ഡബ്ലിൻ: രാജ്യത്ത് ഇ-സിഗരറ്റുകൾ നിരോധിച്ചുകൊണ്ട് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. ഇതനുസരിച്ച് ബാറുകൾ, റെസ്റ്റോറന്റുകൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇ-സിഗരറ്റിന്റെ ഉപയോഗം പാടില്ല. പതിനെട്ടു വയസിൽ താഴെയുള്ളവർ ഇ-സിഗരറ്റ്  വലിക്കുന്നതും ശീക്ഷാർഹമായ കുറ്റകൃത്യമാണെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

മറ്റേതു പുകയില ഉത്പന്നങ്ങളേയും പോലെ തന്നെ ഇവയുടെ പരസ്യങ്ങൾക്കും സ്‌പോൺസർഷിപ്പിനും നിരോധനം ബാധകമായിരിക്കും. ഇ-സിഗരറ്റിന്റെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ സ്‌കോട്ട്‌ലണ്ടിലും ഇതേപോലെ നിരോധനം നടപ്പിലാക്കിയിരുന്നു. ഐറീഷ് സെനറ്റർമാരും കാൻസർ സ്‌പെഷ്യലിസ്റ്റുമാരുമായ പ്രഫ. ജോൺ ക്രൗൺ, അവറിൽ പവർ എന്നിവരും ഇ-സിഗരറ്റിന്റെ ഉപയോഗം നിയന്ത്രിക്കാൻ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചിരുന്നു.

ഇ-സിഗരറ്റ് വലിക്കുമ്പോൾ പുറപ്പെടുവിക്കുന്ന പുക അന്തരീക്ഷ മലിനീകരണം നടത്തുന്നുവെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ഇ-സിഗരറ്റ് നിർമ്മാണത്തിലെ പാകപ്പിഴ മൂലം ഇവയിലെ മാരകമായ ഘടകങ്ങൾ ഉള്ളിൽ ചെല്ലാനും സാധ്യതയുണ്ട്. ഇ-സിഗരറ്റുകളുടെ നിരോധനത്തിന് എച്ച്എസ്ഇ പിന്തുണ നൽകിയിട്ടുണ്ട്. നേരത്തെ തന്നെ ആശുപത്രികൾ, ഹെൽത്ത് കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ ഇ-സിഗരറ്റ് എച്ച്എസ്ഇ നിരോധിച്ചിരുന്നു.