവർ കാണും.അവരെ ഞാൻ ഒഴിവാക്കുന്നു

ഇനി ഇപ്പോൾ അന്തരിച്ച ആ നേതാവിനെപ്പറ്റി പറയാം.'വർഷങ്ങൾക്കു മുൻപാണ്,. എന്റെ അമ്മ സ്റ്റേറ്റ് ഇൻഷുറൻസ് ഡയറക്ടർ ആയിരിക്കെ കൂടെ ജോലി ചെയ്തിരുന്ന ഡിസ്ട്രിക്റ്റ് ഇൻഷുറൻസ് ഓഫീസർ ഒരു ഗോപാലകൃഷ്ണൻ ഉണ്ടായിരുന്നു.നല്ലൊരു മനുഷ്യൻ. അദ്ദേഹത്തിന് പെട്ടെന്ന് കോഴിക്കോടേക്ക് ട്രാൻസ്‌ഫെർ ആയി. എന്തൊക്കെയോ പ്രാരാബ്ധങ്ങളുടെ പേരിൽ അദ്ദേഹം ഇവിടെ തന്നെ നില്ക്കാൻ അപേക്ഷ നൽകിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അദ്ദേഹം നേരെ തന്റെ വല്യച്ഛന്റെ അടുത്തേക്ക് ഒരു അപേക്ഷയുമായി പോയി, ആ വലിയച്ഛൻ വേറെയാരുമല്ല, സാക്ഷാൽ ഈ ചന്ദ്രശേഖരൻ നായർ തന്നെ. അപ്പോൾ അദ്ദേഹം മന്ത്രിയാണ്

കുറെ നേരം സംസാരിച്ചിരുന്ന ശേഷം ഗോപാലകൃഷ്ണൻ കാര്യം പറഞ്ഞു. അയ്യോ കഷ്ട്ടമായിപ്പോയല്ലോ എന്ന് മന്ത്രി മറുപടി പറഞ്ഞു. വല്യച്ഛൻ വിചാരിച്ചാൽ എളുപ്പം ഇതൊന്നു കാൻസൽ ചെയ്യിച്ചു തരാമല്ലോ, ചെയ്തു തരുമോ?

അയ്യോ, അതൊന്നും ശരിയല്ല, അങ്ങനെ അധികാരം ദുർവിനിയോഗം ചെയ്യാൻ പാടില്ല.അദ്ദേഹം മറുപടി പറഞ്ഞു.നീ തല്ക്കാലം പോയി ജോയിൻ ചെയ്യൂ.പിന്നെ വേക്കൻസി വരുമ്പോൾ കിട്ടുമല്ലോ
കുറെ നേരം അവിടെ നിന്ന ശേഷം പ്രയോജനമില്ല എന്ന് മനസിലാക്കിയ ഗോപാലകൃഷ്ണൻ തിരികെ പോയി. പിറ്റേന്ന് തന്നെ കൊട്ടാരക്കാരൻ ആയ മറ്റൊരു ബന്ധുവിനെ അദ്ദേഹം പോയിക്കണ്ടു. അത്ര അടുത്ത ബന്ധു അല്ല, എന്നാലും നന്നായി അറിയാം. അദ്ദേഹം അപ്പോൾ പ്രതിപക്ഷ എം എൽ എ ആണ്. പഴയ മന്ത്രിയും

എന്താടാ കാര്യം?
അമ്മാവാ കോഴിക്കോട്ടേക്ക് ഒരു ട്രാൻസ്‌ഫെർ, ഒന്ന് കാൻസൽ ചെയ്യിച്ചു തരണം
നിന്റെ വല്യച്ഛൻ അല്ലെ മന്ത്രി, പറഞ്ഞൂടെ?
അത് നടക്കൂല.
ഉം ,അപേക്ഷ കൊണ്ട് വന്നിട്ടുണ്ടോ?
ഉണ്ട്
ഇങ്ങു തന്നേരെ
അടുത്ത ആഴ്ച ഗോപാലകൃഷ്ണൻ പഴയ പോസ്റ്റിലേക്ക് തിരികെ വന്നു
ഇതിൽ ആര് ചെയ്തത് ശരി. ആര് ചെയ്തത് തെറ്റ് എന്നൊന്നും എനിക്കറിഞ്ഞു കൂടാ.രാഷ്ട്രീയം ,അധികാരം ഇവയൊന്നും ദുർവിനിയോഗം ചെയ്യരുതെന്ന തോന്നൽ ഉള്ളിൽ സൂക്ഷിച്ച ഒരു മാന്യ വ്യക്തി കൂടി വിട പറഞ്ഞു. അത്രയേ ഉള്ളു,. ആ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.