കൊച്ചി: മുൻ മന്ത്രി ഇ പി ജയാരാജൻ ഉൾപ്പെട്ട ബന്ധു നിയമന കേസ് അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനം. ഇക്കാര്യം വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. മന്ത്രിസഭാ തീരുമാനം തിരുത്താൻ ആവശ്യപ്പെടാൻ വിജിലൻസിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജനവികാരത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിജിലൻസ് പൊലീസിന്റെ ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് അവസാനിപ്പിക്കുന്നെന്ന് കോടതിയിൽ വ്യക്തമാക്കിയപ്പോഴാണ് കടുത്ത വിമർശനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

 

ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുന്മന്ത്രി ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. പ്രസ്തുത നിയമനം വഴി സാമ്പത്തികമായോ അല്ലാതെയോ ആരും നേട്ടമുണ്ടാക്കിയിട്ടില്ല. അതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

പ്രതികൾ സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഉണ്ടാക്കിയെങ്കിൽ അത് വ്യക്തമാക്കണമെന്നു കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി എംപിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇഎൽ) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതാണ് ജയരാജനെതിരായ കേസ്.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കു ശുപാർശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞ ജയരാജൻ സ്വന്തം നിലയ്ക്കാണു സുധീറിനെ നിയമിക്കാൻ നിർദ്ദേശം നൽകിയതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ബന്ധുനിയമന വിവാദത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ജയരാജന്റെ മന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇ പി ജയരാജൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സ്വജനപക്ഷപാതം എന്നത് ഇ പി ജയരാജന്റെ കാര്യത്തിൽ നടന്നുവെന്ന കാര്യം വ്യക്തമാണ് താനും. ഇക്കാര്യം വ്യക്തമാക്കിയാണ് പാർട്ടി കേന്ദ്ര കമ്മിറ്റി ഇ പി ജയരാജനെ പരസ്യമായി ശാസിച്ചത്. അതുകൊണ്ട് തന്നെ വീണ്ടും അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് പാർട്ടി താൽപ്പര്യം അനുസരിച്ചായിരിക്കും.