- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിൽ പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്ക്; സ്രവ പരിശോധന നടത്തിയ ശേഷം പോയത് ക്വാറന്റീൻ ലംഘനമായി കണക്കാക്കാൻ ആകില്ലെന്നും വാദം; ലോക്കർ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ; തെറ്റായ വാർത്ത കൊടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി കെ ഇന്ദിര; മന്ത്രിപത്നിയുടെ ബാങ്ക് സന്ദർശനത്തിന്റെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചതായും സൂചനകൾ
കണ്ണൂർ: കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ക്വാറന്റൈനിലായിരുന്ന മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്ക് സന്ദർശിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ലോക്കർ വിവാദത്തിൽ പ്രതികരിച്ചു കൊണ്ട് മന്ത്രിപത്നി നേരത്തെ രംഗത്തു വന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് താൻ ബാങ്കിൽ പോയത്. തെറ്റായ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.കെ ഇന്ദിര പറഞ്ഞു.
കോവിഡ് പരിശോധനയുടെ ഭാഗമായി സ്രവ പരിശോധന നടത്തിയ ശേഷമാണ് ബാങ്കിൽ പോയത്. ഇതിനെ ക്വാറന്റൈൻ ലംഘനമായി കാണാനാവില്ലെന്നും പി.കെ ഇന്ദിര അറിയിച്ചു.അതേസമയം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിപത്നിയുടെ ബാങ്ക് സന്ദർശനത്തിന്റെ വിവരങ്ങൾ ശേഖരിച്ചുവെന്നാണ് വിവരം. ഇന്ദിരയുടെ ബാങ്ക് സന്ദർശനത്തിൽ വിശദീകരണം തേടി എൻഫോഴ്സ്മെന്റ് ഏജൻസി ബാങ്കിനെ ബന്ധപ്പെട്ടെന്നാണ് സൂചന.
കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് പി.കെ ഇന്ദിര കണ്ണൂരിലെ കേരള ബാങ്കിലെത്തിയത്. അടുത്ത ദിവസം പരിശോധനാഫലം വന്നപ്പോൾ മന്ത്രിയുടെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് ബാങ്കിൽ വച്ച് ഇന്ദിരയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്ദിരയുടെ ബാങ്കിലെ സന്ദർശനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ദിരയുടെ ബാങ്കിലെ സന്ദർശനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തുകയും ചെയ്തിരുന്നു.
പി കെ ഇന്ദിര ക്വാറന്റീൻ ലംഘനം നടത്തിയത് ഇവരുടെ മകൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണെന്നായിരുന്നു മലയാള മനോരമ റിപ്പോർട്ടു ചെയ്തത്. ഇതേ ശാഖയിൽ സീനിയർ മാനേജരായി വിരമിച്ച ആളാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയതിനു ശേഷം ക്വാറന്റീനിൽ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവർ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനിൽ കഴിയണം. ബാങ്കിൽ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേർ ക്വാറന്റീനിൽ പോകേണ്ടിവരികയും ചെയ്തു.
വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവൻ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാർ ചൂണ്ടിക്കാട്ടിയെന്നുമാണ് മനോരമ റിപ്പോർട്ടിൽ പറയുന്നത്. ഇതേ തുടർന്നാണ് ഗോൾഡ് അപ്രൈസർ ക്വാറന്റീനിൽ പോകേണ്ടി വന്നത്. സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് ചില ഇടപാടുകളും നടത്തി. സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ജീവനക്കാരനും ലോക്കർ തുറക്കാൻ ഒപ്പം ചെന്ന മാനേജരും ക്വാറന്റീനിൽ പോകേണ്ടി വന്നു.
ക്വാറന്റീൻ ലംഘിച്ച് ഇന്ദിര വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കർ രജിസ്റ്ററിൽ ഒപ്പുവച്ചിട്ടുമുണ്ട്. ലോക്കറിൽ നിന്ന് എന്താണ് എടുക്കുന്നതെന്നു ബാങ്കിൽ വെളിപ്പെടുത്തേണ്ടതില്ല. പൊലീസ് കേസെടുക്കാവുന്ന കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തി അടിയന്തരമായി ലോക്കർ തുറക്കേണ്ടി വന്ന സാഹചര്യം സംബന്ധിച്ചാണ് സംശയം ഉയരുന്നത്.
ബാങ്കിലെ 4 ലോക്കറുകളുടെ താക്കോൽ ഏറെക്കാലമായി കാണാതായതു സംബന്ധിച്ചും ദുരൂഹതയുണ്ടന്നും മനോരമ വാർത്തയിൽ പറയുന്നു. ആർക്കും കൈമാറാത്ത ലോക്കറുകളുടെ താക്കോൽ നഷ്ടപ്പെട്ടതായി മുൻപ് ജില്ലാ ബാങ്ക് മാനേജർ, ജനറൽ മാനേജർക്കു റിപ്പോർട്ട് നൽകിയിരുന്നു. താക്കോൽ കാണാതായാൽ നിയമപരമായി ലോക്കർ ബ്രേക്ക്ഓപ്പൺ ചെയ്തു പുതിയ താക്കോൽ നിർമ്മിക്കണമെന്നാണു നിയമം. എന്നാൽ ഇതുവരെ ബാങ്ക് അധികൃതർ നടപടിയെടുത്തിട്ടില്ല.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്സ്മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ