- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട്; ഇത് ബിജെപിയും കോൺഗ്രസുകാരും ചേർന്ന് നടത്തുന്ന ഒരു നാടകമാണെന്നും മന്ത്രി ഇ പി ജയരാജൻ; സെക്രട്ടേറിയറ്റിനകത്ത് ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളതെന്നും ആരോപണം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം കോൺഗ്രസും ബീജെപിയും ചേർന്ന് നടത്തിയ നാടകമെന്ന ആരോപണവുമായി മന്ത്രി ഇ പി ജയരാജൻ. തീപിടുത്തതെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ അരങ്ങേറിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കനെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട്. ഇത് ബിജെപിയും കോൺഗ്രസുകാരും ചേർന്ന് നടത്തുന്ന ഒരു നാടകമാണ്. സെക്രട്ടേറിയറ്റിനകത്ത് ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ജനങ്ങളെല്ലാം ഇതിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വരണം' ഇ പി ജയരാജൻ പറഞ്ഞു. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായി പൊലീസും ഫയർഫോഴ്സും ജീവനക്കാരും കൂടി അത് അണച്ചു. അപ്പോഴേക്കും പ്രഖ്യാപനങ്ങൾ തുടങ്ങി. കാര്യങ്ങൾ എല്ലാം ചീഫ് സെക്രട്ടറി പറഞ്ഞില്ലേ? പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഓരോ രംഗവും സൃഷ്ടിച്ചെടുക്കുക, അതിന് വേണ്ടി പ്രയത്നിക്കുക ഇതാണിപ്പോ പ്രതിപക്ഷത്തിന്റെ പക്കലുള്ള ആയുധം. അതാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിയുമെന്നും ജയരാജൻ പഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനുള്ള നടപടിയാണ് സെക്രട്ടറിയേറ്റിൽ അരങ്ങേറിയിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തിന്റെ രേഖകളെല്ലാം സെക്രട്ടേറിയറ്റിലാണോ കസ്റ്റംസുകാർ വച്ചിരിക്കുന്നതെന്നും പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടേയെന്നും ജയരാജൻ ചോദിക്കുന്നു. യുഡിഫും ബിജെപിയും യോജിച്ച് നിയമസഭയിൽ തോറ്റതിന് തെരുവിൽ ഇറങ്ങുകയാണ്. അക്രമം കാണിക്കുകയാണെന്നും മന്ത്രി ആരോപിക്കുന്നു.
സെക്രട്ടറിയേറ്റ് കലാപ ഭൂമിയാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായും വ്യാപക അക്രമം നടത്താൻ കോൺഗ്രസ് ബിജെപി നേതാക്കൾ ശ്രമിക്കുകയാണെന്നും ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. അക്രമങ്ങളെ നേതാക്കൾ പ്രോത്സാഹിപ്പിക്കരുത്. വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് കരുതുന്നു. ശാസ്ത്രീയമായി അന്വേഷണം നടത്താനാകും. അതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രശ്നം വഷളാക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
സെക്രട്ടേറിയറ്റിലെ തീപിടിത്തം സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകൾ നശിപ്പിക്കാനെന്ന സംശയം ഉയർന്നതോടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. പതിവില്ലാതെ ചീഫ് സെക്രട്ടറി തന്നെ രംഗം ശാന്തമാക്കാൻ ഇടപെടുന്നത് കണ്ടു. ബിജെപിയും കോൺഗ്രസ്സും സംഭവം രാഷ്ട്രീയവത്കരിച്ചതോടെ സെക്രട്ടേറിയറ്റ് പരിസരം സംഘർഷഭരിതമായി. തീപിടിത്തം ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എ. കൗശിഗൻ സംഭവം അന്വേഷിക്കും. തീപിടിത്തത്തിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.
സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും നശിച്ചുവെന്നും നാളെ യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ആരുടെയും തറവാട്ട് സ്വത്തല്ല. സെക്രട്ടേറിയേറ്റിന് മുന്നിൽ അസാധാരണ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഫയൽ തീയിൽ വേകുമ്പോൾ നോക്കി നിൽക്കണോ, ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടുന്നത് വരെ പുറത്ത് കുത്തിയിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് പിന്നീട് ഗവർണറെ കണ്ടു.
സെക്രട്ടേറിയറ്റിന്റെ മൂന്ന് സെക്ഷനുകളിലാണ് തീപിടിത്തം ഉണ്ടായതെന്നും വിദേശയാത്രയുടെ ബന്ധപ്പെട്ടതും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ രഹസ്യ ഫയലുകളാണ് നശിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. 'നശിച്ചത് അല്ലെങ്കിൽ നശിപ്പിച്ച് കളഞ്ഞത്' എന്നാണ് എന്നാണ് അദ്ദേഹം തീപിടിത്തത്തെ കുറിച്ച് വിശദീകരിച്ചത്. സംഭവസ്ഥലം സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും മറ്റ് കോൺഗ്രസ് നേതാക്കന്മാരെയും അധികൃതർ അനുവദിച്ചിരുന്നു. തീപിടുത്തം സംബന്ധിച്ച് താൻ റവന്യു സെക്രട്ടറിയുമായും ആഭ്യന്തര സെക്രട്ടറിയുമായും ചർച്ചകൾ നടത്തിയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ധാരാളം ഫയലുകൾക്ക് തീപിടിച്ചിരിക്കുന്നുവെന്നും സ്വർണക്കടത്തിന്റെ അന്വേഷണവുമായും ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വി.വി.ഐ.പികളെ ഡെസിഗ്നേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടുവെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സർക്കാരിന് ഒരു വി.വി.ഐ.പി ആണെന്നും അദ്ദേഹം ആരോപിച്ചു.
മറുനാടന് ഡെസ്ക്