- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ ഭാര്യ നഫീസയെ ഇഡി ചോദ്യം ചെയ്യുന്നു; വേങ്ങേരിയിലെ വിവാദ വീടിന്റെ സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിൽ; 1.02 കോടി വിലയുള്ളതിന് ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രം; ഖമുറദ്ദീനും ഇബ്രാഹീം കുഞ്ഞിനും കെ എം ഷാജിക്കും പിന്നാലെ എ കെ മുനീറും അഴിമതിക്കുരുക്കിലേക്ക്
കോഴിക്കോട്: മുസ്ലീ ലീഗ് നേതാക്കൾ ഒന്നൊന്നായി കേസിൽ കുരങ്ങുന്ന സമയമാണിത്. കാസർകോട്ടെ ഫാഷൻഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പിന്റെ പേരിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമുറുദ്ദീനും പാലാരവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ വി കെ ഇബ്രാഹീം കുഞ്ഞും റിമൻഡിലാണ്. അതിന് പിന്നാലെയാണ് അഴീക്കോട് എം എൽ എ കെ എം ഷാജിയുടെ പേരിൽ പ്ലസ് ടു കോഴ അഴിമതിക്കേസ് ഉണ്ടാവുന്നത്. ഇതിന് പിന്നാലെ ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിൽ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും കൂട്ടു പ്രതിയാണെന്ന രീതിയിൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു.
ഇതിന്റെ ഭാഗമായി ഇപ്പോൾ എംകെ മുനീറിന്റെ ഭാര്യ നഫീസയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വച്ചാണ് മൊഴിയെടുക്കുന്നത്. കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്നുള്ള പരാതിയുടെ ഭാഗമായി ഇഡി അന്വേഷണം നടത്തിയിരുന്നു. ഇതേ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാനാണ് വിളിപ്പിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീർ എംഎൽഎക്ക് എതിരെയും പരാതി ഉയർന്നത്. കെ എം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐ എൻ എൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്.
വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നെന്ന് പരാതിയിൽ പറയുന്നു. സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു.
രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഷാജിയുടെ വീട് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണ് വീട് നിർമ്മിച്ചതെന്ന് ഇത് പൊളിച്ചകളയണമെന്നും നേരത്തെ കോർപ്പറേഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് പിഴയടച്ച് നടപിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ