തിരുവനന്തപുരം: സിപിഐ-സി.പി.എം ബന്ധം കൂടുതൽ വഷളാക്കി നേതാക്കൾ തമ്മിൽ വാക്‌പോര് തുടരുന്നു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്ത നടപടിയെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ നിയമസഭാ കക്ഷി നേതാവ് കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരൻ രംഗത്തെത്തി. സാധാരണമല്ലാത്ത കാര്യങ്ങൾ നടന്നതിനാൽ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നു. അസാധാരണമായ സംഭവം എന്തെന്ന് പൊതുജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്നത് പാർട്ടിയുടെ നിലപാടായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളോടെ രാജിവെക്കുമെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കോടതിയുടെ രൂക്ഷ പരാമർശം ഏറ്റുവാങ്ങിയിട്ടും രാജിവെക്കാത്ത തോമസ് ചാണ്ടിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ചത്.

ചാണ്ടിക്കൊപ്പം മന്ത്രിസഭാ യോഗത്തിൽ ഇരിക്കാൻ തങ്ങളില്ലെന്ന് രാവിലെ തന്നെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇതിൽ ഇടപെടുകയോ സിപിഐ മന്ത്രിമാരെ വിളിക്കുകയോ ചെയ്തില്ല. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ സമാന്തരമായി സിപിഐയുടെ നാല് മന്ത്രിമാരും യോഗം ചേരുകയും ചെയ്തു.

യഥാർഥത്തിൽ തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ച കൂട്ടുത്തരവാദിത്വം നഷ് ടപ്പെട്ടില്ലേ എന്ന ചോദ്യം ശരിവെക്കുന്നതായി ഇന്നത്തെ രാഷ് ട്രീയ സാഹചര്യം. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും ഒമ്പത് മണിമുതൽ അവരെല്ലാം മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്.

രാജിയാണ് ഉചിതമെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോഴും എൻസിപി നേതാക്കൾ ഒരുമണിക്കൂർ കൂടി സമയം നീട്ടിചോദിച്ചതായാണ് റിപ്പോർട്ട്. അത് അംഗീകരിച്ചാണ് 10.30 ന് മാധ്യമങ്ങളെ കാണാമെന്ന് മുഖ്യമന്ത്രിയും അറിയിച്ചത്. ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിന്നത്.