ന്യൂഡൽഹി: ബന്ധു നിയമനവിവാദം ചർച്ച ചെയ്യേണ്ട സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽനിന്ന് ഇ പി ജയരാജൻ അവധിയെടുത്തു. ഇന്നു രാവിലെ പാർട്ടി പൊളിറ്റ് ബ്യൂറോയ്ക്കു തൊട്ടുമുമ്പാണു ശാരീരികാസ്വാസ്ഥ്യം കാട്ടി ജയരാജൻ അവധിക്ക് അപേക്ഷ നൽകിയത്. സംസ്ഥാന വിജിലൻസ് എടുത്ത കേസ് ഹൈക്കോതി സ്‌റ്റേ ചെയ്തിരുന്നു. എന്നാൽ വീഴ്ച പറ്റിയെന്നാണു പാർട്ടിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇ പി ജയരാജനും പി കെ ശ്രീമതിക്കും എതിരേ താക്കീതോ ശാസനയോ ഉണ്ടാകാനുള്ള സാധ്യതനിലനിൽക്കുകയാണ്.

ഇന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇരുവരിൽനിന്നും വിശദീകരണം കേട്ട ശേഷം നടപടി തീരുമാനിക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. പി കെ ശ്രീമതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇ പി പങ്കെടുക്കാത്ത സാഹചര്യത്തിൽ വിഷയം അടുത്ത കേന്ദ്രകമ്മിറ്റിയിലേക്കു മാറ്റുമെന്നാണ് അറിയുന്നത്. ഇതു ലക്ഷ്യമിട്ടാണ് യോഗത്തിൽനിന്നു ജയരാജൻ അവധിയെടുത്തതെന്നാണു സൂചന. പി കെ ശ്രീമതിയുടെ മകൻ പി കെ സുധീറിനെയാണു വ്യവസായ മന്ത്രിയായി ഇ പി ചുമതലയേറ്റ ഉടനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഓൺട്രപൈസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. എന്നാൽ, ഇ പി ജയരാജന്റെ ബന്ധുകൂടിയായ സുധീറിനെ നിയമിച്ചതിൽ വിവാദം പുകയും സുധീറും ജയരാജനും രാജിവയ്്ക്കുകയുമായിരുന്നു.

ജയരാജനു വീഴ്ച പറ്റിയെന്നായിരുന്നു വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട്. ഇതിനെതിരേ ജയരജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു കേസ് പരിശോധിച്ച ഹൈക്കോടതി സ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിന് സാധ്യതയില്ലെങ്കിൽ കേസ് എഴുതിത്ത്തള്ളണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് ഇ പി ജയരാജൻ മടങ്ങിവരുമോ എന്നു പോലും സംശയിച്ചിരുന്നു. എന്നാൽ വീഴ്ചപറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇ പിയെ മന്ത്രിസഭയിൽ തിരിച്ചുകൊണ്ടുവരേണ്ടെന്നാണു സിപിഐഎം തീരുമാനം.

രാജിവയ്‌ക്കേണ്ടിവന്നതിലും അവശ്യഘട്ടത്തിൽനിന്നു പാർട്ടിയിൽനിന്നു വേണ്ട പിന്തുണ കിട്ടാതിരുന്നതിലും ഇ പി ജയരാജൻ അതൃപ്തനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു തരത്തിലും പിന്തുണച്ചില്ലെന്നും പാർട്ടി പത്രം പോലും എതിരായെന്നും ഇ പി ജയരാജനുമായി അടുപ്പമുള്ളവർ വിലയിരുത്തുന്നുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയെയും ഇ പി ജയരാജനെയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കോ സംസ്ഥാന സമിതിയിലേക്കോ തരം താഴ്‌ത്താൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ശാസനയിലോ താക്കീതിലോ നടപടി ഒതുങ്ങിയേക്കും. പാർട്ടി കേന്ദ്രകമ്മിറ്റിയിലും തനിക്ക് അനുകൂലമായ നിലപാടൊന്നും ഉണ്ടാകില്ലെന്നും ജയരാജൻ ഉറപ്പിച്ച സാഹചര്യത്തിലാണ് ഇന്നു യോഗത്തിൽനിന്നു മാറിനിൽക്കുന്നതെന്നാണു വിലയിരുത്തൽ.

അതേസമയം, ഇന്നത്തെ കേന്ദ്രകമ്മിറ്റി യോഗം പിണറായി വിജയൻ സർക്കാരിന് അത്ര സുഖകരമായിരിക്കില്ല. വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾ വിമർശനം വിളിച്ചുവരുത്തും. സിപിഐയുമായുള്ള തർക്കവും പൊലീസിന്റെ വിവിധ കേസുകളിലെ ഇടപെടലുകളും യോഗം ചർച്ച ചെയ്യും. ജിഷ്ണു പ്രണയോയിയുടെ അമ്മ മഹിജയ്‌ക്കെതിരേ പൊലീസ് ആസ്ഥാനത്തു നടന്ന പൊലീസ് നടപടിയിൽ വി എസ് അച്യുതാനന്ദൻ നേരത്തേ കേന്ദ്രകമ്മിറ്റിയെ അതൃപ്തി അറിയിച്ചിരുന്നു. ഇതും യോഗം ചർച്ച ചെയ്‌തേക്കും.