തിരുവനന്തപുരം: മന്ത്രിസഭയിലെ രണ്ടാമനെന്ന വിളിപ്പേരുണ്ടായിരുന്ന ഇ പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളായാണു കരുതപ്പെട്ടിരുന്നത്. എന്നാൽ, ബന്ധുനിയമന വിവാദം ജയരാജനെ എല്ലാ അർഥത്തിലും തകർത്തുവെന്നാണു പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

പാർട്ടി യോഗത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിക്കും വരെ പുതിയ മന്ത്രിയെക്കുറിച്ചുള്ള വിവരം ഇ പി ജയരാജൻ അറിഞ്ഞിരുന്നില്ലെന്നാണു സൂചന. അതുകൊണ്ടുതന്നെ തീരുമാനത്തിൽ പ്രതിഷേധിച്ചു പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ നിന്ന് ഇ പി ഇറങ്ങിപ്പോയെന്നാണു ചാനലുകളിൽ വന്ന റിപ്പോർട്ട്.

ബന്ധുനിയമനം താൻ മാത്രമല്ല നടത്തിയതെന്നും കോടിയേരി ബാലകൃഷ്ണനും എ കെ ബാലനുമൊക്കെ ബന്ധുനിയമനം നടത്തിയവരാണെന്നും ഇ പി പറഞ്ഞതായാണു റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

മന്ത്രിസഭാ പുനഃസംഘടനയിൽ അതൃപ്തിയുണ്ടെന്നു വെളിവാക്കുന്നതായിരുന്നു ഇ പിയുടെ പ്രതികരണമെന്നാണു പുറത്തുവരുന്ന വാർത്തകൾ. പാർട്ടി തന്നോടു കാര്യങ്ങൾ വ്യക്തമാക്കിയില്ലെന്ന് ജയരാജൻ ആരോപിക്കുകയും ചെയ്തതായും ചാനലുകൾ റിപ്പോർട്ടു ചെയ്തു.

പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പുതിയ മന്ത്രിയുണ്ടെന്ന് സെക്രട്ടേറിയറ്റിൽ അറിയിച്ചത്. ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നു സൂചിപ്പിച്ചാണു ജയരാജൻ എതിർപ്പിന്റെ സ്വരമുയർത്തിയത്. കോടിയേരിയും മന്ത്രി എ കെ ബാലനും ബന്ധുനിയമനം നടത്തിയെന്നും ജയരാജൻ പറഞ്ഞു. തുടർന്ന് ജയരാജൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണു വിവരം.

ഇ പിക്കു മന്ത്രിസ്ഥാനം നഷ്ടമായത് ബന്ധു നിയമനം വിവാദത്തോടെയാണ്. വ്യവസായ മന്ത്രിയായിരുന്ന ഇ പി ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവയ്ക്കുകയായിരുന്നു. പാർട്ടി അംഗങ്ങളിൽ നിന്നുവരെ കടുത്ത എതിർപ്പാണു ഇ പിക്കെതിരെ ഉയർന്നത്. അതിനു പിന്നാലെയായിരുന്നു രാജി.

ജയരാജന്റെ രാജിയെ തുടർന്നാണു പിണറായി വിജയൻ സർക്കാരിന് ആറു മാസത്തിനകം അടുത്ത മന്ത്രിയെ തേടേണ്ടി വന്നത്. മറ്റൊരു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ എം എം മണി മന്ത്രിസഭയിൽ എത്തുന്നതോടെ ജയരാജനു മന്ത്രിസഭയിലേക്ക് ഉടൻ മടങ്ങാനാവില്ലെന്നാണു സൂചന.

എം എം മണിക്കു വൈദ്യുതി വകുപ്പും നിലവിൽ സഹകരണവകുപ്പു മന്ത്രിയായ എ സി മൊയ്തീന് വ്യവസായ വകുപ്പും കായികവും നൽകുമെന്നാണു പുറത്തുവരുന്ന സൂചനകൾ. നിലവിലെ വൈദ്യുതി മന്ത്രിയായ കടകംപള്ളി സുരേന്ദ്രനു സഹകരണവകുപ്പു ലഭിക്കും. ദേവസ്വം വകുപ്പിന്റെ ചുമതല കടകംപള്ളിക്കു തന്നെയായിരിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.