തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽപ്പെട്ട് മന്ത്രിപദവിയൊഴിഞ്ഞ ഇ പി ജയരാജൻ ആ വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയതോടെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇക്കാര്യത്തിൽ പാർട്ടിയിൽ സജീവ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.

പിണറായി മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ട ജയരാജൻ മുഖ്യമന്ത്രിക്കും ഏറെ പ്രിയങ്കരനായിരുന്നു. എന്നാൽ ബന്ധുനിയമന വിഷയത്തിനപ്പുറം പാർട്ടിയിലെ ചില പ്രശ്‌നങ്ങളുംകൂടിയാണ് ജയരാജന് മന്ത്രിപദം നഷ്ടപ്പെടുത്തിയതെന്ന സൂചനകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ജയരാജൻ തിരിച്ചെത്താൻ സാധ്യതകൾ തെളിഞ്ഞുവെന്ന വിവരമാണ് ലഭിക്കുന്നത്.

ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട നൽകിയ സാഹചര്യത്തിലാണ് മടങ്ങിവരവിന് സാധ്യത തെളിയുന്നത്. ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന് പിണറായിക്കുണ്ടായിരുന്നു. എന്നാൽ കോടിയേരിക്ക് അത്തരമൊരു താത്പര്യം ഉണ്ടായിരുന്നില്ല.

വിജിലൻസ് കേസിൽ തീരുമാനം ആയ ശേഷമേ പുതിയ മന്ത്രിയെ നിയമിക്കൂ എന്ന നിലപാടെടുക്കുകയും ആ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന സ്ഥിതി പാർട്ടി ഉന്നതതലത്തിൽ ഇടപെട്ട് കോടിയേരി തന്നെ അട്ടിമറിക്കുകയായിരുന്നുവെന്ന ആക്ഷേപവും ഉയർന്നു. വിജിലൻസ് തീർപ്പ് വരുന്നതിന് മുമ്പ് എംഎം മണിയെ മന്ത്രിപദവിയിൽ എത്തിക്കാൻ കോടിയേരി നടത്തിയ നീക്കങ്ങൾ ഫലം കണ്ടതോടെയാണ് നേരത്തേ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയത്. അതിന്റെ ഭാഗമായി എസി മൊയ്തീൻ, കടകംപള്ളി, എന്നിവരുടെ വകുപ്പുകളിൽ മാറ്റംവരുത്തി വൈദ്യുതി വകുപ്പ് മണിയെ ഏൽപ്പിക്കുകയും ചെയ്താണ് പുനഃസംഘടന നടന്നത്. എംഎം മണിയെ മാറ്റി ജയരാജനെ ഉൾപ്പെടുന്ന കാര്യത്തിൽ കോടിയേരിയും എതിർപ്പ് പ്രകടിപ്പിക്കുമെന്നാണ് സൂചനകൾ.

ജേക്കബ് തോമസ് ജയരാജനെ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ലെന്നും അങ്ങനെയാണ് അദ്ദേഹത്തെ സർക്കാർ ഒഴിവാക്കി ഇപ്പോൾ ബെഹ്‌റയെ വിജിലൻസ് തലപ്പത്തുകൊണ്ടുവന്ന ശേഷം ജയരാജന് അനുകൂലമായി റിപ്പോർട്ടുണ്ടാക്കിയതെന്നും ആരോപണങ്ങൾ ഉയർന്നുതുടങ്ങി. ലോകനാഥ്ബഹ്‌റയുടെ ആദ്യ റിപ്പോർട്ടാണ് ജയരാജൻ കേസ് എന്നതിനാൽ ബെഹ്‌റയെ ആ സ്ഥാനത്തുകൊണ്ടുവന്നതിന് പിന്നിൽ സർക്കാരിന് താൽപര്യമുള്ള വിജിലൻസ് കേസുകളിൽ ഇടപെടാൻ വേണ്ടിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ജയരാജൻ സ്വാർത്ഥ ലാഭത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് ബെഹ്‌റയുടെ കണ്ടെത്തൽ. ജയരാജൻ ജോലി നൽകിയവരാരും സർക്കാർ ശമ്പളം വാങ്ങിയിട്ടില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

എന്നാൽ ജയരാജന്റെ തിരിച്ചുവരവിന് ഇതിനകം തന്നെ കോടിയേരിപക്ഷം സമർത്ഥമായി തടയിട്ടുവെന്ന നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. ജയരാജനെ മാറ്റുന്നതിന്റെ അടുത്ത ദിവസങ്ങളിൽ ചേർന്ന പാർട്ടി യോഗങ്ങളിൽ പികെ ശ്രീമതിയെ സംസാരിക്കാൻ അനുവദിക്കാതെ വിലക്കിയതും ചർച്ചചെയ്യപ്പെട്ടു. ജയരാജന് പാർട്ടി കേന്ദ്രകമ്മിറ്റി പരസ്യ താക്കീത് നൽകിയ വിഷയത്തിലാണ് ഇപ്പോൾ വിജിലൻസ് സ്വജന പക്ഷപാതമില്ലെന്ന് കണ്ടെത്തിയതും വരും ദിവസങ്ങളിൽ വലിയ ചർച്ചയായി മാറുമെന്നാണ് ലഭിക്കുന്ന വിവരം.

ജയരാജൻ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയാലും അദ്ദേഹത്തിന് വ്യവസായ വകുപ്പ് നൽകാൻ സാധ്യതയില്ലെന്നും അതേ സമയം മറ്റേതെങ്കിലും പ്രധാന വകുപ്പ് നൽകുമെന്നും സൂചനകൾ വരുന്നുണ്ട്. മന്ത്രി സ്ഥാനം പോയതോടെ ജയരാജൻ പാർട്ടി നേതാക്കളിൽ നിന്നും അകന്ന് കഴിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ തിരിച്ചുവരുമെന്ന സൂചനകളുമായി ചില അടുപ്പക്കാരോട് അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. നിർണായക സന്ദർഭത്തിൽ തന്നെ ആരും സഹായിച്ചില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അടുത്ത ബന്ധുവും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ ശ്രീമതി ടീച്ചറുടെ മകൻ സുധീർ നമ്പ്യാരുടെ നിയമനത്തിൽ ജയരാജൻ ഇടപ്പെട്ടത് ഗുരുതരമായ തെറ്റ് തന്നെയാണെന്നും വിജിലൻസ് 'സാങ്കേതികമായ' കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റവിമുക്തമാക്കിയത് പാർട്ടിയുടെ നിലപാട് മാറ്റത്തിന് ഒരിക്കലും കാരണമാകുന്നില്ലന്ന നിലപാടും ഉയർത്തിയാണ് ജയരാജന്റെ മടങ്ങിവരവിനെ പ്രതിരോധിക്കാൻ മറുപക്ഷം കോപ്പുകൂട്ടുന്നത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാകും. തെറ്റ് ഏറ്റുപറയുകയും അത് തിരുത്തുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാരെ ഏറെക്കാലം പാർലമെന്ററി രംഗത്ത് നിന്നും മാറ്റി നിർത്തുന്ന പതിവ് സിപിഎമ്മിന് ഇല്ലാത്തതിനാൽ ജയരാജന്റെ തിരിച്ച് വരവ് അസാധ്യമൊന്നുമല്ലന്ന് ഇടതുപക്ഷ ബുദ്ധിജീവികളും വിലയിരുത്തുന്നു.

കേസ് നിലനിൽക്കില്ല എന്ന നിലപാട് നേരത്തെ തന്നെ സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നു. ഈ വിഷയത്തിൽ സർക്കാരും വിജിലൻസും വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഹൈക്കോടതിയുടെ വിമർശനത്തിനും കാരണമായിരുന്നു. കേസിൽ നേട്ടം രാഷ്ട്രീയക്കാർക്ക് മാത്രമെന്നായിരുന്നു കഴിഞ്ഞവട്ടം കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതിയുടെ വിമർശനം ആരെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്ന ചോദ്യത്തിന് നിയമനം നടത്തിയതിന് തൊട്ടടുത്തദിവസം തന്നെ അത് റദ്ദാക്കിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി.

ചോദിച്ച ചോദ്യത്തിനുള്ള കൃത്യമായ മറുപടിയല്ല ഇതെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് കേസ് നിലനിൽക്കുന്നതല്ല എന്ന് വ്യക്തമാക്കി വിജിലൻസ് മറുപടി നൽകിയിരിക്കുന്നത്. ഇ പി ജയരാജൻ മന്ത്രിയായിരിക്കെ കെഎസ്ഐഡിസി എംഡിയായി നിയമിതനായ സുധീർ നമ്പ്യാരാണ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.