- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായ മന്ത്രി ഇ.പി. ജയരാജന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ; ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്; സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി; ഇ പി ജയരാജനെയും ഭാര്യയെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന് കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തൽ കഴിയവേയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്കൊപ്പം ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇ പി ജയരാജനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി മാറ്റിയിട്ടുണ്ട്. മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിൽ നേതാക്കളൊട്ടാകെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുമടക്കം 18 മുതിർന്ന നേതാക്കളാണ് ക്വാറന്റീനിൽ കഴിയുന്നത്.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ 16 അംഗ സംസ്ഥാന സെക്രട്ടറിയേറ്റാണ് സിപിഎമ്മിന്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി. കരുണാകരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, എളമരം കരീം, എ.കെ. ബാലൻ, എം വി ഗോവിന്ദൻ, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി, കെ.ജെ തോമസ്, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. ഇതിൽ നേരത്തേ സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി എ.കെ. ബാലൻ മാത്രമാണ് സെക്രട്ടേറിയറ്റിൽ പങ്കെടുക്കാതിരുന്നത്.
സെക്രട്ടേറിയറ്റ് അംഗങ്ങളെ കൂടാതെ നിലവിൽ തിരുവനന്തപുരത്തുള്ള പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.കെ. ശൈലജയും കെ. രാധാകൃഷ്ണനും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. മറ്റൊരു കേന്ദ്രകമ്മിറ്റി അംഗവും വനിത കമ്മിഷൻ ചെയർപേഴ്സണുമായ എം.സി. ജോസഫൈൻ പങ്കെടുത്തിരുന്നില്ല. സെക്രട്ടറിയേറ്റിൽ പങ്കെടുത്ത ഇപിക്ക് കോവിഡ് സ്ഥിരീകി്കുകയും ചെയ്തു.
സെപ്റ്റംബർ നാലിനായിരുന്നു സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അവസാനം ചേർന്നത്. കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകവെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃനിര ഒട്ടാകെ ക്വാറന്റീനിൽ പ്രവേശിക്കേണ്ടിവരുന്നത് ഇതാദ്യം. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ സംഭവ വികാസങ്ങൾ ഉരുത്തിരിയുമ്പോഴാണ് ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് പുതിയ പ്രതിസന്ധി.
മറുനാടന് മലയാളി ബ്യൂറോ