വാഷിങ്ടൺ: പതിനെട്ടു വയസിൽ താഴെയുള്ളവർക്ക് ഇ- സിഗരറ്റ് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഫെഡറൽ സർക്കാർ നിയമം പാസാക്കി. സിഗരറ്റുകൾ, പൈപ്പ് ടുബാക്കോ, ഹുക്ക ടുബാക്കോ എന്നിവയും പുതിയ നിയമത്തിന് കീഴിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 18 വയസിൽ താഴെയുള്ളവർക്ക് ഇനി മുതൽ ഇ-സിഗരറ്റ് വിൽക്കാൻ പാടില്ലെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ) നിർമ്മാതാക്കൾക്കും ഏജൻസികൾക്കും മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം കാലിഫോർണിയയും ഇ-സിഗരറ്റിന്റെ വില്പനയും മറ്റും നിയന്ത്രിക്കുന്നത് ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ആന്റി സ്‌മോക്കിങ് നിയമം പുറത്തിറക്കി. ടുബാക്കോ രഹിത തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം പാസാക്കിയിരിക്കുന്നതെന്ന് യുഎസ് സെക്രട്ടറി ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സിൽവിയ ബർവെൽ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ഹൈസ്‌കൂൾ കുട്ടികളുടെ എണ്ണം 2011-ൽ 1.5 ശതമാനമായിരുന്നത് 2015-ആയപ്പോഴേയ്ക്കും 16 ശതമാനമായി വർധിച്ചുവെന്ന് എഫ്ഡിഎ നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഹുക്ക ടുബാക്കോയുടെ ഉപയോഗവും വർധിച്ചതായി തെളിഞ്ഞിട്ടുണ്ട്. 90 ദിവസത്തിനകം പുതിയ നിയമം പ്രാബല്യത്തിലാകും. കൂടാതെ ഇ-സിഗരറ്റ് ആവശ്യപ്പെട്ടു വരുന്നവരുടെ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കച്ചവടക്കാർക്ക് നിർദ്ദേശം നൽകും. കൂടാതെ വെൻഡിങ് മെഷീനുകളിലൂടെ ഇവ വിൽക്കുന്നത് തടയുകയും ചെയ്യും. ഫ്രീ സാമ്പിളുകൾ നൽകുന്നതും നിരോധിക്കും.