- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു പക്ഷത്തിന് നിരന്തരം തലവേദനയായി പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രി; സ്വകാര്യ ആശുപത്രികളേക്കാൾ ഉയർന്ന ചികിത്സാ ബിൽ; ഡോക്ടർമാരുടെ അനാസ്ഥ; മരുന്ന് ലോബിയുടെ സ്വാധീനം; വിവാദത്തിന് പിന്നാലെ വ്യാപക പരാതികൾ
മലപ്പുറം : സിപിഎമ്മിന്റെ ഭരണ നിയന്ത്രണത്തിൽ പെരിന്തൽമണ്ണയിലുള്ള ഇ.എം.എസ്. മെമോറിയൽ സഹകരണ ആശുപത്രിയുടെ പ്രവർത്തന ശൈലി ഇടതു പക്ഷത്തിനു നിരന്തരം തലവേദനയാകുന്നു. കഴിഞ്ഞ ദിവസം രോഗി ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ ചികിത്സാ പിഴവ് കാരണം മരണപ്പെട്ടതായി ആരോപിച്ച് നൂറോളം ഇടത് അനുഭാവികൾ തന്നെ ബന്ധപ്പെട്ട ഡോക്ടർമാരെയും ജീവനക്കാരെയും കൈയേറ്റം ചെയ്യുകയുണ്ടായി. സിപിഎം. ജില്ലാ കമ്മിറ്റി ഇടപെട്ടതോടെ ബന്ധപ്പെട്ട ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും ഡോക്ടർമാരെ മാറ്റി നിർത്തുകയും ചെയ്തു.
2018 ജൂൺ മാസം 16 മുതൽ അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിയുടെ പേരിൽ 2022 വരെ ഇ.എം.എസ്. സഹകരണ ആശുപത്രിക്ക് വിവിധ സമയങ്ങളിലായി കേരള സർക്കാർ 12 കോടി രൂപ സർക്കാർ സഹായം നൽകിയിരുന്നു. അട്ടപ്പാടിയിലുള്ളവർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പെടെ ചികിത്സ നൽകാനുള്ള റഫറൽ ആശുപത്രിയായി സർക്കാർ ഉൾപ്പെടുത്തിയാണ് കോടികൾ ഫണ്ട് നൽകിയിരുന്നത്. ആശുപത്രിക്ക് സഹകരണ വകുപ്പ് നിരന്തരം അവാർഡും നൽകിയിരുന്നതായി ആക്ഷേപവും ഉയർന്നിരുന്നു.
എന്നാൽ അട്ടപ്പാടിയിൽ ശിശുമരണം കൂടുകയും ഇത് വലിയ വിവാദമാകുകയും ചെയ്തതോടെ അട്ടപ്പാടിയിൽ നിന്ന് 50 കിലോമീറ്റർ അപ്പുറത്തുള്ള പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രി അട്ടപ്പാടിക്കാർക്ക് കാര്യമായ ചികിത്സ നൽകിയിട്ടില്ലെന്നും, സർക്കാർ ഫണ്ട് വെട്ടിപ്പ്, അഴിമതി വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഗവർണർ, മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഭരണ സ്വാധീനത്താൽ എല്ലാം അട്ടിമറിച്ചതായാണ് ഇപ്പോൾ ആരോപണം ഉയർന്നിട്ടുള്ളത്.
കോവിഡ് മഹാമാരി കാലത്ത് സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിനെക്കാൾ കൂടുതൽ തുക വാങ്ങിയതായി ആരോപിച്ച് രോഗികൾ നിരവധി പരാതികൾ മലപ്പുറം ജില്ലാ കളക്ടർ, ഡി.എം.ഒ എന്നിവർക്കു നൽകിയിരുന്നു. തുടർന്ന് ഉന്നത സ്വാധീനത്താൽ ഒരു അന്വേഷണം പോലും ഇല്ലാതെ പരാതികൾ എല്ലാം അപ്രത്യക്ഷമായതായാണ് ആരോപണം ഉയർന്നിട്ടുള്ളത്.
സൗജന്യ സർക്കാർ ഇൻഷുറൻസ് പദ്ധതിയായ കാസ്പ്, കാരുണ്യ ,ആയുഷ്മാൻ ഭാരത് എന്നി ഇൻഷൂറൻസ് കാർഡ് ഉള്ള രോഗികളിൽ നിന്നും കൂടുതൽ പണം വാങ്ങുന്നത് സംബന്ധിച്ചും പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രി ലാഭത്തിൽ അല്ല പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ലക്ഷങ്ങൾ തട്ടിയെടുത്ത് ഒരു ഉദ്യോഗസ്ഥൻ മുങ്ങിയിരുന്നതായും പരാതി ഉയർന്നിരുന്നു. ഗുരുതര ക്രമക്കേട്, അഴിമതി എന്നിവ നടക്കുന്നത് സംബധിച്ച് സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗവും ചൂണ്ടിക്കാണിച്ചിരുന്നു. സഹകരണ വകുപ്പിൽ നിന്നും സഹകരണ ആശുപത്രിയുടെ പൊതു ഫണ്ട് വിനയോഗത്തിനു യാതൊരു അനുമതി വാങ്ങാതെയാണ് ലക്ഷകണക്കിനു വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾ നിരന്തരം വാങ്ങുന്നതും കോടികളുടെ ചെലവിൽ ബിൽഡിങ് നിർമ്മാണവും നടക്കുന്നതെന്നുമാണ് പരാതി.
സഹകരണ ആശുപത്രി എന്നത് പേരിനു മാത്രമാണെന്നാണ് ചികിത്സക്ക് എത്തുന്ന രോഗികൾ പറയുന്നത്. സ്വകാര്യ ആശുപത്രിയെക്കാൾ ഉയർന്ന ചികിത്സാ ബിൽ തുകയാണ് രോഗികളിൽ നിന്ന് വാങ്ങുന്നതെന്നും പരാതികളുണ്ട്. ഡോക്ടർമാരുടെ അനാസ്ഥ നിത്യ സംഭവമാണ്. ഡോക്ടർ ശരിയായി ജോലിക്ക് ഹാജരാവാറില്ല. ഡോക്ടർമാരെ ആരും നിയന്ത്രിക്കാതെ ചില മരുന്ന് വിൽപ്പന ലോബിയുടെ നിയന്ത്രണത്തിലാണ് ആശുപത്രി മുന്നോട്ട് പോകുന്നത് എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒരു നാഥനില്ലാ കളരിയാണ് ഇപ്പോൾ ഇ.എം.എസ്. സഹകരണ ആശുപത്രിയെന്ന് ഇടതു അനുഭാവികൾ തന്നെ പരകെക്കപറയുകയും ഇപ്പോൾ ആശുത്രി അക്രമത്തിൽ വരെ എത്തിയിരിക്കുന്നത്.
ഭയത്താൽ സഹകരണ വകുപ്പ് മലപ്പുറം ജോയിന്റ് രജിസ്ട്രാർ അന്വേഷണത്തിനു തയ്യാറാക്കുന്നില്ലെന്നതാണ് മറ്റൊരു പരാതി. ആശുപത്രി ഭരണസമിതി അംഗവും ഐ.എം.എ. യൂണിയന്റെ സീനിയർ നേതാവുമായ ഡോക്ടറും മറ്റു ചില ഡോക്ടർമാരും, ജില്ലാ ബാങ്കിൽ നിന്നും ഡെപ്യൂട്ടേഷനിലൂടെ കയറി കൂടിയ ജി.എം. എന്നിവർ നടത്തുന്ന സ്വകാര്യ കൂട്ട് കച്ചവട സ്ഥാപനമായി ആശുപത്രി മാറിയതായി ഇടത് കേന്ദ്രത്തിൽ നിന്ന് തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഈ അഴിമതി സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം. ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവർക്ക് ഒരു വിഭാഗം ഇടതു പ്രവർത്തകർ പരാതി നൽകിയതായി സൂചനയുണ്ട്.
പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ രോഗി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് രോഗിയുടെ ബന്ധുക്കൾ ഐ.സി.യുവിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തിയിരുന്നു. ഐ.സി.യുവിലേക്ക് ഇരച്ചു കയറിയ ബന്ധുക്കൾ ഡോക്ടർമാരെയും ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. റോഡപകടത്തിൽ പരിക്കേറ്റ താഴെക്കോട് സ്വദേശി ഫാത്തിമത്ത് ഷമീബയാണ് മരിച്ചത്.വ്യാഴാച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷമീബക്ക് കാലിന്റെ തുടയെല്ലിന് ശസ്ത്രക്രിയ നടത്തി. എന്നാൽ വെള്ളിയാഴ്‌ച്ച രാവിലെ രക്തസമ്മർദ്ദം മൂർച്ഛിച്ച് മരിക്കുകയായിരുന്നു.ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബന്ധുക്കൾ സംഘർഷമുണ്ടാക്കിയത്.
റോഡപകടത്തിൽ പരിക്കുപറ്റി താഴെക്കോട് സ്വദേശി ഫാത്തിമത്ത് ഷമീബയെ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവവും കാലിന്റെ തുടയെല്ല് പൊട്ടിയതായും കണ്ടതിനെ തുടർന്നാണ് അഡ്‌മിറ്റ് ആക്കിയതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് ചികിത്സ ആരംഭിക്കുകയും ചെയ്തു. രക്തസമ്മർദ്ദം കുറവായതിനാൽ ന്യൂറോ സർജിക്കൽ ഐസിയുവിൽ അഡ്‌മിറ്റായ രോഗിയെ രക്തസമ്മർദ്ദം സാധാരണനിലയിൽ ആയതിനെ തുടർന്ന് കാലിന്റെ ഓപ്പറേഷന് വേണ്ടി തീയറ്ററിൽ എത്തിച്ച് ഇന്നു പുലർച്ചെ നാല് മണിയോടെ ഓപ്പറേഷൻ പൂർത്തിയാക്കി പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേക്ക് മാറ്റുകയും രോഗിയുടെ ബന്ധുക്കളെ കാണിക്കുകയും രോഗിയുടെ വിവരങ്ങൾ അവരോട് ഡോക്ടർ വിശദമായി പറഞ്ഞു മനസ്സിലാക്കുകയും ചെയ്തിരുന്നു.
എന്നാൽ രാവിലെ 7:15 ഓടുകുടി രോഗിയുടെ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുകയും നില വഷളാവുകയും ചെയ്തതിനെതുടർന്ന് ഓർത്തോപീഡിക് സർജന്റെയും അനസ്‌തേഷ്യോളജിസ്‌റ് ന്റെയും നേതൃത്വത്തിൽ രോഗിക്ക് ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെയാണ് ജീവനക്കാരുടെ അനാസ്ഥയാണെന്ന് രോഗി മരിക്കാനിടയായതെന്നു ആക്ഷേപിച്ചുകൊണ്ട് രോഗിയുടെ നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നൂറോളം വരുന്ന ആളുകൾ ആശുപത്രി ഐസിയുവിലെത്തി പ്രതിഷേധിച്ചത്.സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്