കൊച്ചി: ഹിസ് ഹൈനസ് അബ്ദുള്ള, സുകൃതം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടി ഗൗതമിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കുറിക്കുന്ന 'ഇ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

എ.എസ് പ്രൊഡക്ഷന്റെ ബാനറിൽ കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. തിരുവനന്തപുരം, ഹരിപ്പാട്, ചെന്നൈ എന്നിവിടങ്ങളിൽ വച്ചായിരുന്നു ചിത്രീകരണം. അമിൻ സുറാനി, സംഗീത് ശിവൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹൻ ബജാജ്, ഹരികുമാർ എന്നിവർ ചേർന്നാണ്.

ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാഹുൽ രാജാണ് സംഗീത സംവിധാനം. ഓഗസ്റ്റ് 11-ന് ചിത്രം തിയറ്ററുകളിലെത്തും.